ഫ്രിഡ്ജിലെ വെള്ളം കുടിക്കുന്നവരുടെ ശ്രദ്ധക്ക്

വേനൽക്കാലത്ത് പുറത്തോട്ട് പോയി തിരികെ വീട്ടിൽ വന്ന് കയറുമ്പോൾ ഫ്രിഡ്ജിൽ നിന്ന് നല്ല തണുത്ത വെള്ളമെടുത്ത് വായിലേക്ക് ഒരൊറ്റ കമിഴ്ത്താണ്. ചൂടിന് ആശ്വാസമേകാനും പരവേശം പോകാനും ഇതിലും നല്ല മാർഗമില്ലെന്നുതന്നെ പറയാം. എന്നാൽ ഇത് ഹൃദ്രോഗ പ്രശ്‌നമുള്ളവരിൽ ജീവൻ തന്നെ അപകടത്തിലാക്കാമെന്ന് ഹൃദയാരോഗ്യ വിദഗ്ധർ പറയുന്നു.

അമിതമായി തണുത്ത വെള്ളം രക്തധമനികളെ ചുരുക്കി തലച്ചോറിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. വാസോസ്പാസം എന്നാണ് ഇത്തരത്തിൽ തലച്ചോറിലെ രക്തധമനി ചുരുങ്ങുന്നതിനെ വിളിക്കുന്നത്. തലച്ചോറിനും അതിന് ചുറ്റുമുള്ള പാളിക്കും ഇടയിൽ രക്തസ്രാവമുണ്ടാക്കുന്ന സബ്അരക്‌നോയ്ഡ് ഹെമറേജോ തലച്ചോറിലെ രക്തധമനികളിൽ ബലൂൺ പോലുള്ള വീർത്ത് പൊട്ടുന്ന ബ്രെയ്ൻ അന്യൂറിസമോ ബാധിച്ച് ചികിത്സയിലുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ വാസോസ്പാസം ഉണ്ടാകാനുള്ള സാധ്യത അധികമാണ്.

ബ്രെയ്ൻ അന്യൂറിസം ഉണ്ടാകുന്ന 50 മുതൽ 90 ശതമാനം പേരിലും വാസോസ്പാസത്തിന് സാധ്യത അധികമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനെ ഉദ്ദീപിപ്പിക്കാൻ തണുത്ത പാനീയങ്ങൾക്ക് സാധിക്കുന്നതായാണ് ചില പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ഇതിനാൽ ഹൃദ്രോഗികൾ കഴിവതും തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.

Advertisement