കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊട്ടിത്തെറി ഉണ്ടായ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക ഉയര്‍ന്നു. അത്യാഹിത വിഭാഗത്തിന്റെ ആറാം നിലയിലാണ് പുക ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് രോഗികള്‍ അടക്കമുള്ളവരെ മാറ്റി. ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത് ആറാം നിലയിലാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്ന് സമാനമായ നിലയില്‍ പുക ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെയാണ് അത്യാഹിത വിഭാഗത്തില്‍ നിന്ന് വീണ്ടും പുക ഉയര്‍ന്നത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്. നിലവില്‍ ആറാം നിലയില്‍ രോഗികളില്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ ഉള്‍പ്പെടെ നടന്നിരുന്നുവെന്നും ഇതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പുക ഉയര്‍ന്നതെന്നും രോഗികള്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു പുക ഉയര്‍ന്നത്. തുടര്‍ന്ന് രോഗികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. സംഭവസമയത്ത് അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഇത് പുക ശ്വസിച്ചത് മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊട്ടിത്തെറി ഉണ്ടായ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക ഉയര്‍ന്നു
വൈറലാകാന്‍ ഗായകന്‍ പാട്ടുപാടുന്നതിനിടെ പാന്റിന് തീയിട്ടു…. പിന്നീട് നടന്ന സംഭവം…യുവാവ് വിചാരിച്ചതിനേക്കാളും മേലെ വൈറലായി
പലപ്പോഴും റീല്‍സ് എടുക്കുന്നതിന് എന്ത് സാഹസവും ചെയ്യാന്‍ തയ്യാറായിട്ടുള്ളവരാണ് പലരും. ജീവന്‍ പണയം വച്ച് റീലെടുക്കാന്‍ തുനിഞ്ഞ ഗായകന് സംഭവിച്ച അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വൈറലാകാന്‍ പുതിയൊരു കോണ്‍സപ്റ്റുമായാണ് ഗായകന്‍ എത്തിയത്. പാട്ടുപാടുമ്പോള്‍ അല്പം തീകൂടി കത്തിയാല്‍ എങ്ങനെയിരിക്കും, തീപ്പൊരിയാകില്ല! അതായിരുന്നു ചിന്ത. അതിനായി ഇട്ടിരിക്കുന്ന സ്വന്തം പാന്റിനാണ് ഇയാള്‍ തീവച്ചത്. ശേഷം പാട്ടുപാടി സ്ലോമോഷനില്‍ നടക്കാനും വീഡിയോ എടുക്കാനുമായിരുന്നു ശ്രമം. എന്നാല്‍ സംഭവം അല്പമൊന്ന് പാളിപോയെന്ന് മാത്രമല്ല പൊള്ളുകയും ചെയ്തു.
എരിയുന്ന തീയുമായി റീല്‍സ് ഷൂട്ടി തുടങ്ങി, ഗായകന്‍ പാട്ടും മുളാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടെ കാറ്റ് വേഗത്തില്‍ വീശിയതോടെ തീ ആളി പടരാനും തുടങ്ങി. ഇതോടെ ജീവന്‍ രക്ഷിക്കാന്‍ പാന്റ് ഊരിയെറിയുകയല്ലാതെ മറ്റു വഴികളൊന്നും ഇല്ലെന്ന് മനസിലാക്കിയ യുവാവ് ഇതിന് നടത്തിയ ശ്രമമാണ് വൈറലായത്. ക്യാമറാമാന്‍ ഇതെല്ലാം ഒപ്പിയെടുത്തതല്ലാതെ ആ തീകെടുത്താന്‍ ഒന്നു ശ്രമിച്ചതു പോലുമില്ല. സംഭവം എന്തായാലും യുവാവ് വിചാരിച്ചതിനേക്കാളും മേലെ വൈറലാവുകയും ചെയ്തു.
നിയയെ അവസാനമായി കാണാനാകാതെ നാട്; കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കി
കൊല്ലം: പേവിഷബാധയേറ്റ് മരിച്ച കൊല്ലത്തെ നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. പുനലൂരിലെ ആലഞ്ചേരി മുസ്ലിം ജമാഅത്ത്പള്ളിയിലായിരുന്നു ഖബറടക്കം. പൊതുദര്‍ശനത്തിന് വെക്കാതെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരെ ഖബറടക്കാനാണ് കൊണ്ടുവന്നത്. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നില്ല. കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു.
തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു നിയ മരിച്ചത്. ഏപ്രില്‍ എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്‌സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്എടിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.
തന്റെ കണ്‍മുന്നില്‍വെച്ചാണ് പട്ടി കുഞ്ഞിനെ കടിച്ചുകീറിയതെന്ന് മാതാവ് പറയുന്നു. ‘അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അത് തിന്നാന്‍ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചുവിട്ട പട്ടി എന്റെ കണ്‍മുന്നില്‍വെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്. അപ്പഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു, ദേ അവളെ ഇപ്പോള്‍ കൊണ്ടുപോയി. ഇനി എനിക്ക് കാണാന്‍ പറ്റില്ല.ഇനിയും പട്ടികളെ വളര്‍ത്ത്..’..കണ്ണീരോടെ നിയയുടെ മാതാവ് പറഞ്ഞു. ഈ ഒരു അവസ്ഥ ആര്‍ക്കും വരരുത് കുട്ടിയുടെ പിതാവ് പറഞ്ഞു.
നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടി മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാന്‍ വേണ്ടി തെരുവ് നായ വന്നപ്പോള്‍ അതിനെ ഓടിക്കാന്‍ നോക്കി. ഈ സമയത്ത് നായ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു. കൈയില്‍ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായയുടെ ഒരു പല്ല് ആഴത്തില്‍ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്.ഉടന്‍ തന്നെ കാരസോപ്പിട്ട് മുറിവ് നന്നായി കഴുകുകയും ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വാക്സിന്‍ എടുക്കുകയും ചെയ്തിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.
ചെങ്കോട്ട മാത്രം മതിയോ? താജ്മഹലും ഫത്തേപൂര്‍ സിക്രിയും വേണ്ടേ?….ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് കൊണ്ട് മുഗള്‍ ഭരണാധികാരിയുടെ കൊച്ചുമകന്റെ വിധവ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി
ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് കൊണ്ട് മുഗള്‍ ഭരണാധികാരിയുടെ കൊച്ചുമകന്റെ വിധവ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി . അവസാന ഭരണാധികാരിയായ ബഹാദൂര്‍ ഷാ സഫര്‍ രണ്ടാമന്റെ കൊച്ചുമകന്റെ ഭാര്യ സുല്‍ത്താന ബീഗമാണ് ചെങ്കോട്ട കൈമാറണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
‘എന്തുകൊണ്ടാണ് ചെങ്കോട്ടയ്ക്ക് മാത്രം അവകാശവാദം ഉന്നയിക്കുന്നത്? അക്ബറിന്റെ ഭരണകാലത്ത് മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഫത്തേപൂര്‍ സിക്രി, പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ നിര്‍മിച്ച താജ്മഹല്‍ എന്നിവ വേണ്ട?’ ഹര്‍ജിക്കാരിയോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പരിഹാസ രൂപേണ ചോദിച്ചു.
കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ചെറുപട്ടണമായ ഹൗറയിലാണ് സുല്‍ത്താന ബീഗം താമസിക്കുന്നത്. ചെങ്കോട്ടയുടെ യഥാര്‍ത്ഥ ഉടമകള്‍ മുഗള്‍ ചക്രവര്‍ത്തിമാരാണെന്നും അവരുടെ നേരിട്ടുള്ള പിന്‍ഗാമിയാണ് താനെന്നുമാണ് സുല്‍ത്താന ബീഗത്തിന്റെ അവകാശവാദം.
2021-ലാണ് സുല്‍ത്താന ബീഗം ഇക്കാര്യം ഉന്നയിച്ച് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ചെങ്കോട്ട അല്ലെങ്കില്‍ തുല്യമായ പണം എന്നതായിരുന്നു ആവശ്യം. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പെന്‍ഷന്‍ പര്യാപ്തമല്ലെന്നും അവര്‍ വാദിച്ചിരുന്നു. സര്‍ക്കാര്‍ ചെങ്കോട്ട ‘നിയമവിരുദ്ധമായി’ കൈവശപ്പെടുത്തിയെന്നും അതിന്റെ മൂല്യത്തിനും അനുസൃതമായി മതിയായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300A പ്രകാരമുള്ള തന്റെ മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നും ആരോപിച്ചിരുന്നു. ഈ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മൂന്ന് വര്‍ഷത്തിന് ശേഷം വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും അതും കോടതി തള്ളി. 1857-ലെ ബ്രിട്ടീഷ് ഭരണകൂടം മുഗളരില്‍ നിന്ന് ചെങ്കോട്ട പിടിച്ചെടുത്തത്.
മീനച്ചിലാറ്റില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികളുടേയും മൃതദേഹം കണ്ടെത്തി
ഭരണങ്ങാനത്ത് മീനച്ചിലാറ്റില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികളുടേയും മൃതദേഹം കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ വീട്ടില്‍ അമല്‍ കെ. ജോമോന്റെ (19) മൃതദേഹം വിശദമായ തെരച്ചിലില്‍ വിലങ്ങുപാറ പാലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെത്തി. മുണ്ടക്കയം തെക്കേമല പന്തപ്ലാക്കല്‍ വീട്ടില്‍ ആല്‍ബിന്‍ ജോസഫിന്റെ (21) മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കടവില്‍ നിന്നും 200 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ഇരുവരെയും ഒഴുക്കില്‍ പെട്ട് കാണാതായത്. മറ്റ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവര്‍ കുളിക്കാനായി മീനച്ചിലാറ്റിലെ വിലങ്ങുപാറ കടവില്‍ ഇറങ്ങിയത്. അടിയൊഴുക്കില്‍ പെട്ട് കാണാതാവുകയായിരുന്നു. പാലായിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കുന്നവരാണ് ഈ വിദ്യാര്‍ത്ഥികള്‍. കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇവര്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
ആറടി ആഴവും എട്ട് അടി വീതിയുമുള്ള ഈ ഭൂഗര്‍ഭ കുഴി…. ഭീകരരുടെ ഒളിത്താവളം സുരക്ഷാ സൈന്യം തകര്‍ത്തു
ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സൈന്യം തകര്‍ത്തു. ജില്ലയിലെ സുരന്‍കോട്ട് സെക്ടറിലെ ഹരി മരോട്ടെ ഗ്രാമത്തില്‍ നിന്നാണ് സുരക്ഷാ സേന ഈ തീവ്രവാദ ഒളിത്താവളം കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി സൈന്യം, പോലീസ്, എസ്ഒജി എന്നിവരുള്‍പ്പെടെ സുരക്ഷാ സേന നടത്തിയ സംയുക്ത തിരച്ചിലിലാണ് തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി തകര്‍ത്തത്. അവിടെ നിന്ന് അഞ്ച് ഐഇഡികള്‍, വയര്‍ലെസ് സെറ്റുകള്‍, ചില വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തു.
രാഷ്ട്രീയ റൈഫിള്‍സ് (ആര്‍ആര്‍), ഇന്ത്യന്‍ സൈന്യത്തിന്റെ പാരാ കമാന്‍ഡോ യൂണിറ്റുകള്‍, ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പാകിസ്ഥാന്‍ ഭീകരരുടെ ഭൂഗര്‍ഭ ഇടത്താവളം കണ്ടെത്തിയത്. ഈ ഭൂഗര്‍ഭ ഒളിത്താവളത്തിന്റെ ഘടനയും അതില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും ഉപകരണങ്ങളും സുരക്ഷാ ഏജന്‍സികളെപ്പോലും ഞെട്ടിച്ചിരുന്നു.
ആറടി ആഴവും എട്ട് അടി വീതിയുമുള്ള ഈ ഭൂഗര്‍ഭ കുഴി തീവ്രവാദികള്‍ക്ക് ദീര്‍ഘകാലം ഒളിച്ച് കഴിയാന്‍ തക്കമാണ് ഒരുക്കിയിരുന്നത്. ഇവിടെ ഭീകരര്‍ ഗ്യാസ് സിലിണ്ടറുകള്‍, സോളാര്‍ ലൈറ്റുകള്‍, ആയുധങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ഒളിപ്പിച്ചു വച്ചിരുന്നു.
സ്വര്‍ണവില കൂടി; 70,000ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ മെയ് ഒന്നിന്റെ നിലവാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണവില.
70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കൂടിയ 4000 രൂപ അതേപോലെ തിരിച്ചിറങ്ങുന്നതാണ് പിന്നീട് കണ്ടത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
നീറ്റ്,അക്ഷയ സെൻറർ ജീവനക്കാരി കസ്റ്റഡിയിൽ
നെയ്യാറ്റിൻകര.അക്ഷയ സെൻറർ ജീവനക്കാരി കസ്റ്റഡിയിൽ.
ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചു
വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു
എന്നാൽ അപേക്ഷിക്കാൻ താൻ മറന്നുപോയി
പിന്നീട് വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകി
നെയ്യാറ്റിൻകര സ്വദേശിയെ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട പോലീസ്
അത് മഹാപരാധമൊന്നുമല്ല, രാഗേഷ്
കണ്ണൂർ.മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണിക്കാതെ വേദിയിൽ ഇരുന്ന സംഭവം
വേദിയിൽ ഇരുന്നത് മഹാപരാധമല്ലെന്ന് കെ കെ രാഗേഷ്
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ക്ഷണം ഇല്ലെങ്കിലും മുൻ എം പിമാർ പങ്കെടുക്കാറുണ്ട്
വിഴിഞ്ഞം പരിപാടിയിൽ മന്ത്രിമാർ പോലും ഇരിക്കാത്ത വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഇരുന്നതാണ് പ്രശ്നം
വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടായ വാർത്തയാണിത്
‘നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കും; മോദിയുടെ പ്രവർത്തനശൈലി ജനങ്ങൾക്ക് നന്നായി അറിയാം’
ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ തന്റെ ഉത്തരവാദിത്തമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി, ദൃഢനിശ്ചയം, ജീവിതത്തിൽ വെല്ലുവിളി ഏറ്റെടുക്കാൻ പഠിച്ച രീതി എന്നിവയെക്കുറിച്ച് അവർക്ക് അറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നതായും പ്രതിരോധമന്ത്രി പറഞ്ഞു. ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിൽ പാക്കിസ്ഥാനു തിരിച്ചടി നൽകാൻ ഇന്ത്യ ആലോചിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്ക് പ്രകോപനങ്ങൾ തുടരുന്നതിനിടെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ചെനാബ് നദിയിലൂടെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് ഇന്ത്യ കുറച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദിയിലെയും പോഷക നദികളിലെയും ജല ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രധാന കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു ജമ്മു റമ്പാനിലെ ബഗ്‌ലിഹർ ഡാമിന്റെ ഷട്ടറുകൾ താഴ്ത്തിയത്. കരാർ മരവിപ്പിച്ചതിനു പിന്നാലെ ഇതാദ്യമായാണു കേന്ദ്ര സർക്കാരിന്റെ നീക്കം. ഹ്രസ്വകാലത്തേക്കാണു നടപടിയെന്നാണു വിശദീകരണം.
ഝലം നദിയിലെ കിഷൻഗംഗ ഡാമിന്റെ ഷട്ടറുകളും വൈകാതെ താഴ്ത്തുമെന്നാണ് അറിയുന്നത്. കരാറനുസരിച്ച് സിന്ധു, ഝലം, ചെനാബ് നദികൾ പാക്കിസ്ഥാനും ബിയാസ്, റാവി, സത്‍ലജ് നദികൾ ഇന്ത്യയ്ക്കുമാണ്. ജലവൈദ്യുത പദ്ധതിക്ക് ഉപയോഗിക്കുന്ന രണ്ടു ഡാമുകളിലെ ഷട്ടറുകൾ താഴ്ത്തി നീരൊഴുക്കു കുറയ്ക്കുന്നതു പാക്ക് പഞ്ചാബിലെ കാർഷിക മേഖലയെ കാര്യമായി ബാധിക്കുമെന്നാണു വിവരം.
ഇന്നലെ നിയന്ത്രണരേഖയിൽ എട്ടിടത്താണു പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ പ്രകോപനമാണിത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠിയുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. രാജ്യത്തെ ആയുധ നിർമാണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ദീർഘകാല അവധി നൽകില്ലെന്നു സർക്കുലർ ഇറക്കിയിട്ടുണ്ട്.






































