24.5 C
Kollam
Thursday 18th December, 2025 | 06:09:58 AM
Home Blog Page 1109

അക്ഷയ തൃതീയ ആവേശത്തിൽ സ്വർണ വിപണി

അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വിപണിയിൽ കുതിപ്പ്. കഴിഞ്ഞ ദിവസം രാജ്യാന്തര സ്വർണവിലയിൽ ചാഞ്ചാട്ടം ഉണ്ടായി. ഔൺസിന് 22 ഡോളർ ഇടിഞ്ഞ് 3,313 ഡോളറിലാണ് ഇന്ത്യൻ സമയം ചൊവ്വ വൈകിട്ട് 8.20 വ്യാപാരം നടന്നത്. രാജ്യാന്തര വിലയിൽ ഓരോ ഡോളർ കുറയുമ്പോഴും കേരളത്തിൽ ഗ്രാമിന് ശരാശരി രണ്ടു രൂപയെങ്കിലും കുറയും.

സംസ്ഥാനത്ത് ചൊവ്വാഴ്ച ഗ്രാമിന് 40 രൂപ വർധിച്ച് വില 8,980 രൂപയും പവന് 320 രൂപ ഉയർന്ന് 71,840 രൂപയുമാണ്. ഇക്കുറി അക്ഷയതൃതീയക്ക് കേരളത്തിലെ സ്വർണാഭരണ വിൽപന 1,500 കോടി രൂപ കടന്നേക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. 2023ലും 2024ലും 1,500 കോടി രൂപ കടന്നിരുന്നു.

ഇത്തവണ താരതമ്യേന വില വൻതോതിൽ കൂടി നിൽക്കുന്നുണ്ടെങ്കിലും വിറ്റുവരവിനെ അതു ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. അക്ഷയതൃതീയക്ക് സ്വർണം വാങ്ങുന്നതിനായി മുൻകൂർ ബുക്കിങ്ങുകളും സജീവമായിരുന്നു. സ്വർണനാണയം, മോതിരം, കമ്മൽ, മൂക്കുത്തി എന്നിവയ്ക്കാണ് കൂടുതൽ ഡിമാൻഡ്.

സാധാരണ ദിനങ്ങളിൽ കേരളത്തിൽ ശരാശരി 250-300 കോടി രൂപയുടെ സ്വർണാഭരണ വിൽപന നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഓരോ സാമ്പത്തിക വർഷത്തെയും ശരാശരി വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയും. അക്ഷയതൃതീയ ദിനത്തിൽ വിറ്റുവരവ് 1,000 കോടി രൂപ കവിയാറുമുണ്ട്. 2024ലെ അക്ഷയതൃതീയ ദിനമായ മേയ് 10ന് കേരളത്തിൽ പവൻവില 53,600 രൂപയും ഗ്രാം വില 6,700 രൂപയുമായിരുന്നു.

ഇത്തവണയും സംസ്ഥാനത്തെ ചെറുതും വലുതുമായ സ്വർണാഭരണശാലകളെല്ലാം അക്ഷയതൃതീയ ഓഫറുകളുമായി സജീവമാണ്. പണിക്കൂലിയിൽ ഇളവിനു പുറമെ ആകർഷക സമ്മാനങ്ങളും പല ജ്വല്ലറികളും വാഗ്ദാനം ചെയ്യുന്നു. സ്വർണത്തിനു പുറമെ വജ്രാഭരണങ്ങൾക്കും വെള്ളിയാഭരണങ്ങൾക്കും ഓഫറുകളുണ്ട്.

എന്താണ് അക്ഷയതൃതീയ?

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണിത്. ശുഭകാര്യങ്ങൾക്ക് ഏറ്റവും ഉത്തമമായ മാസമാണത്രേ വൈശാഖം. അക്ഷയതൃതീയ ദിനത്തിൽ ചെയ്യുന്ന സത്കർമങ്ങളുടെ ഫലം മോശമാകില്ലെന്നാണ് വിശ്വാസം. ഈ ദിവസം സ്വർണം, വസ്ത്രം, വീട്, വാഹനം തുടങ്ങിയവ വാങ്ങാൻ ഉത്തമമാണെന്നും വിശ്വസിക്കപ്പെടുന്നു.

ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് എട്ട് മരണം

ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് എട്ട് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിലെ പുതുതായി നിര്‍മ്മിച്ച മതില്‍ ഇടിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ചന്ദനോത്സവം ഉത്സവത്തിനിടെ 20 അടി നീളമുള്ള മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മതില്‍ 20 ദിവസം മുമ്പ് നിര്‍മ്മിച്ചതാണെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) ടീമുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെ കിങ് ജോര്‍ജ് ആശുപത്രിയില്‍ (കെജിഎച്ച്) പ്രവേശിപ്പിച്ചു.
അപകട കാരണം വ്യക്തമല്ല. പ്രദേശത്ത് പുലര്‍ച്ചെ 2:30 നും 3:30 നും ഇടയില്‍ ശക്തമായ മഴ പെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ മഴയും കാറ്റും ഉണ്ടായതോടെ ഈ പ്രദേശത്ത് വലിയ വെള്ളക്കെട്ടുണ്ടായിരുന്നതായുമാണ് റിപ്പോര്‍ട്ട്.

ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രിയും ദുരന്തനിവാരണ മന്ത്രിയുമായ അനിത വന്ഗലപുടി രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തെത്തി. ചന്ദനോത്സവം ഉത്സവം അഥവാ ചന്ദന യാത്ര ഏപ്രില്‍ 30 നാണ് ക്ഷേത്രത്തില്‍ ആഘോഷിക്കുന്നത്.

പഹൽഗാം ഭീകരാക്രമണം: ഭീകരർ 4 ദിവസം മുൻപേ എത്തി? സൂചന നൽകി മലയാളി പകർത്തിയ ദൃശ്യങ്ങൾ

മുംബൈ: ഭീകരാക്രമണത്തിന് നാല് ദിവസം മുൻപ് ഭീകരർ പഹൽഗാമിൽ എത്തിയെന്ന സൂചന നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിനു മുൻപ് പഹൽഗാം സന്ദർശിച്ച പുണെ മലയാളിയായ ശ്രീജിത്ത് രമേശൻ പകർത്തിയ വിഡിയോയിലാണു ഭീകരർ എന്നു സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

ശ്രീജിത്തിന്റെ ആറു വ‍യസ്സുകാരിയായ മകൾ നൃത്തം ചെയ്യുന്നതിനിടെ പിന്നിലൂടെ രണ്ടു പേർ നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഭീകരാക്രമണം നടന്ന ബൈസരൺവാലി മേഖലയിൽ നിന്ന് ഏഴര കിലോമീറ്റർ അകലെ ബേതാബ് വാലിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഈ മാസം 18നാണ് ഈ മലയാളി കുടുംബം കശ്മീരിലെത്തിയത്. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് 24ന് പുണെയിൽ തിരിച്ചെത്തി.

പൊലീസ് പുറത്തുവിട്ട ഭീകരരുടെ നാല് ചിത്രങ്ങൾ കണ്ടപ്പോഴാണ് സാമ്യം തോന്നിയതെന്ന് ശ്രീജിത്ത് പറഞ്ഞു. അവരുടെ ഹെയർസ്റ്റൈൽ, ശരീരപ്രകൃതി എന്നിവയിൽ സാമ്യം തോന്നി. ഇക്കാര്യം ഡൽഹി എൻഐഎ ഓഫിസിൽ അറിയിച്ച ശ്രീജിത്ത്, മുംബൈ എൻഐഎ ഓഫിസിലെത്തി ദൃശ്യങ്ങൾ കൈമാറി. വിശദമായ മൊഴിയും രേഖപ്പെടുത്തി. ദൃശ്യങ്ങളെക്കുറിച്ച് എൻഐഎ സ്ഥിരീകരണം നടത്തിയിട്ടില്ല.

സഹപാഠിയുമായി സൗഹൃദം എതിർത്തു, കൊല്ലാൻ ഗൂഢാലോചന; ഓട്ടോഡ്രൈവർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

പരിയാരം: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രാധാകൃഷ്ണന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെയാണ്(42) അറസ്റ്റ് ചെയ്തത്. കേസിൽ രാധാകൃഷ്ണനെ വെടിവച്ച, ഒന്നാം പ്രതി സന്തോഷുമായി ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

കേസിൽ മൂന്നാം പ്രതിയാണ് മിനി. ഈ കേസിൽ തോക്ക് നൽകിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൈതപ്രത്ത്, പണിനടക്കുന്ന വീട്ടിൽവച്ച് മാർച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാറാണ് മിനിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

മിനിയുമായുള്ള സൗഹൃദം എതിർത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു.

ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. കൊലപാതകം നടന്ന ദിവസം വൈകിട്ട് ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. സന്തോഷ് വീട്ടിൽ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്.

രാഷ്ട്രപതിയിൽ നിന്ന് മകന്റെ ശൗര്യചക്ര ഏറ്റുവാങ്ങി, കാണാൻ അമിത് ഷായുമെത്തി; പക്ഷേ, ഇന്ന് ഷമീമയും നാടുവിടണം !

ശ്രീനഗർ: ഭീകരരോടു പൊരുതി വീരമൃത്യു വരിച്ച് ശൗര്യചക്ര പുരസ്കാരത്തിന് അർഹനായ കോൺസ്റ്റബിളിന്റെ അമ്മയാണ് ഷമീമ അക്തർ. എന്നാൽ പാക്ക് പൗരരെന്ന പേരിൽ നാടുകടത്താനായി വാഗാ അതിർത്തിയിലേക്കു കൊണ്ടുപോയിരിക്കുന്നവരുടെ കൂട്ടത്തിൽ ഷമീമയുമുണ്ട്.

ജമ്മു കശ്മീർ പൊലീസിലെ രഹസ്യസേനയുടെ ഭാഗമായിരുന്ന കോൺസ്റ്റബിൾ മുദസ്സിർ അഹമ്മദ് ഷെയ്ഖ് 2022 മേയിലാണ് കൊല്ലപ്പെട്ടത്. മരണാനന്തര ബഹുമതിയായി ലഭിച്ച ശൗര്യചക്ര പുരസ്കാരം ഷമീമയും റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് മുഹമ്മദ് മക്സൂദും ചേർന്നാണ് 2023 മേയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ഏറ്റുവാങ്ങിയത്. മുദസ്സിറിന്റെ മരണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഷമീമയെ സന്ദർശിച്ചിരുന്നു. ബാരാമുള്ളയിലെ പ്രധാന ജംക്‌ഷനു ഷഹീദ് മുദസ്സിർ ചൗക്ക് എന്നാണു പേര്.

‘ഷമീമ പാക്ക് അധിനിവേശ കശ്മീരിൽനിന്നുള്ളവളാണ്; അതു ഞങ്ങളുടെ പ്രദേശമാണ്. പാക്കിസ്ഥാനികളെ മാത്രമേ നാടുകടത്തേണ്ടിയിരുന്നുള്ളൂ’– മുദസ്സിറിന്റെ അമ്മാവൻ മുഹമ്മദ് യൂനുസ് പറഞ്ഞു. 45 വർഷമായി ഇവിടെ ജീവിക്കുന്നവരെ നാടുകടത്തരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും അപേക്ഷിക്കുന്നുവെന്നും പറഞ്ഞു.

കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം; 14 മരണം; മരിച്ചവരിൽ രക്ഷപ്പെടാനായി കെട്ടിടത്തിൽനിന്ന് ചാടിയ ആളും

കൊല്‍ക്കത്ത: ബംഗാളിലെ കൊൽക്കത്തയിൽ ഫാൽപട്ടി മച്ചുവയ്ക്ക് സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തിൽ 14 മരണം. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഋതുരാജ് ഹോട്ടൽ വളപ്പിൽ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൊൽക്കത്ത പൊലീസ് കമ്മിഷണർ മനോജ് കുമാർ വർമ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും കമ്മിഷണര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മരിച്ചവരില്‍ ഒരാള്‍ തീപിടിത്തത്തെ തുടര്‍‌ന്ന് രക്ഷപ്പെടാന്‍ ഹോട്ടലില്‍നിന്നു പുറത്തേക്ക് ചാടിയതാണെന്നാണ് വിവരം. ഇത്തരത്തില്‍ ചാടിയ മറ്റൊരാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. രക്ഷപ്പെടാനായി ടെറസിലേക്ക് ഓടിയെത്തിയ ഒട്ടേറെ പേരെ ഹൈഡ്രോളിക് ലാഡര്‍ ഉപയോഗിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

പ്രാർത്ഥനയും പ്രവർത്തനവും ഒന്നാകണം : ബിഷപ്പ് വി എസ് ഫ്രാൻസിസ്

കട്ടപ്പന: സ്വർഗ്ഗരാജ്യം വരേണമേ എന്ന
കർത്താവിൻ്റെ പ്രാർത്ഥന ചൊല്ലിയാൽ മാത്രം പോരാ അതിനനുസരിച്ച് പ്രവർത്തനവും ഉണ്ടാകണമെന്ന് സി എസ് ഐ ഈസ്റ്റ് കേരള ബിഷപ്പ് റൈറ്റ് റവ.വി എസ് ഫ്രാൻസിസ് പറഞ്ഞു കേരളകൗൺസിൽ ഓഫ് ചർച്ചസ്
(കെസിസി) ക്ലർജി കമ്മിഷൻ ജില്ലാ വൈദീക സമ്മേളനം കട്ടപ്പന
സി എസ് ഐ ദേവാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൻ്റെ നന്മ തിരിച്ചറിഞ്ഞ് ക്രിസ്തീയ വിശ്വാസികൾകൾ പ്രവർത്തിക്കണം .രാജ്യത്തിൻ്റെ ഭരണഘടന തിരുത്തിയെഴുതാനുള്ള ഭരണാധികാരികളുടെ ഗൂഢനീക്കങ്ങൾ തിരിച്ചറിയാനുള ഇശ്ചാശക്തി
ക്രിസ്തീയ സമൂഹത്തിന് ഉണ്ടാകണമെന്നും ബിഷപ്പ് പറഞ്ഞു.
ജില്ലാ ചെയർമാൻ റവ.ബിനു കുരുവിള അധ്യക്ഷനായി.
ഓർത്തഡോക്സ് ചർച്ച് ഇടുക്കി രൂപതാ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ സേവേറിയോസ് ശുശ്രൂഷ വെല്ലുവിളികൾ മതം, വിശ്വാസം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
വാഴൂർ സോമൻ എം എൽ എ,
കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്,
സാൽവേഷൻ ആർമി പീരുമേട് ഡിവിഷണൽ കമാൻഡർ മേജർ മാത്യു ജോസ്,
കെ സി സി ക്ലർജി കമ്മീഷൻ ചെയർമാൻ, റവ.എ ആർ നോബിൾ, വെരി.റവ.ഫാദർ.വർഗ്ഗീസ് ജേക്കബ് കോർ എപ്പിസ്ക്കോപ്പ, റവ.റ്റി.ദേവപ്രസാദ്, റവ.ഡോ.ബിനോയ് പി.ജേക്കബ്, ക്ലർജി കമ്മീഷൻ സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ മേജർ റ്റി.ഇ.സ്റ്റീഫൻ സൺ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിൽ

മദീന.ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൌദിയിൽ എത്തി. ആദ്യ സംഘത്തിന് ഊഷ്മളമായ വരവേൽപ്പ് ആണ് മദീനയിൽ ലഭിച്ചത്. 8 ദിവസത്തെ മദീനാ സന്ദർശനം കഴിഞ്ഞ് തീർഥാടകർ മക്കയിലേക്ക് പോകും.

ഇന്ന് രാവിലെയാണ് ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ സൌദിയില് എത്തിത്തുടങ്ങിയത്. മദീനയിൽ എത്തിയ ആദ്യ ഹജ്ജ് സംഘത്തെ സൌദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസുൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി, സൌദി ഹജ്ജ് ഉംറ സഹമന്ത്രി അബ്ദുൽ അസീസ് അൽ വസ്സാൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മദീനയിലെ വിവിധ സംഘടനാ പ്രതിനിധികളും തീർഥാടകരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ലക്നോവിൽ നിന്നുള്ള 288-ഉം ഹൈദരാബാദിൽ നിന്നുള്ള 262-ഉം തീർഥാടകരാണ് രാവിലെ മദീനയിൽ എത്തിയത്. വൈകുന്നേരം മുംബെയിൽ നിന്നുള്ള വിമാനം ഉൾപ്പെടെ സൌദി എയർലൈൻസിന്റെ 3 വിമാനങ്ങളിലായി ആയിരത്തോളം തീർഥാടകർ ആണ് ആദ്യ ദിവസം മദീനയിൽ എത്തുന്നത്. 8 ദിവസത്തെ മദീനാ സന്ദർശനം കഴിഞ്ഞ് ഇവർ മക്കയിലേക്ക് പോകും.

1,22,518 തീർഥാടകരാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ 50,000-ത്തോളം തീർഥാടകർ മദീനയിലേക്കും ബാക്കിയുള്ളവർ ജിദ്ദയിലേക്കുമാണ് വരുന്നത്. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വിമാന സർവീസുകൾ മെയ് 10-ന് ആരംഭിക്കും. അതേസമയം ജിദ്ദ വിമാനത്താവളം വഴിയും വിദേശ ഹജ്ജ് തീർഥാടകർ എത്തിത്തുടങ്ങി. ബംഗ്ലാദേശിൽ നിന്നുള്ള 396 തീർഥാടകർ അടങ്ങുന്ന ആദ്യ സംഘത്തെ ജിദ്ദ വിമാനത്താവളത്തിൽ സൌദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മക്ക റൂട്ട് ഇനീഷ്യേറ്റീവ് വഴിയുള്ള ആദ്യ സംഘവും ഇന്ന് മലേഷ്യയിൽ നിന്നും മദീനയിൽ എത്തി. സൌദിയില് പൂർത്തിയാക്കേണ്ട ഇമിഗ്രേഷൻ നടപടിക്രമങ്ങൾ, പുറപ്പെടൽ കേന്ദ്രങ്ങളിൽ വെച്ച് തന്നെ പൂർത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് ഇനീഷ്യേറ്റീവ്.

ടോള്‍ പുനസ്ഥാപനം,പാലിയേക്കരയിൽ സംഘർഷം

തൃശൂര്‍.ടോൾപ്പിരിവ് നിർത്തിവെച്ച ഉത്തരവ് കളക്ടർ പിൻവലിച്ചതിൽ പ്രതിഷേധം. എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പാലിയേക്കര ടോൾ പ്ലാസയിലെ ബാരിക്കേറ്റുകൾ തകർത്തു. വാഹനങ്ങൾ കടത്തിവിട്ടു. ഫാസ്റ്റാഗ് പ്രവർത്തിക്കുന്ന ക്യാമറകൾ തിരിച്ചുവച്ചു. പോലീസും പ്രവർത്തകനും തമ്മിൽ ഉന്തും തള്ളും. ടോൾ പിരിവ് തുടർന്നാൽ സമരം ശക്തമാക്കുമെന്ന് എഐവൈഎഫ്

ജലവിതരണം മുടങ്ങും

തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റിയുടെ പിടിപി നഗറിലെയും പാറമലയിലെയും
ഭൂതല സംഭരണിക ലൂടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പിടിപി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്,
വാഴോട്ടുകോണം, മണ്ണാറക്കോണം, മേലേ ത്തു മേലെ, സി പി ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള,
പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈറോഡ്,, പ്രേം നഗർ, ശാസ്താ നഗർ, കുഞ്ചാലുംമൂട്, മുടവൻമുകൾ, കരമന, നെടുംകാട്, കാലടി,
നീറമൺകര, മരുതൂർ കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ, പ്ലാങ്കാല മുക്ക്, എസ്റ്റേറ്റ്, പൂഴിക്കുന്ന് എന്നീ പ്രദേശങ്ങളിൽ 06.05.3025 ചൊവ്വാഴ്ച പൂർണമായും 07.05.2025 ബുധനാഴ്ച ഭാഗികമായും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.