22.3 C
Kollam
Saturday 20th December, 2025 | 04:41:23 AM
Home Blog Page 1093

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍. ബൈസരണ്‍ വാലിക്ക് സമീപത്ത് നിന്നാണ് അഹമ്മദ് ബിലാല്‍ എന്നയാളെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. പിടിയിലായ സമയത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ഇയാള്‍ ധരിച്ചിരുന്നത്. സുരക്ഷാ സേനയുടെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്നും വിവരമുണ്ട്.

വിരാട് കോഹ് ലിയുടെ കട്ടൗട്ടിന് മുന്നില്‍ വച്ച് ആടിനെ ബലി നല്‍കി…. യുവാക്കള്‍ അറസ്റ്റില്‍

വിരാട് കോഹ് ലിയുടെ കട്ടൗട്ടിന് മുന്നില്‍ വച്ച് ആടിനെ ബലി നല്‍കിയ സംഭവത്തില്‍ മൂന്ന് റോയല്‍ ചാലഞ്ചേഴ്സ് ആരാധകര്‍ അറസ്റ്റില്‍. യുവാക്കളായ സന്ന പാലയ്യ, ജയണ്ണ ടിപ്പെ സ്വാമി എന്നിവരാണ് അറസ്റ്റിലായത്. ചിത്രദുര്‍ഗ ജില്ലയിലെ മൊളക്കല്‍മുരു താലൂക്കിലെ മറിയമ്മനഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം. ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിലെ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെയായിരുന്നു ആരാധകരുടെ അതിരുവിട്ട പ്രകടനം.

ആടിനെ ബലി നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് യുവാക്കാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. ചെന്നൈ കിങ്സിനെതിരെ ആര്‍സിബി വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ആര്‍സിബി ആരാധകര്‍ വിരാട് കോഹ് ലിയുടെ കട്ടൗട്ടിന് മുന്നില്‍ വച്ച് ആടിനെ ബലി നല്‍കിയത്. അതിന് പിന്നാലെ ആരാധകര്‍ കോഹ് ലിയുടെ കട്ടൗട്ടില്‍ രക്താഭിഷേകം നടത്തുകയും ചെയ്തു.

കാര്‍ഗില്‍ യുദ്ധ കാലത്ത് പോലും സ്വീകരിക്കാത്ത മോക് ഡ്രില്‍

കാര്‍ഗില്‍ യുദ്ധ കാലത്ത് പോലും സ്വീകരിക്കാത്ത മോക് ഡ്രില്ലാണ് നാളെ കേരളത്തില്‍ നടക്കാന്‍ പോകുന്നത്. കേരളം അടക്കമുള്ള കടലോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലുമാണ് ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നത്. ഇന്നും നാളെയുമായാണ് ദേശവ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക് ഡ്രില്‍ നടക്കുകയെന്നാണ് ലഭ്യമായ വിവരം.
ആകാശമാര്‍ഗ്ഗമുള്ള ആക്രമണം തടയാന്‍ എയര്‍ സൈറന്‍, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രില്‍ തുടങ്ങി 10 നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ തീര സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം. ഇതിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ദാദ്ര നഗര്‍ ഹവേലി, മധ്യപ്രദേശ് എന്നീ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

കടകള്‍ക്ക് നല്‍കിയിരിക്കുന്ന ഇംഗ്ലിഷ് പേരുകള്‍ മാറ്റി തമിഴ് പേരുകളാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍

കടകള്‍ക്ക് നല്‍കിയിരിക്കുന്ന ഇംഗ്ലിഷ് പേരുകള്‍ മാറ്റി തമിഴ് പേരുകളാക്കണമെന്ന് വ്യാപാരികളോട് നിര്‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. വ്യാപാരി സമ്മേളനത്തില്‍ സംസാരിക്കവേയാണ് സ്റ്റാലിന്‍ ഈ അഭിപ്രായം മുന്നോട്ട് വച്ചത്. ‘നിങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ നിങ്ങളുടെ മക്കളാണ്. അവയ്ക്ക് ഇംഗ്ലിഷ് പേരുകളാണ് ഇതുവരെയും നല്‍കിയിരുന്നതെങ്കില്‍ അത് തമിഴിലേക്ക് മാറ്റണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് അഞ്ച് ഇനിമുതല്‍ തമിഴ്‌നാട്ടില്‍ വ്യാപാരിദിനമായി ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെറുകിട സ്ഥാപനങ്ങള്‍ക്ക് സ്വയം സര്‍ട്ടിഫിക്കേഷന്‍ മതിയെന്നും ചില കടകള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. 500 ചതുരശ്രയടിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ വിതരണവില്‍പ്പനശാലകള്‍ക്കുള്ള ട്രേഡ് ലൈസന്‍സ് സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ വഴിയാകാമെന്നും, വ്യാപാരസ്ഥാപനങ്ങള്‍ തമ്മിലുടലെടുക്കുന്ന തര്‍ക്കങ്ങള്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍സ് നിയമം (2024) അനുസരിച്ച് പരിഹരിക്കുന്നതിനായി ഉപദേശക സമിതികള്‍ രൂപീകരിക്കുമെന്നും അത് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍, ടൗണ്‍ പഞ്ചായത്ത്, പ്രാദേശിക ഭരണസംവിധാനം എന്നിങ്ങനെ വ്യാപിപ്പിക്കാനും തീരുമാനമായി.

പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം മെയ് 21ന് പ്രഖ്യാപിക്കും

സംസ്ഥാനത്തെ പ്ലസ് ടു ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം മെയ് 21ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 444707 വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. മെയ് 14 ന് ബോര്‍ഡ് മീറ്റിംഗ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നു വരികയാണ്. 413581 വിദ്യാര്‍ത്ഥികളാണ് ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.

ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍
ട്രയല്‍ അലോട്ട്‌മെന്റ് തീയതി മേയ് 24 ആണ്. ആദ്യ അലോട്ട്‌മെന്റ് തീയതി ജൂണ്‍ 2, രണ്ടാം അലോട്ട്‌മെന്റ് തീയതി ജൂണ്‍ 10, മൂന്നാം അലോട്ട്‌മെന്റ് തീയതി ജൂണ്‍ 16 എന്നിങ്ങനെയാണ്. 2025 ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

പൂരാവേശത്തില്‍…. കാത്തിരിപ്പിന് വിരാമമിട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എഴുന്നള്ളി

പൂരാവേശത്തിലാണ് തേക്കിന്‍കാട് മൈതാനവും തൃശൂര്‍ സ്വരാജ് റൗണ്ടും വടക്കുന്നാഥ സന്നിധിയുമെല്ലാം. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഏഴരയോടെ തിരുവമ്പാടിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു.
പിന്നാലെ വിവിധ ഘടക പൂരങ്ങള്‍ എഴുന്നള്ളിത്തുടങ്ങി. കാത്തിരിപ്പിന് വിരാമമിട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ആര്‍പ്പുവിളിച്ചും ആരവം മുഴക്കിയുമാണ് കാത്തുനിന്ന ആയിരക്കണക്കിന് ആരാധകര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വരവേറ്റത്.
ആരാധകര്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് രാമനെ വരവേറ്റത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി പൂര വിളംബരം നടത്തിയിരുന്നത് രാമനായിരുന്നു. ഏഴുവര്‍ഷമായി ഇപ്പോള്‍ അത് നിര്‍വഹിക്കുന്നത് എറണാകുളം ശിവകുമാറാണ്. ഇക്കുറി രാമന്‍ പൂരത്തിന് എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതിയുടെ തിടമ്പേറ്റാനായിരുന്നു നിയോഗം. രാവിലെ എട്ടരയോടെ ചെമ്പൂക്കാവ് ക്ഷേത്രത്തില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടുകൂട്ടാലകള്‍ക്കൊപ്പം ആണ് രാമന്‍ വടക്കുംനാഥനെ വണങ്ങാന്‍ എത്തിയത്. 11.30ഓടെ മഠത്തില്‍ വരവ് ആരംഭിച്ചു. മഠത്തില്‍വരവിനൊപ്പമുള്ള പഞ്ചവാദ്യം കാണാനായി നിരവധിപേരാണ് ഒത്തുചേര്‍ന്നിരിക്കുന്നത്.
കോങ്ങാട് മധുവിന്റെ നേതൃത്വത്തിലാണ് പഞ്ചവാദ്യം. പന്ത്രണ്ടരയോടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. വൈകീട്ട് അഞ്ചരയ്ക്ക് തേക്കെ നടയിലാണ് കുടമാറ്റം. നാളെ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക. പൂരത്തിന്റെ ഹൈലൈറ്റായ ഇലഞ്ഞിത്തറ മേളത്തിനും കുടമാറ്റത്തിനുമായി കാത്തിരിക്കുകയാണ് പൂരപ്രേമികള്‍.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജാഗ്രതാ നിര്‍ദേശം

.സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജാഗ്രതാ നിര്‍ദേശം. എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി. കൂടുതല്‍ പോലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉത്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയാണ് സുരക്ഷ. വൈദ്യുത ഉത്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടാകും

സിപിഎം എംഎൽഎ രാജയ്ക്ക് ആശ്വാസം, തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡെല്‍ഹി.ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ സിപിഐഎം എംഎൽഎ രാജയ്ക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാജയ്ക്ക് ദേവികുളം എംഎൽഎയായി തുടരാം.


പരിവർത്തിത ക്രിസ്ത്യനായ എ രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ ഡി കുമാർ ഹൈകോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ വാദം ശരിവെച്ച ഹൈകോടതി തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. പിന്നാലെയാണ് രാജ സുപ്രീംകോടതിയെ സമീപിച്ചത്. നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിൽ എ രാജയ്ക്ക് അനുകൂലമായ വിധി.

രാജ പട്ടികജാതിക്കാരൻ അല്ല എന്ന വാദത്തിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു എന്നാണ് ഹർജിക്കാരനായ ഡി കുമാർ പറഞ്ഞത്.അനാവശ്യ വിവാദമുണ്ടാക്കിയവർക്കുള്ള താക്കീതാണ് വിധിയെന്ന് CPIM പ്രതികരിച്ചു.

സുപ്രീംകോടതി വിധിയോടെ ആരോപണങ്ങളെ അതിജീവിക്കാനായത് എ രാജക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ്

ജഡ്ജിമാരുടെ സ്വത്ത് ,21 പേരുടെ വിവരങ്ങൾ സുപ്രീംകോടതി വെളിപ്പെടുത്തി

ന്യൂഡെല്‍ഹി.സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി സുപ്രീം കോടതി ജഡ്ജിമാർ. 21 ജഡ്ജിമാരുടെ സ്വത്ത് സ്വത്ത് വിവരങ്ങൾ സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നടപടി സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് സുപ്രീംകോടതിയുടെ പ്രസ്താവന.

സുപ്രീം കോടതിയിലെ 33 ജഡ്ജിമാരിൽ 21 പേരുടെ സ്വത്തുവിവരങ്ങൾ ആണ് പ്രസിദ്ധീകരിച്ചത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 3.38 കോടിയുടെ നിക്ഷേപം ആണുള്ളത്. ഏറ്റവും കൂടുതൽ നിക്ഷേപമുള്ളത് ജസ്റ്റിസ് കെ വി വിശ്വനാഥനാണ് 120 കോടി. 2024 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ജസ്റ്റിസ് കെ വി വിശ്വനാഥൻ 91. 47 കോടി
രൂപ ആദായനികുതി അടച്ചതായും സുപ്രീംകോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചൽ ഫണ്ടിൽ 7. 94 രൂപയുടെ നിക്ഷേപമുണ്ട്. നിയുക്ത ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നിക്ഷേപമായി
42 .77 ലക്ഷം രൂപയാണ് ഉള്ളത്. 1.3 കോടിയുടെ ബാധ്യതയുള്ളതായും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖകളിൽ വ്യക്തമാക്കുന്നുണ്ട്.
ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കുമുള്ള നിയമനങ്ങളുടെ പൂർണ്ണമായ പ്രക്രിയ, കൊളീജിയത്തിന് നൽകിയിട്ടുള്ള പങ്ക്, സംസ്ഥാന സർക്കാരുകളിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും പൊതുജനങ്ങളുടെ അവബോധത്തിനായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

കണ്ണൂര്‍. ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ. മൈസൂരുവിൽ നിന്നാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ സുധീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ പ്രാദേശിക കോൺഗ്രസ്‌ നേതാവ് സുനീഷ് തോമസിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.


ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യർ കൂടിയായ സുധീർ തോമസിനെ പൊലീസ് പിടികൂടിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സുഹൃത്ത് സുനീഷിനൊപ്പം ചേർന്നാണ് സുധീർ ബാങ്കിൽ നിന്ന് സ്വർണം കവർന്നത്. തട്ടിയെടുത്തതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണം പൂർണമായി വിൽപ്പന നടത്തിയെന്നാണ് പ്രതികളുടെ മൊഴി. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ്‌ റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. തട്ടിപ്പിൽ ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ ഭരണസമിതി സസ്പെൻഡ് ചെയ്തിരുന്നു