വാഹന പ്രേമികളുടെ ആകാംക്ഷയ്ക്ക് വിരാമമാകുന്നു; എസ്യുവി ജിംനിയുടെ ഉത്പാദനം മാരുതി സുസുക്കി ആരംഭിച്ചു

Advertisement

വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് ഡോര്‍ ലൈഫ്സ്റ്റൈല്‍ എസ്യുവിയായ ജിംനിയുടെ ഉത്പാദനം മാരുതി സുസുക്കി ആരംഭിച്ചു. ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്ലാന്റിലാണ് ഉത്പാദനം ആരംഭിച്ചിരിക്കുന്നത്. മാരുതി സുസുക്കി ജിംനി 2023 ജൂണില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കും. 2023 ഓട്ടോ എക്സ്പോയില്‍ അനാച്ഛാദനം ചെയ്ത ഈ പുതിയ ലൈഫ്സ്റ്റൈല്‍ എസ്യുവിക്ക് ഏകദേശം 25,000 പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചു. മാനുവല്‍ പതിപ്പിന് ഏകദേശം ആറ് മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. ഓട്ടോമാറ്റിക് പതിപ്പിന് ഏകദേശം ഏഴ് മുതല്‍ എട്ട് മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടാകും.
പ്രതിവര്‍ഷം ഒരുലക്ഷം യൂണിറ്റ് ജിംനി ഉല്‍പ്പാദിപ്പിക്കാന്‍ മാരുതി സുസുക്കി പദ്ധതിയിടുന്നു. രാജ്യത്ത് പ്രതിമാസം 7000 യൂണിറ്റുകള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ സെറ്റ, ആല്‍ഫ എന്നീ രണ്ട് ട്രിം ലെവലുകളില്‍ എസ്യുവി വാഗ്ദാനം ചെയ്യും. അഞ്ച് സിംഗിള്‍ ടോണിലും രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും ഇത് ലഭിക്കും. കൈനറ്റിക് യെല്ലോ + ബ്ലൂഷ് ബ്ലാക്ക് റൂഫ്, സിസില്‍ റെഡ് + ബ്ലൂഷ് ബ്ലാക്ക് റൂഫ്, നെക്‌സ ബ്ലൂ, ബ്ലൂഷ് ബ്ലാക്ക്, സിസ്ലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, പേള്‍ ആര്‍ട്ടിക് വൈറ്റ് തുടങ്ങിയവയാണ് നിരഭേദങ്ങള്‍.

മികച്ച ഇന്ധനക്ഷമതയ്ക്കായി 1.5 ലിറ്റര്‍ K15B 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 103PS പവറും 134Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ട്രാന്‍സ്മിഷന്‍ ചോയിസുകളില്‍ 5-സ്പീഡ് മാനുവലും 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കും ഉള്‍പ്പെടും. കുറഞ്ഞ റേഞ്ച് ഗിയര്‍ബോക്സുള്ള സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4×4 ഡ്രൈവ്ട്രെയിന്‍ ഇതിന് ലഭിക്കുന്നു. എസ്യുവിക്ക് 36 ഡിഗ്രി അപ്രോച്ച് ആംഗിളും 50 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും 24 ഡിഗ്രി ബ്രേക്ക് ഓവര്‍ ആംഗിളും ഉണ്ട്. പരുക്കന്‍ ലാഡര്‍-ഓണ്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി, എസ്യുവിക്ക് 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ട്.

ആറ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഈ എസ്യുവിയില്‍ സുരക്ഷ ഒരുക്കാനായി ഉള്ളത്. നെക്‌സ പ്രീമിയം ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കിലൂടെയാണ് പുതിയ ജിംനി വില്‍ക്കുന്നത്.

Advertisement