23.5 C
Kollam
Saturday 20th December, 2025 | 01:20:16 AM
Home Blog Page 1095

അടുത്ത വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി വീട്ടിൽ വന്ന് 17കാരിയെ പീഡിപ്പിച്ച കേസിൽ വിധി

തൃശ്ശൂർ‍: തൃശ്ശൂരിൽ 17 വയസുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് കോടതി ഒമ്പത് വർഷം കഠിന തടവ് ശിക്ഷ. കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചു. ജയിൽ ശിക്ഷയ്ക്ക് പുറമെ ഇയാൾ 31,500 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാൾ മുർഷിദാബാദ് സ്വദേശി ഗുലാം റഹ്മാനെയാണ് (45) കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.

2023 ഫെബ്രുവരിയിൽ ഒരു ദിവസം വൈകുന്നേരം വീടിനു പുറകിൽ നിന്നിരുന്ന 17 കാരിക്കു നേരെയായിരുന്നു ഗുലാം റഹ്മാന്റെ അതിക്രമം. ഇയാൾ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്ന് ഇയാൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്നാണ് കേസ്. തുടർന്ന് കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുന്നംകുളം പോക്‌സോ കോടതി വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.

പീഡനത്തിനിരയായ കുട്ടിയുടെ അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അന്ന് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന യു.കെ ഷാജഹാൻ കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ ന്യൂഹ്‍മാൻ അന്വേഷണം നടത്തുകയും കെ. ഷിജു കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കെഎസ്. ബിനോയ് , അഡ്വ. കെ എൻ. അശ്വതി , അഡ്വ. ടി വി. ചിത്ര എന്നിവരും ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ എം.ഗീതയും പ്രവർത്തിച്ചു.

ഇന്ത്യ-പാക് സംഘർഷ സാധ്യത; 7 നിർദേശങ്ങൾ, സംസ്ഥാനങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പ് ഇന്ന് തുടങ്ങും

ന്യൂഡൽഹി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാധ്യത കനക്കവേ വിവിധ സംസ്ഥാനങ്ങൾ ഇന്നു മുതൽ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പ് തുടങ്ങും. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താനാണ് കേന്ദ്രം ഇന്നലെ നിർദ്ദേശം നല്കിയത്. ഇതിനുള്ള ഏഴ് നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്ലാ ചീഫ് സെക്രട്ടറിമാർക്കും അയച്ചു.

വ്യോമ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കാനുള്ള എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ സ്വീകരിക്കുക, തന്ത്രപ്രധാന കേന്ദ്രങ്ങൾ പെട്ടെന്ന് കണ്ടെത്താതിരിക്കാനുള്ള നടപടി എടുക്കുക, വിദ്യാർത്ഥികൾക്കടക്കം പരിശീലനം നല്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കേന്ദ്രം നല്കി. എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അപ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പരിശീലനം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബിൽ കഴിഞ്ഞ ദിവസം ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. പാകിസ്ഥാനിലേക്ക് ജലമൊഴുക്ക് കുറയ്ക്കാൻ കൂടുതൽ നടപടികൾ ഇന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും.

അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ കഴിഞ്ഞ ദിവസം പഞ്ചാബിൽ നടത്തിയിരുന്നു. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകൾ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാൽ നേരിടാനുള്ള തയ്യാറെടുപ്പുകൾ പരീക്ഷിക്കുകയും ചെയ്തു.

രാത്രി ഒൻപതിനും 9.30 നും ഇടയിലായിരുന്നു മോക് ഡ്രിൽ. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (പിഎസ്പിസിഎൽ) 30 മിനിറ്റ് നേരത്തേക്ക് വൈദ്യുതി വിച്ഛേദിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമായിരുന്നു മോക്ക് ഡ്രില്ലെന്ന് ഫിറോസ്പൂർ കാന്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഗുർജന്ത് സിംഗ് പറഞ്ഞു. ലൈറ്റുകൾ പൂർണമായും ഓഫ് ചെയ്തു. വാഹനങ്ങളുടെ ലൈറ്റും ഓഫാക്കി. പൂർണമായും ഇരുട്ടത്തായിരുന്നു മോക്ക് ഡ്രിൽ. എല്ലാ കവലകളിലും പൊലീസിനെ വിന്യസിച്ചിരുന്നു.

പരിശീലനം പതിവ് തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ ദീപ്ശിഖ ശർമ്മ പറഞ്ഞു.അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യം വന്നാലും നേരിടാൻ സജ്ജമാണെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അതിർത്തി സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കി. പഞ്ചാബ് പൊലീസ് മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രധാന സ്ഥലങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു.

ഫെഡറൽ ഏജൻറ് ചമഞ്ഞ് വയോധികയിൽ നിന്ന് പണം തട്ടാൻ ശ്രമം; 21കാരനായ ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ അറസ്റ്റിൽ

നോർത്ത് കരോലിന: ഫെഡറൽ ഏജന്റായി ആൾമാറാട്ടം നടത്തി വയോധികയുടെ പണം തട്ടാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. കിഷൻ കുമാർ സിംഗ് എന്ന 21കാരനാണ് അമേരിക്കയിൽ അറസ്റ്റിലായത്. 2024 മുതൽ സ്റ്റുഡന്റ് വിസയിൽ ഒഹായോയിലെ സിൻസിനാറ്റി പ്രദേശത്ത് താമസിച്ചിരുന്ന കിഷൻ കുമാറിനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി.

നോർത്ത് കരോലിന സ്വദേശിയായ 78 കാരിയെ ഫോണിലൂടെ ബന്ധപ്പെട്ട കിഷൻ കുമാർ പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തി. വയോധികയുടെ ബാങ്ക് അക്കൗണ്ടുകൾ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് കള്ളം പറഞ്ഞു. കേസിൽ നിന്നൊഴിവാക്കാൻ വൻതുക നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ഗിൽഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസ് (ജിസിഎസ്ഒ) അറിയിച്ചു.

ഫെഡറൽ ഏജന്റായി വേഷംമാറി കിഷൻ കുമാർ നേരിട്ട് സ്ത്രീയുടെ വസതിയിൽ എത്തി പണം കൈപ്പറ്റി. അവിടെ വെച്ചാണ് നാടകീയ വഴിത്തിരിവുണ്ടായത്. സംഭവ സ്ഥലത്തു വെച്ചുതന്നെ ഇയാൾ അറസ്റ്റിലായി. ഗിൽഫോർഡ് കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ കിഷനെതിരെ കേസെടുത്തു, നിലവിൽ ജയിലിലാണ്. മറ്റൊരാളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു, പ്രായമായ ഒരാളെ ചൂഷണം ചെയ്തു തുടങ്ങിയവ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

“പ്രതിയെ പിടികൂടാനും വയോധികർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരകളാകുന്നത് തടയാനും ഞങ്ങളുടെ ഉദ്യോഗസ്ഥർ വേഗത്തിൽ പ്രവർത്തിച്ചു. ജാഗ്രത പാലിക്കാനും സംശയാസ്പദമായ ഏതൊരു ഇടപെടലും ഉടൻ റിപ്പോർട്ട് ചെയ്യാനും ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു” എന്ന് ഷെരീഫ് ഡാനി എച്ച് റോജേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. കിഷനൊപ്പം തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.

വിവിധ ജില്ലകളിൽ നാളെ മുന്നറിയിപ്പുമായി സൈറൺ മുഴങ്ങും, സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം; പരിഭ്രാന്തി വേണ്ട

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ – പാക് ബന്ധം കൂടുതൽ മോശമാകുമ്പോൾ സംഘർഷത്തിന് തയ്യാറെടുക്കാനുള്ള നിർദേശം നൽകി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര സർക്കാർ യോഗം ഇന്ന് നടക്കും. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനുൾപ്പടെയുള്ള വഴികൾ യോഗം വിലയിരുത്തും. പാകിസ്ഥാനി ഹാക്കർമാർ പ്രതിരോധ സ്ഥാപനങ്ങളിൽ കടന്നു കയറിയതിൽ കേന്ദ്രത്തിന് കടുത്ത ആശങ്കയുണ്ട്. പല സ്ഥാപനങ്ങളിലും സൈബർ ആക്രമണം ചെറുക്കാനായെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.

കഴിഞ്ഞ മാസത്തെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ, ഫലപ്രദമായ സിവിൽ ഡിഫൻസിനായി നാളെ മോക്ഡ്രിൽ നടത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രില്ലിൻറെ ഭാഗമായി, വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കുകയും ശത്രുതാപരമായ ആക്രമണമുണ്ടായാൽ സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് സാധാരണക്കാരെയും വിദ്യാർത്ഥികളെയും പരിശീലിപ്പിക്കുകയും ചെയ്യും.

സുപ്രധാന പ്ലാൻറുകളും സ്ഥാപനങ്ങളും നേരത്തേ മറയ്ക്കുന്നതിനും, രാത്രിയിൽ ലൈറ്റുകൾ പൂർണ്ണമായി ഓഫ് ചെയ്യുന്നതിനുമുള്ള വ്യവസ്ഥകളും ഉണ്ടാകും. സംസ്ഥാനങ്ങളോട് അവരുടെ ഒഴിപ്പിക്കൽ പദ്ധതി പുതുക്കാനും പരിശീലനം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മോക്ഡ്രില്ലിൽ കുറഞ്ഞത് 244 സിവിൽ ജില്ലകളെങ്കിലും പങ്കെടുക്കും. മോക്ഡ്രില്ലിന്റെ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായിട്ടാണ് ഹോം സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം വിളിച്ചിട്ടുള്ളത്. മിക്ക സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കും.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), ദേശീയ ദുരന്ത പ്രതികരണ സേന (NDRF), റെയിൽവേ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും എയർ ഡിഫൻസ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ തുടർച്ചയായി അതിർത്തി കടന്നുള്ള വെടിവയ്പ്പ് നടത്തുന്നതിനിടയിലാണ് സംസ്ഥാനങ്ങൾക്ക് സുരക്ഷാ ഡ്രിൽ ഉപദേശം നൽകിയത്. കഴിഞ്ഞ 11 രാത്രികളായി, നിയന്ത്രണ രേഖയിൽ (LoC) പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുകയും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.

ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയും ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിനും പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ. 2019 ലെ പുൽവാമയിലെ സിആർപിഎഫ് ജവാന്മാരുടെ ആക്രമണത്തിന് ശേഷം കശ്മീർ താഴ്‌വരയിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ പ്രതിരോധം ശക്തമാക്കുകയും അതിർത്തിയിലെ പോസ്റ്റുകൾ ബലപ്പെടുത്തുകയും ഇന്ത്യയുടെ സൈനിക നടപടി പ്രതീക്ഷിച്ചു മിസൈൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

പെട്രോൾ പമ്പുടമകളെ വലച്ച് ഉപഭോക്താക്കളുടെ പുതിയ തന്ത്രം; യുപിഐ, കാർഡ് പേയ്മെന്റുകൾ എങ്ങനെ തുടരുമെന്ന് ചോദ്യം

ചെന്നൈ: രാജ്യത്ത് പലയിടത്തും പെട്രോൾ പമ്പ് ഉടമകൾക്ക് തലവേദനയായി പുതിയ പ്രതിസന്ധി. ഇന്ധനം നിറച്ച ശേഷം യുപിഐ വഴിയും കാർഡ് വഴിയുമൊക്കെ പണം നൽകുന്നവർ വ്യാജ പരാതികളുമായി ബാങ്കുകളെ സമീപിക്കുകയാണെന്നാണ് പമ്പുടമകളുടെ ആരോപണം. എന്നാൽ ബാങ്കുകൾ ഇത്തരം പരാതികളുടെ നിജസ്ഥിതി പരിശോധിക്കാതെ നേരെ സൈബർ ക്രൈം പൊലീസിന് കൈമാറുന്നു. പൊലീസ് ആവട്ടെ മറ്റൊന്നും ആലോചിക്കാതെ പമ്പുടമകളുടെ കറണ്ട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്യുന്നു.

പല സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ വ്യാപകമാവാൻ തുടങ്ങിയതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ പത്താം തീയ്യതി മുതൽ പമ്പുടമകൾ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണെന്ന് അറിയിച്ചു. തമിഴ്നാട്ടിൽ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കൾ അക്കൗണ്ട് ഫ്രീസിങ് നടപടികൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. എണ്ണക്കമ്പനികളിൽ നിന്ന് സ്റ്റോക്ക് എടുക്കുന്നത് മുതൽ ഉപഭോക്തക്കളിൽ നിന്ന് പണം വാങ്ങുന്നതിനും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന അക്കൗണ്ടുകൾക്കാണ് ഇങ്ങനെ അവിചാരിതമായി പൂട്ടുവീഴുന്നത്. ഇതോടെ പമ്പുകളിലേക്ക് ഇന്ധനം എത്തിക്കാനോ വ്യാപാരം നടത്താനോ സാധിക്കാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. മിക്കയിടങ്ങളിലും പ്രധാന അക്കൗണ്ടായി ഉപയോഗിക്കുന്നതിലേക്കാണ് യുപിഐ, കാർഡ് പേയ്‍മെന്റ് തുകകളും എത്തുന്നത്. അതുകൊണ്ടു തന്നെ പരാതികൾ വരുമ്പോൾ ഫ്രീസ് ചെയ്യപ്പെടുന്നതും ഈ അക്കൗണ്ട് തന്നെയായിരിക്കും.

ഏഴ് മുതൽ പത്ത് ദിവസം വരെ സമയമെടുത്ത് പല തവണ പൊലീസ് സ്റ്റേഷനുകളും ബാങ്കും കയറിയിറങ്ങിയ ശേഷം മാത്രമാണ് അക്കൗണ്ട് ഫ്രീസിങ് മാറിക്കിട്ടുന്നത്. ചില സാഹചര്യങ്ങളിൽ പമ്പുകളിലെ പിഒഎസ് മെഷീനുകൾ ഉപയോഗിക്കുന്നതിന്റെ പേരിൽ പോലും നടപടികൾ വരുന്നതായി ഉടമകൾ പറയുന്നു. ഉപഭോക്താക്കൾ കാർഡുകൾ ഉപയോഗിക്കുമ്പോൾ നൽകേണ്ടി വരുന്ന ട്രാൻസാക്ഷൻ ചാർജുകൾ തങ്ങൾ വഹിക്കേണ്ടി വരുന്നതുകൊണ്ട് ഡിജിറ്റൽ ഇടപാടുകൾക്ക് ലാഭം കുറവാണെന്നും അതിന് പുറമെയാണ് ഇപ്പോഴത്തെ പ്രതിസന്ധി കൂടി എത്തുന്നതെന്നും ഡീലർമാരുടെ സംഘടനാ നേതാക്കൾ പറഞ്ഞു.

നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കാൻ നിർദേശമുണ്ടായിരുന്നു. ഇപ്പോൾ ഓരോ സെക്കന്റിലും ഡിജിറ്റൽ ഇടപാടുകളാണ് നടക്കുന്നത്. പക്ഷേ സൈബർ പൊലീസിന്റെ ഭാഗത്തു നിന്ന് ഇത്തരം വിവേചന രഹിതമായ ഇടപെടലുണ്ടാവുകയും പരിശോധനകളില്ലാതെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യാൻ തുടങ്ങിയാൽ പിന്നെ നോട്ടുകളിലേക്ക് തന്നെ മടങ്ങേണ്ടി വരുമെന്നും ഇത് ഉപഭോക്താക്കൾക്ക് തന്നെ ബുദ്ധിമുട്ടാവുമെന്നും വ്യാപാരികൾ പറഞ്ഞു. അതേസമയം പണം നഷ്ടമായെന്ന പരാതികളിൽ അക്കൗണ്ട് മരവിപ്പിക്കൽ അത്യാവശ്യമായി വരുമെന്നാണ് തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥർ പറയുന്നത്. യുപിഐ ഇടപാടുകളിൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ മാത്രമാണ്. കാർഡ് ഇടപാടുകളിലാവട്ടെ രണ്ട് മുതൽ നാല് മണിക്കൂറുകളും. അതുകൊണ്ട് ഓരോ സെക്കന്റും വിലപ്പെട്ടതാണെന്നാണ് പൊലീസിന്റെ വാദം.

സിൽവർലൈനിന് റെയിൽവേ ‘കുരുക്ക്’; സുരേഷ് ഗോപി നിർദേശിച്ച ആർആർടിഎസ് പദ്ധതിക്ക് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം– കാസർകോട് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ റെയിൽവേ മന്ത്രാലയം സഹകരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിനു സാധ്യത, കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനു കീഴിൽ നടപ്പാക്കാവുന്ന റീജനൽ റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റം (ആർആർടിഎസ്) പദ്ധതി. സിൽവർലൈൻ , 1989ലെ റെയിൽവേ ആക്ടിനു കീഴിൽവരുന്ന റെയിൽവേ പദ്ധതിയാണ്.

അതേസമയം ആർആർടിഎസ് പദ്ധതികൾ 2002ലെ മെട്രോ ആക്ടിന്റെ പരിധിയിലാണു വരുന്നത്. ഡൽഹി–മീററ്റ് ആർആർടിഎസ് പദ്ധതി മാതൃകയിൽ തമിഴ്നാട് 3 പദ്ധതിക്കായി ഡിപിആർ പഠനം തുടങ്ങിയിട്ടുണ്ട്. സേലം–കോയമ്പത്തൂർ (185 കിമീ), ചെന്നൈ–വില്ലുപുരം (170 കിമീ), ചെന്നൈ–വെല്ലൂർ (140 കിമീ) റൂട്ടുകളിൽ 160 കിമീ വേഗം സാധ്യമാകുന്ന റാപ്പിഡ് റെയിൽ പദ്ധതികളാണു തമിഴ്നാട് പരിഗണിക്കുന്നത്.

കേന്ദ്രമന്ത്രി സുരേഷ്ഗോപി നെടുമ്പാശേരി–തൃശൂർ–പാലക്കാട് ആർആർടിഎസ് പദ്ധതിക്കായി മുൻപു കേന്ദ്ര നഗരകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. തിരുവനന്തപുരം മുതൽ തൃശൂർ വരെ റെയിൽവേ ഭൂമിയിൽനിന്നു അലൈൻമെന്റ് മാറുന്നതിനാൽ ആദ്യഘട്ടമായി തിരുവനന്തപുരം– തൃശൂരും രണ്ടാംഘട്ടമായി പുതിയ അലൈൻമെന്റിൽ തൃശൂർ മുതൽ കാസർകോട് വരെയും ആർആർടിഎസ് പദ്ധതി നടപ്പാക്കാൻ കഴിയും.

മെട്രോ ആക്ടിന്റെ പരിധിയിൽ വരണമെങ്കിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ മെട്രോപ്പൊലിറ്റൻ പ്രദേശമായി സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്യണം. നഗര–ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിൽ തുടർച്ചയായി പട്ടണങ്ങളുള്ളതിനാൽ ഇതു സാധ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു .

‘ഒരു പാർട്ടിയുടെയും ആളല്ല, പൊതുസ്വത്ത്; സ്വാധീനമുണ്ടാക്കാൻ പാടില്ലാത്ത കാര്യങ്ങൾ എന്നിലുണ്ട്’: വേടൻ ബാക്ക് ടു ‘പവർ’

ചെറുതോണി: സംസ്‌ഥാന സർക്കാരിന്റെ നാലാം വാർഷികത്തിൽ ഇടുക്കിയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശനത്തിലെ ആദ്യദിവസം ഒഴിവാക്കിയ കലാപരിപാടിയുടെ വേദിയിൽ തന്നെ അവസാനദിവസമായ തിങ്കളാഴ്ച രാഷ്ട്രീയം നിറയുന്ന റാപ്പ് സംഗീതനിശ അവതരിപ്പിച്ച് വേടൻ. ഏതെങ്കിലുമൊരു പാർട്ടിയുടെ ഭാഗമല്ല, പൊതുസ്വത്താണ് താനെന്ന് വേടൻ പറഞ്ഞു. നിങ്ങൾ എന്റെ നല്ല കാര്യങ്ങൾ കണ്ടുപഠിക്കൂ എന്നും തന്റെ ചില കാര്യങ്ങൾ ഇൻഫ്ലുവൻസ് ആകരുതെന്നും പാട്ടുകൾക്കിടെ വേടൻ കാണികളെ ഓർമിപ്പിച്ചു.

‘‘എന്നെ കാണാൻ വന്നവർക്കും നിങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഈ സർക്കാരിനോടും നന്ദിയുണ്ട്. വേടൻ ഏതെങ്കിലും ഒരു പാർട്ടിയുടെ ആളല്ല. വേടൻ പൊതു സ്വത്താണ്. നിങ്ങൾക്ക് ഞാൻ ചേട്ടനാണ്, അനിയനാണ്. ഞാൻ നിങ്ങളിൽ സ്വാധീനമുണ്ടാക്കുന്നുണ്ട്. എന്നാൽ സ്വാധീനമുണ്ടാക്കാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ എന്നിലുണ്ട്. എനിക്ക് പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു സഹോദരൻ എന്ന നിലയ്ക്ക് ഞാൻ പറയുന്നത്’’ – വേടൻ പറഞ്ഞു.

‘ബുദ്ധനായി നീ വീണ്ടും പിറക്കു’ എന്ന പാട്ടു പാടിയാണ് പരിപാടി തുടങ്ങിയത്. ഏറ്റവും പുതിയ ആൽബമായ മോണലോവായും വേദിയിൽ പാടി. മഞ്ഞുമ്മൽ ബോയ്സിലെ കുതന്ത്രവും പാടിയതോടെ സദസ് ആവേശത്തിലായി. ഏറെ വിവാദമായ വോയിസസ് ഓഫ് വോയ്‌സ്‌ലസ് പാടിയാണ് പരിപാടി അവസാനിപ്പിച്ചത്.

എല്ലാവരെയും ഉൾക്കൊള്ളുന്നവരുടെ സർക്കാരെന്ന നിലയിലാണ് വേടന്റെ പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു പരിപാടിക്കായി സമീപ ജില്ലകളിൽ നിന്ന് വരെ യുവാക്കളെത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് വേദിയിൽ ഒരുക്കിയിരുന്നത്.

‘മുഖ്യമന്ത്രിക്കും മകൾക്കും മകനുമെതിരെ വാർത്ത നൽകുന്നതിൻറെ പ്രതികാരം, ഡിജിപിക്കും എന്നോട് വാശി’: ഷാജൻ സ്കറിയ

തിരുവനന്തപുരം: എന്തിനോ വേണ്ടി സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ. അപകീർത്തി കേസിൽ അറസ്റ്റിന് ശേഷം ജാമ്യം ലഭിച്ചപ്പോഴായിരുന്നു പ്രതികരണം. മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെയാണ് ഷാജൻ സ്കറിയ ആരോപണം ഉന്നയിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യാൻ കയറി വന്നത് ഗുണ്ടകളെ പോലെയാണെന്നും ഷാജൻ സ്കറിയ ആരോപിച്ചു.

“എന്തിനോവേണ്ടി സർക്കാർ എന്നെ വേട്ടയാടുന്നു. ഞാൻ 90 വയസ്സായ അപ്പനും അമ്മയ്ക്കുമൊപ്പം വണ്ടിയോടിച്ച് വരുന്നതിനിടെ ആരോ പിന്തുടരുന്നതായി സംശയം തോന്നി. വീട്ടിലെത്തി അമ്മയ്ക്കും അപ്പനും ഭക്ഷണം കൊടുക്കുന്നതിനിടെയാണ് ഗുണ്ടകൾ വരുംപോലെ പൊലീസ് വന്നത്. അറസ്റ്റ് ചെയ്യാനാണ് വന്നത് സഹകരിക്കണം എന്ന് പറഞ്ഞു. ഉടുപ്പ് പോലും ഇടാൻ അനുവദിച്ചില്ല. എന്നോട് ഇതുവരെ ക്രൈം എന്താണെന്ന് പറഞ്ഞിട്ടില്ല. ആരാണ് പരാതിക്കാരി എന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കും മകൾക്കും ദുബൈ കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തനം നടത്തുന്ന മകനുമെതിരെ ധാരാളം വാർത്തകൾ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് വലിയ വിഷമമുണ്ട്. ഇപ്പോഴത്തെ ഡിജിപിക്കും എന്നോടൊരു വാശിയുണ്ട്. നേരത്തെ എന്നെ പിടിക്കാൻ നോക്കിയിട്ട് നടന്നില്ലല്ലോ. ഇറങ്ങുന്നതിന് മുൻപ് എന്നെ രണ്ട് ദിവസം ജയിലിലിടണമെന്ന് വാശിയുണ്ടാകും”- എന്നാണ് ജാമ്യം ലഭിച്ച ശേഷം ഷാജൻ സ്കറിയയുടെ പ്രതികരണം.

2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഹണി ട്രാപ്പിലൂടെ പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുഎഇയിൽ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്.

രാത്രി എട്ടരയോടെയാണ് ഷാജൻ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താൻ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും അവകാശപ്പെട്ടു.

ജസ്റ്റിസ് കെ.വി.വിശ്വനാഥന് 120.96 കോടിയുടെ നിക്ഷേപം, ചീഫ് ജസ്റ്റിസിന് 3.38 കോടി: സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.വി.വിശ്വനാഥനാണ് ഏറ്റവും കൂടുതൽ സ്വത്ത്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ സുപ്രീം കോടതി പുറത്തുവിട്ടത്.

ഏപ്രിൽ ഒന്നിലെ ഫുൾ കോർട്ട്‌ തീരുമാനപ്രകാരമാണ്‌ വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്തത്‌. 12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത്‌ ഉടൻ അപ്‌ലോഡ്‌ ചെയ്യുമെന്ന് സുപ്രീം കോടതി പ്രസ്താവനയിൽ അറിയിച്ചു. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.ആർ.വിശ്വനാഥൻ പത്തു വർഷത്തിൽ 91 കോടി രൂപ നികുതി അടച്ചിട്ടുണ്ട്‌.

2022 നവംബർ ഒമ്പതു മുതൽ 2025 മേയ്‌ അഞ്ചുവരെ സുപ്രീംകോടതി കൊളീജിയം നിയമന ശുപാർശ അംഗീകരിച്ച ജഡ്‌ജിമാരുടെ പേര്‌, ഏതു ഹൈക്കോടതി, നിയമിച്ച ദിവസം, ഇവർക്ക്‌ നിലവിലുള്ളതോ വിരമിച്ചതോ ആയ സുപ്രീംകോടതി/ ഹൈക്കോടതി ജഡ്‌ജിമാരുമായി ബന്ധമുണ്ടോ, നിയമനത്തിൽ ഹൈക്കോടതി കൊളീജിയത്തെിന്റെ ചുമതലകൾ, സംസ്ഥാന–കേന്ദ്ര സർക്കാരുകളുടെ ചുമതലയും നൽകിയ നിർദേശങ്ങളും, ഇവ പരിഗണിച്ച സുപ്രീം കോടതി കൊളീജിയത്തിന്റെ ചുമതലകളും നടപടികളും എന്നിവയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻ ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ.ചന്ദ്രചൂഡിന്റെ കാലത്ത്‌ ഹൈക്കോടതിയിൽ നിയമിക്കപ്പെട്ട 170 ജഡ്‌ജിമാരിൽ 12 പേർ മറ്റ് ജഡ്‌ജിമാരുടെ ബന്ധുക്കൾ ആയിരുന്നു.

വഴിമുട്ടി നേതൃമാറ്റം, വെട്ടിലായി ഹൈക്കമാൻഡ്; ഖർഗെയുടെയും രാഹുലിന്റെയും ഓഫിസിലേക്കു പരാതിപ്രളയം

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഊഷ്മളമായി കണ്ടുപിരിഞ്ഞിട്ടും പകരക്കാരനെ പ്രഖ്യാപിക്കാൻ അമാന്തിച്ചതു സ്ഥിതിഗതികൾ വഷളാക്കിയെന്ന വിലയിരുത്തലിലാണ് കേരളത്തിലെ പ്രമുഖ നേതാക്കൾ.

നിലപാടു കടുപ്പിക്കാൻ സുധാകരനും അദ്ദേഹം മാറേണ്ടെന്ന പരസ്യപ്രതികരണം ചില നേതാക്കളിൽനിന്നുണ്ടാകാനും സമയം ലഭിച്ചു. സുഗമമായി നീങ്ങിയിരുന്ന നേതൃമാറ്റ നടപടികളാണ് ആശയക്കുഴപ്പവും അനിശ്ചിതത്വവുമായതോടെ വഴിമുട്ടിയത്.

നേതൃമാറ്റമെന്ന പ്രചാരണം ഏതാണ്ട് അടങ്ങിയ ഘട്ടത്തിലാണു ഖർഗെയും രാഹുലും സുധാകരനെ കൂടിക്കാഴ്ചയ്ക്കു വിളിച്ചത്. മാറ്റമുണ്ടാകുമെന്നു സൂചിപ്പിക്കുന്ന രീതിയിൽ ഇടപെട്ട നേതാക്കൾ, സുധാകരനുമായി ദീർഘസമയം ചെലവിടുകയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു.

സുധാകരനെ ആശ്ലേഷിച്ച ഇരുവരും കാറിനു സമീപമെത്തി യാത്രയയയ്ക്കുകയും ചെയ്തു. നേതാക്കളുടെ ഇടപെടലിൽ സുധാകരൻ സന്തുഷ്ടനുമായി. നിയമസഭാ തെരഞ്ഞെടുപ്പു വരെ തുടരാൻ ആഗ്രഹം അറിയിച്ചെങ്കിലും, അന്നുതന്നെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചിരുന്നെങ്കിൽ പൂർണമനസ്സോടെ അംഗീകരിക്കാൻ സന്നദ്ധനുമായിരുന്നു. എന്നാൽ, പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റുന്നെന്നു സുധാകരനോടു സ്പഷ്ടമായി പറയാതിരുന്ന നേതൃത്വം പകരക്കാരനെ പ്രഖ്യാപിക്കാൻ മടിക്കുകയും ചെയ്തു.

കേരളത്തിൽ മടങ്ങിയെത്തിയ സുധാകരൻ, തന്നെ മാറ്റുന്നതിനു മുന്നോടിയായിരുന്നു കൂടിക്കാഴ്ച എന്ന പ്രചാരണത്തിൽ അസ്വസ്ഥനായി. തന്നോടു പറയാതെ പകരക്കാരനെ തീരുമാനിക്കുന്നെന്നു വന്നതോടെ പ്രകോപിതനുമായി. ശശി തരൂരും കെ.മുരളീധരനും ഉൾപ്പെടെ പരസ്യപിന്തുണ നൽകിയതോടെ സുധാകരനു ധൈര്യമായി.

അനാരോഗ്യം ആരോപിച്ചു മൂലയ്ക്കിരുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നു സുധാകരൻ തുറന്നടിച്ചതിൽ നേതൃത്വം അതൃപ്തരാണ്. ഒരുപക്ഷേ, സുധാകരനെ വിശ്വാസത്തിലെടുക്കാതെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കാൻ മടിച്ചേക്കില്ല. എന്നാൽ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് അതീവശ്രദ്ധയോടെ തീരുമാനമെടുക്കണമെന്ന വെല്ലുവിളിയുണ്ട്.

ആന്റണിയെക്കണ്ട് സുധാകരൻ

പിന്തുണ തേടി കെ.സുധാകരൻ മുതിർന്ന നേതാവ് എ.കെ.ആന്റണിയെ സന്ദർശിച്ചു. തന്നെ മാറ്റാനായി നടക്കുന്ന ചർച്ചകൾ അപമാനിക്കുന്ന നിലയിലേക്ക് എത്തിയെന്ന വികാരം പങ്കുവച്ചു. ഇന്നും തലസ്ഥാനത്തുള്ള സുധാകരൻ പിന്തുണയ്ക്കുന്ന നേതാക്കളുമായി ആശയവിനിമയം നടത്തി.

വെട്ടിലായി ഹൈക്കമാൻഡ്

പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കാൻ ഇറങ്ങിയ ഹൈക്കമാൻഡ് വെട്ടിലായി. ആന്റോ ആന്റണിയെ ഏറക്കുറെ ഉറപ്പിച്ചെങ്കിലും കേരളത്തിൽനിന്നു പരാതികൾ പ്രവഹിച്ചതോടെ നേതൃത്വം ആശയക്കുഴപ്പത്തിലാണ്. മല്ലികാർജുൻ ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ഓഫിസിലേക്ക് ഇ–മെയിലിൽ വ്യാപകമായി പരാതി എത്തിയെന്നാണു വിവരം. കേരളത്തിലെ ചില മുതിർന്ന നേതാക്കൾ നേരിട്ടു ബന്ധപ്പെട്ടതായും അറിയുന്നു.

സുധാകരനെ മാറ്റുന്നെങ്കിൽ ഗുണപരമായ രീതിയിൽ വേണമെന്നും പേരിനു മാത്രം മാറ്റം ആവശ്യമില്ലെന്നുമുള്ള അഭിപ്രായമാണ് പലരും അറിയിച്ചത്. പേരുകൊണ്ടുമാത്രം സമുദായ പ്രാതിനിധ്യം അംഗീകരിക്കില്ലെന്ന സന്ദേശം ഏതാനും ബിഷപ്പുമാർ അറിയിച്ചെന്നും സൂചനയുണ്ട്.

കെപിസിസി അധ്യക്ഷനെ തിങ്കളാഴ്ചതന്നെ പ്രഖ്യാപിക്കുമെന്ന് ആരു പറഞ്ഞു? നേതാക്കന്മാർ തമ്മിൽ കാണുമ്പോൾ ചർച്ചകൾ നടക്കും. തീരുമാനമെടുക്കേണ്ട സമയത്ത് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ പാർട്ടിക്ക് അറിയാം. നടന്ന ചർച്ചകളെപ്പറ്റി അറിയാതെ മാധ്യമങ്ങളാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ ഇതുവരെ യോഗം ചേർന്നിട്ടില്ല.

കേരളത്തിലുണ്ടായ അസ്വാരസ്യത്തെക്കുറിച്ച് ഇന്നലെ നേരിൽക്കണ്ട എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോടു രാഹുൽ ഗാന്ധി ചോദിച്ചു. നേതൃമാറ്റം സംബന്ധിച്ചുയർന്ന ആശയക്കുഴപ്പത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിക്കും അതൃപ്തിയുണ്ട്.

ആന്റോ ആന്റണിയെ അധ്യക്ഷനാക്കുന്നതിൽ ശനിയാഴ്ചതന്നെ നേതൃത്വം ധാരണയിലെത്തിയിരുന്നു. പത്തനംതിട്ട എംപിയായ ആന്റോ, വേണുഗോപാലിന്റെ വിശ്വസ്തനാണ്. സുധാകരനുമായി ഖർഗെയും രാഹുലും നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുക്കാതിരുന്ന വേണുഗോപാൽ ഇന്നലെ പ്രഖ്യാപനം നടത്താമെന്നുറപ്പിച്ചാണ് കേരളത്തിൽനിന്നു ഡൽഹിയിലെത്തിയത്. എന്നാൽ, സുധാകരന്റെ നീക്കവും നേതൃമാറ്റത്തിൽ അതൃപ്തി അറിയിച്ചുള്ള പരാതികളും എത്തിയതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു.

ആന്റോയ്ക്കു പുറമേ സണ്ണി ജോസഫിനെയും റോജി എം.ജോണിനെയുമാണ് അവസാനഘട്ടത്തിൽ നേതൃത്വം പരിഗണിച്ചത്. സമുദായസമവാക്യങ്ങൾ മാറ്റിവച്ച് പി.സി.വിഷ്ണുനാഥിനെ പരിഗണിക്കണമെന്ന നിർദേശം പഴയ എ ഗ്രൂപ്പുകാരായ യുവനേതാക്കൾ നേതൃത്വത്തിനു മുന്നിൽ വച്ചിരുന്നു.