Home Blog Page 1099

ഈ ഭക്ഷണ മാറ്റങ്ങൾ പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും

ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ളതും, സംസ്കരിച്ചതും, പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുന്നതിലൂടെയും, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പോഷക സാന്ദ്രമായ ഭക്ഷണങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും. പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഉരുളക്കിഴങ്ങ് ചിപ്‌സിന് പകരം വറുത്ത മഖാന ഉൾപ്പെടുത്താം

മഖാനയിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. കൂടാതെ പ്രോട്ടീനും നാരുകളും ഇവയിൽ അടങ്ങിയിട്ടുമുണ്ട്. അതിനാൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും അനാരോഗ്യകരമായ കൊഴുപ്പുകളും കൂടുതലുള്ള ഉരുളക്കിഴങ്ങ് ചിപ്‌സിന് പകരം മഖാന വറുത്ത് കഴിക്കാം.

  1. വൈറ്റ് റൈസിന് പകരം ബാർലി കഴിക്കുക

ബാർലിയിൽ ലയിക്കുന്ന നാരുകളായ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള വെളുത്ത അരിക്ക് പകരം ബാർലി കഴിക്കുന്നത് നല്ലതാണ്.

  1. ബ്രേക്ക്ഫാസ്റ്റ് സിറിയലിന് പകരം ചിയ പുഡ്ഡിംഗ് ഉൾപ്പെടുത്തുക

പല ബ്രേക്ക്ഫാസ്റ്റ് സിറിയലുകളിലും പഞ്ചസാരയും ശുദ്ധീകരിച്ച ധാന്യങ്ങളും കൂടുതലാണ്. ചിയ വിത്തുകളും മധുരമില്ലാത്ത ബദാം പാലും ഉപയോഗിച്ച് നിർമ്മിച്ച ചിയ പുഡ്ഡിംഗ് നാരുകൾ, ഒമേഗ-3, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്. അതിനാൽ ഇവ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം.

  1. പഴച്ചാറുകൾക്ക് പകരം പഴങ്ങൾ കഴിക്കാം

പഴച്ചാറുകളിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, കൂടാതെ ഇവയിൽ നാരുകളുമില്ല. അതിനാൽ പഴച്ചാറുകൾക്ക് പകരം പഴങ്ങൾ കഴിക്കാം.

  1. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന തക്കാളി ചട്നി ഉപയോഗിച്ച് കെച്ചപ്പ് മാറ്റുക

കടകളിൽ നിന്ന് വാങ്ങുന്ന കെച്ചപ്പിൽ പഞ്ചസാര കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാൽ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന തക്കാളി ചട്നി ഉപയോഗിച്ച് കെച്ചപ്പ് മാറ്റുക.

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്

തൃശൂര്‍: ഇന്ന് നടന്ന തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്. വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്‍റെ അവശിഷ്ടം വീണാണ് പരിക്കേറ്റത്. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരിക്കേറ്റത്.

പരിക്കേറ്റ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും സാമ്പിള്‍ വെടിക്കെട്ടുകള്‍ നടന്നത്. നാലു മിനുട്ടോളം നീണ്ടു നിന്ന തിരുവമ്പാടിയുടെ വെടിക്കെട്ടിനുശേഷമാണ് പാറമേക്കവിന്‍റെ വെടിക്കെട്ട് നടന്നത്.

കാമുകനെ ദുബായിൽ നിന്നെത്തിച്ച് കോഴിക്കറിയിൽ ഉറക്കമരുന്നു കലർത്തി നൽകി കൊന്നു; മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു

കോയമ്പത്തൂർ: ദുബായിൽ ട്രാവൽസ് നടത്തിപ്പുകാരനായ യുവാവിനെ കോയമ്പത്തൂരിലെത്തിച്ച് കോഴിക്കറിയിൽ ഉറക്കഗുളിക നൽകി കാമുകിയും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകി ശാരദയുടെ അമ്മ ഗാന്ധിമാ നഗറിലെ ഗോമതി (53), മകൾ നിലാ (33), ബന്ധു ഈറോഡ് ശിവഗിരി സ്വദേശി സ്വാതി (26), ഒന്നാംപ്രതി കീഴടങ്ങിയ ത്യാഗരാജന്റെ സുഹൃത്തും തിരുനെൽവേലിയിലെ ഗുണ്ടാ സംഘത്തിലെ അംഗവുമായ പുതിയവൻ (കുട്ടിതങ്കം – 48) എന്നിവരെയാണ് പീളമേട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കൊലയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രമായ കാമുകി ശാരദ (35) ഏപ്രിൽ 22ന് ദുബായിൽ നിന്നു തനിച്ച് കോയമ്പത്തൂരിൽ എത്തിയിരുന്നു. ഗോമതിയും ത്യാഗരാജനും അടങ്ങുന്ന കുടുംബാംഗങ്ങൾ അതേ ദിവസം ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ ശിഖാമണിയെ സ്വീകരിച്ച് വീട്ടിലെത്തിച്ചു. രണ്ടു ദിവസത്തോളം നഗരത്തിൽ പലയിടങ്ങളിലും കറങ്ങി ഏപ്രിൽ 24ന് രാത്രിയാണ് മദ്യത്തിലും കോഴിക്കറിയിലും ഉറക്ക ഗുളികകൾ ചേർത്തു നൽകിയത്.

ഭർത്താവ് മരിച്ചതിനെത്തുടർന്ന് ജോലിതേടിപ്പോയ ശാരദ ദുബായിൽവച്ചാണ് അവിടെ 20 വർഷമായി ട്രാവൽസ് നടത്തുന്ന ശിഖാമണിയെ പരിചയപ്പെടുന്നത്. ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഒന്നിച്ചായിരുന്നു താമസം. ഏപ്രിൽ 21നു നാട്ടിലേക്കു മടങ്ങാൻ ശിഖാമണി തീരുമാനിച്ചു. യാത്രയ്ക്കു മുൻപായി പണം സംബന്ധിച്ചുള്ള തർക്കത്തിൽ ശാരദയെ ശിഖാമണി മർദിച്ചു.

കോയമ്പത്തൂരിലുള്ള അമ്മ ഗോമതിയോട് ശാരദ ഇക്കാര്യം പറഞ്ഞിരുന്നു. ഗോമതിയുടെ സുഹൃത്തായ ത്യാഗരാജൻ കോയമ്പത്തൂരിൽ ഇവർക്കൊപ്പാമാണു കഴിഞ്ഞിരുന്നത്. മകളെ ശിഖാമണി മർദിച്ച കാര്യം ഗോമതി ത്യാഗരാജനോട് പറഞ്ഞു. തുടർന്ന് ത്യാഗരാജനാണ് കൊലപാതത്തിനുള്ള ആസൂത്രണം നടത്തിയത്. ഇതിനായി ശിഖാമണിയെ കോയമ്പത്തൂരിൽ എത്തിക്കാൻ ത്യാഗരാജൻ നിർദേശം നൽകി.

ഏപ്രിൽ 21ന് ശാരദയോടൊപ്പം ശിഖാമണിയും കോയമ്പത്തൂരിലെത്തി. ഗോമതി വിമാനത്താവളത്തിലെത്തി ശിഖാമണിയെ സ്വീകരിച്ച് വീട്ടിലേക്കു കൊണ്ടുപോയി. രാത്രി സൽക്കരിക്കുന്നതിനിടെ കോഴിയിറച്ചിയിലും മദ്യത്തിലുമായി മുപ്പതോളം ഉറക്കഗുളികകൾ കലർത്തി നൽകിയെന്നു ത്യാഗരാജൻ പൊലീസിനു മൊഴി നൽകി. അബോധാവസ്ഥയിലായ ശിഖാമണിയെ ത്യാഗരാജനും പുതിയവനും ചേർന്ന് നെഞ്ചത്തു ചവിട്ടി. മരണം ഉറപ്പാക്കിയശേഷം കാറിൽ കരൂർ പൊന്നമരാവതി ക.പരമത്തി വനത്തിൽ ഉപേക്ഷിച്ചു.

മൃതദേഹം ഉപേക്ഷിച്ച് വരുന്ന വഴി ശാരദ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നു ദുബായിലേക്കും പുതിയവൻ തിരുനെൽവേലിയിലേക്കും ത്യാഗരാജൻ കോയമ്പത്തൂരിലേക്കും തിരിച്ചു. ഇതിനിടെ ക.പരമത്തി പൊലീസ് അജ്ഞാത മൃതദേഹം കണ്ടെത്തുകയും ആളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടർന്ന് സംസ്കരിക്കുകയും ചെയ്തു. അതേസമയം ശിഖാമണി നാട്ടിൽ എത്താത്തതിനെത്തുടർന്ന് ദുബായിൽ അന്വേഷിച്ചെങ്കിലും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടതായി വിവരം ലഭിച്ച ഭാര്യ പ്രിയ വിമാനത്താവളം പൊലീസിന്റെ ചുമതലയുള്ള പീളമേട് സ്റ്റേഷനിൽ പരാതിപ്പെട്ടതോടെ അന്വേഷണം ഊർജിമാക്കുകയും പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയും ചെയ്തു.

അബോധവസ്ഥയിലായ ശിഖാമണിയെ യുവതിയും ത്യാഗരാജനും ചേർന്ന് കൊലപ്പെടുത്തി. പിറ്റേന്ന് കാറിൽ കരൂർ പരമത്തിയിൽ മൃതദേഹം ഉപേക്ഷിച്ച് തിരുച്ചിറപ്പള്ളിയിൽ നിന്നും ദുബായിലേക്ക് വിമാനം കയറിയെങ്കിലും ഏപ്രിൽ 28ന് ശാരദ വീണ്ടും കോയമ്പത്തൂരിലേക്ക് തന്നെ തിരിച്ചെത്തി.കരൂർ പരമത്തിയിൽ കണ്ടെത്തിയ മൃതദേഹം പൊലീസ് കരൂർ സർക്കാർ മെഡിക്കൽ കോളജിൽ സൂക്ഷിച്ച ശേഷം 28ന് പോസ്റ്റ്മോർട്ടം ചെയ്തു കരൂർ കോർപറേഷൻ ശ്മശാനത്തിൽ അടക്കം ചെയ്തു.

വ്യാഴാഴ്ച ത്യാഗരാജൻ കോടതിയിൽ കീഴടങ്ങിയപ്പോഴാണ് കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ പീളമേട് പൊലീസിന് കണ്ടെത്താനായത്. ശിഖാമണിയുടെ ഭാര്യയുടെ പരാതിയിൽ സംശയങ്ങൾ കാരണമാണ് അന്വേഷണം പ്രതികളിലേക്ക് നീണ്ടത്.ഇതിനിടെ ശനിയാഴ്ച രാവിലെ ശിഖാമണിയുടെ മൃതദേഹം കരൂർ കോർപറേഷൻ ശ്മശാനത്തിൽ നിന്നു പുറത്തെടുത്ത് റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം സ്വദേശമായ തിരുവാരൂരിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.ദുബായിൽ റിസപ്ഷനിസ്റ്റായ ശാരദയുമായുള്ള പണമിടപാടാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു. ശാരദയെ മാത്രമാണ് ഇനി പിടികൂടാനുള്ളത്.

അച്ഛൻ ചെയ്തപോലെ മരണം മാത്രമെ മുന്നിലുള്ളു; പ്രിയങ്കയെ കാണാതിരിക്കാൻ ഇടപെടലുണ്ടായെന്ന് എൻഎം വിജയന്‍റെ കുടുംബം

കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിയെ കാണാനായി കാത്തുനിന്നിട്ടും കാണാനായില്ലെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെ കുടുംബം. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം കിട്ടിയില്ലെന്നും റോഡരികിൽ കാത്തുനിന്നെങ്കിലും പ്രിയങ്കയെ കാണാനായില്ലെന്നും എൻഎം വിജയന്‍റെ മരുമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രിയങ്ക ബത്തേരിയിലെ പരിപാടിയിൽ എത്തിയപ്പോഴായിരുന്നു എൻ എം വിജയന്‍റെ മകനും മരുമകളും കാണാൻ എത്തിയത്. നേരത്തെ പ്രിയങ്ക ഗാന്ധിയെ കണ്ട് കുടുംബത്തിന്‍റെ കാര്യങ്ങള്‍ പറയാൻ അനുമതി തേടിയിരുന്നുവെന്ന് മരുമകള്‍ പത്മജ പറഞ്ഞു.

എന്നാൽ, കാണാനാകില്ലെന്നാണ് അറിയിച്ചത്. തുടര്‍ന്ന് പരിപാടിക്കെത്തുമ്പോള്‍ കാണുന്നതിനാണ് കാത്തുനിന്നത്. കാണാതിരിക്കാനായി മനപൂര്‍വം ആരൊക്കെയോ ചേര്‍ന്ന് ഇടപെട്ടുവെന്നാണ് സംശയിക്കുന്നത്. എൻഎം വിജയനോട് എന്താണ് ചെയ്തത് അത് തന്നെയാണ് കുടുംബത്തോടും കോണ്‍ഗ്രസ് ചെയ്യുന്നത്. കാണാനാകുമെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് കാത്തുനിന്നത്. എന്നാൽ, കാണാനായില്ല. തങ്ങള്‍ മനപ്പൂർവം പ്രിയങ്കയിലേക്ക് എത്താതിരിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടാകാം.

പണം തരാം എന്ന് ഉറപ്പ് പറഞ്ഞിരുന്നു. കോൺഗ്രസ് 10 ലക്ഷം നൽകിയിരുന്നു. എന്നാൽ, രണ്ടരക്കോടിക്ക് മുകളിൽ ബാധ്യതയുണ്ട്. പ്രിയങ്ക കാണാത്തതിൽ വിഷമമുണ്ട്. അച്ഛൻ ചെയ്തതുപോലെ മരണം മാത്രമേ മുന്നിലുള്ളൂ. മുന്നിലുള്ളത് ആത്മഹത്യയാണെങ്കിൽ ഉത്തരവാദി ഐസി ബാലകൃഷ്ണൻ എംഎൽഎ മാത്രമായിരിക്കുമെന്നും കുടുംബം ആരോപിച്ചു. പത്ത് ദിവസം കൂടി കാത്ത് നിൽക്കും. എന്നിട്ടും നടപടിയില്ലെങ്കിൽ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നും എൻഎം വിജയന്‍റെ കുടുംബം പറഞ്ഞു.

സർക്കാർ വാർഷികാഘോഷത്തിൽ പാടാൻ ‘വേടൻ’; അറസ്റ്റിനെ തുടർന്ന് റദ്ദാക്കിയ പരിപാടി നാളെ ഇടുക്കിയിൽ

കൊച്ചി: റാപ്പർ വേടൻ കഞ്ചാവ് കേസിൽ പ്രതിയായതിനു പിന്നാലെ ഒഴിവാക്കിയ പരിപാടി വീണ്ടും നടത്താൻ തീരുമാനം. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ചയാണ് വേടന്റെ സംഗീത പരിപാടി തീരുമാനിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ വേടനു പിന്തുണയുമായി സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരും രംഗത്തെത്തി. വേടനെ കേരളം സംരക്ഷിക്കുമെന്നും വനംവകുപ്പ് ഇരട്ടത്താപ്പ് വകുപ്പാകരുതെന്നും ഇവർ പ്രതികരിച്ചു.

ഇടുക്കി വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടില്‍ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 29നായിരുന്നു വേടന്റെ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാൽ 28ന് വേടൻ അറസ്റ്റിലായി. ഇതോടെ പരിപാടി തന്നെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പുലിപ്പല്ലു കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തതോടെ പൊതുജനാഭിപ്രായം വേടന് അനുകൂലമായി തിരിഞ്ഞിരുന്നു. ഇതിനു പിന്നാലെ വനംമന്ത്രിയും ഉദ്യോഗസ്ഥരെ പഴിചാരി രംഗത്തെത്തി. പുലിപ്പല്ലു കേസിൽ നടപടികൾ കൃത്യമായി ചെയ്തെന്നും എന്നാൽ വേടന്റെ അമ്മയുടെ ശ്രീലങ്കൻ ബന്ധം പോലുള്ള പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്നുമുള്ള റിപ്പോർട്ടാണ് വകുപ്പു മേധാവി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.

റദ്ദാക്കിയ പരിപാടി വീണ്ടും നടത്താൻ തീരുമാനിച്ചതിനോട് പ്രതികരിച്ചു കൊണ്ടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വേടന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. വേടൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള കലാകാരനാണെന്നും ദളിത് വിഭാഗങ്ങളുടെയും അരികുവത്ക്കരിക്കപ്പെട്ടവരുടെയും താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് വേടന്റെ പാട്ടുകളെന്നും ഗോവിന്ദൻ പറഞ്ഞു. താൻ തെറ്റായ നിലപാട് സ്വകരിച്ചിട്ടുണ്ട് എന്ന് വേടൻ സമ്മതിക്കുകയും അത് തിരുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ആ തിരുത്തലിനുള്ള ഇടപെടലായി സർക്കാരിന്റെ നടപടിയെ കണ്ടാൽ മതിയെന്നും ഗോവിന്ദൻ വ്യക്തമാക്കി. ‘‘വേടനെ വേട്ടയാടാനുള്ള ഒരു നടപടിയും കേരളീയ സമൂഹം അംഗീകരിക്കില്ല. വേടന് കേരളത്തിന്റെ പരിരക്ഷയും സംരക്ഷണവുണ്ട്’’. ഗോവിന്ദൻ പറഞ്ഞു.

വനംവകുപ്പ് ഇരട്ടത്താപ്പിന്റെ വകുപ്പാകാൻ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വേടൻ സ്വന്തം അനുഭവച്ചൂളയിൽ കൈവച്ചുകൊണ്ടായിരിക്കാം പാടിയതും പറഞ്ഞതുമെന്നും വേടന്റെ താൻ കേട്ട എല്ലാ പാട്ടുകളിലും മുഴങ്ങുന്നത് ആ ശബ്ദമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മലയാളി എന്ന നിലയിൽ തനിക്ക് വേടനോട് ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വേടൻ തെറ്റു പറ്റിയത് സമ്മതിച്ചു. സർക്കസ് കാണിച്ചും തെറ്റല്ലെന്ന് സ്ഥാപിച്ചും പലരും വെള്ളപൂശിന് ശ്രമിക്കുമ്പോൾ വേടൻ പറഞ്ഞത് തനിക്കൊരു വീഴ്ചപറ്റി എന്നാണ്. ധീരമാണ് ആ നിലപാട്. സത്യസന്ധമായ പ്രസ്താവനയാണ് വേടൻ നടത്തിയത് എന്നും ബിനോയ് വിശ്വം പറഞ്ഞു.

യുക്രെയ്നിൽ പഠിക്കുമ്പോൾ സഹപാഠിയിൽനിന്നു പണം തട്ടി? കാർത്തിക എംബിബിഎസ് പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് വിവരം

കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി’ ഉടമയും പത്തനംതിട്ട സ്വദേശിയുമായ കാർത്തിക പ്രദീപിന്റെ (25) എംബിബിഎസ് ബിരുദം സംബന്ധിച്ചും പൊലീസ് അന്വേഷണം. യുക്രെയ്നിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയെന്നു പറഞ്ഞാണു കാർത്തിക ഇരകളെ സമീപിച്ചിരുന്നത്.

എന്നാൽ, ഇവർക്ക് എംബിബിഎസ് ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണു പൊലീസിന്റെ നിലപാട്. മലയാളിയായ സഹപാഠിയിൽനിന്നു പണം തട്ടിയ കേസിനെ തുടർന്ന് യുക്രെയ്നിലെ പഠനം പൂർത്തിയാക്കാതെ മടങ്ങിയതാണ് എന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്.

യുകെയിൽ ജോലി വാഗ്ദാനം ചെയ്തു തൃശൂർ കാറളം വെള്ളാനി സ്വദേശിനിയിൽ നിന്ന് 5.23 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന കേസിലാണ് കാർത്തികയെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ നൂറിലേറെ പേരെ വഞ്ചിച്ചു കോടികളുടെ തട്ടിപ്പു നടത്തിയതിനു സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും പ്രതിക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. ഒളിവിൽ പോയ കാർത്തികയെ, മൊബൈൽഫോൺ ലൊക്കേഷൻ കണ്ടെത്തി വെള്ളിയാഴ്ചയാണു കോഴിക്കോട് നിന്നു പിടികൂടിയത്.

തൃശൂർ സ്വദേശിനിക്ക് യുകെയിൽ സോഷ്യൽ വർക്കർ ജോലി വാഗ്ദാനം ചെയ്ത് 2024 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പലപ്പോഴായി ഗൂഗിൾ പേ, നെഫ്റ്റ് എന്നിവ മുഖേന 5.23 ലക്ഷം വാങ്ങുകയായിരുന്നു. മാസങ്ങൾ കാത്തിരുന്നിട്ടും വീസ ലഭിക്കാതായതോടെ യുവതി സെൻട്രൽ പൊലീസിൽ പരാതി നൽകി.യുകെ, യുക്രെയ്ൻ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണു പണം തട്ടിയത്. സമൂഹമാധ്യമങ്ങളിലും, വഴിയോരത്തെ ഫ്ലെക്സ് ബോർഡുകളിലും പരസ്യം നൽകിയാണ് ഇരകളെ കണ്ടെത്തിയത്.

ചതിച്ചത് അക്ഷയ സെന്‍റർ ജീവനക്കാരി? നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി പിടിയിലായതിൽ വഴിത്തിരിവ്

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്‍റര്‍ ജീവനക്കാരിയാണെന്നാണ് നിര്‍ണായക മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പത്തനംതിട്ട ഡിവൈഎസ്പി ബിനു വര്‍ഗീസ് വ്യക്തമാക്കി. പാറശ്ശാല സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തിൽ വെച്ച് പിടിയിലായത്.

വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതിലാണ് നിര്‍ണായക മൊഴി ലഭിച്ചത്. വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെന്‍ററിലെ ജീവനക്കാരിയാണെന്നാണ് വിദ്യാര്‍ത്ഥി നൽകിയ മൊഴി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അക്ഷയ സെൻറർ ജീവനക്കാരിയെ ചോദ്യംചെയ്യുമെന്ന് ഡിവൈഎസ്‍പി വ്യക്തമാക്കി. കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും അക്ഷയ സെന്‍ററുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയാലെ കാര്യങ്ങള്‍ക്ക് വ്യക്തത വരുകയുള്ളുവെന്നും ഡിവൈഎസ്‍പി വ്യക്തമാക്കി.

ശബരിമല ദർശനം: ദ്രൗപദി മുർമു 18ന് കേരളത്തിൽ; ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്ട്രപതി

തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുമെന്ന് വിവരം. 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇടവ മാസ പൂജയ്ക്കായി രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ മരാമത്ത് ജോലികൾ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

നീറ്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടശ്രമം? തിരുവനന്തപുരം സ്വദേശിയെ ചോദ്യംചെയ്യുന്നു

പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി പിടിയില്‍. തൈക്കാവ് വി.എച്ച്.എസ്.എസിലാണ് പരീക്ഷയ്‌ക്കെത്തിയത്. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലെ ഹാള്‍ടിക്കറ്റാണ് ഉപയോഗിച്ചത്. വിദ്യാര്‍ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹാള്‍ടിക്കറ്റിന്റെ ആദ്യഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാര്‍ഥിയുടെ പേരും ഡിക്ലറേഷന്‍ ഭാഗത്ത് മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരും ആണുള്ളത്. ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ഥി വ്യാജ ഹാള്‍ ടിക്കറ്റ് എത്തിച്ചതെന്ന് പരിശോധിക്കുന്നതായി പത്തനംതിട്ട പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.

പൂരത്തിന് തിടമ്പേറ്റാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് അനുമതി

പൂരത്തിന് തിടമ്പേറ്റാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് അനുമതി. വനം വകുപ്പിന്റെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി ആനക്ക് ടാഗ് കൈമാറി. തൃശൂര്‍ പൂരദിവസം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.
വര്‍ഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു. ഏഴു വര്‍ഷം മുമ്പാണ് ഇതില്‍ മാറ്റം വന്നത്. നിലവില്‍ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്നത്. ഇക്കൊല്ലം പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന രാമചന്ദ്രന്‍ ഇക്കുറി ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തിനു വേണ്ടിയാണ് കോലമേന്തുക. തൃശൂര്‍ പൂരത്തിലെ പ്രധാന ഘടകക്ഷേത്രമാണ് ചെമ്പൂക്കാവ്. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് ഇതാദ്യമായാണ്.