ബാഡ്മിന്റനിൽ ചരിത്രമെഴുതി സാത്വിക്–ചിരാഗ് സഖ്യം, ഇന്ത്യയ്ക്ക് 26–ാം സ്വർണം

Advertisement

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ ചരിത്രമെഴുതി ഇന്ത്യ. പുരുഷ ബാഡ്മിന്റൻ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‍രാജ്– ചിരാഗ് ഷെട്ടി സഖ്യം നേടി. ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൻ ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ഫൈനലിൽ ദക്ഷിണകൊറിയയെ 21–18, 21–16 എന്ന സ്കോറിനാണ് ഇന്ത്യ തോൽപിച്ചത്.

വനിതാ കബഡിയിൽ സ്വർണ മെഡൽ നേടിയതോടെ 100 മെഡൽ എന്ന സുവർണസംഖ്യയിൽ ഇന്ത്യ എത്തിയിരുന്നു. ഇന്ത്യയുടെ ആകെ സ്വർണ മെഡലുകൾ 26 ആയി. വനിതാ കബഡി ഫൈനലിൽ ചൈനീസ് തായ്‌പേയ്‌യെ 26–24 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഗെയിംസിന്റെ 14–ാം ദിനത്തിൽ രാവിലെ തന്നെ മൂന്നു സ്വർണം ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതാ ആർച്ചറിയിൽ ജ്യോതി വെന്നം, പുരുഷ ആർച്ചറിയിൽ ഓജസ് ഡിയോട്ടലെ എന്നിവരാണ് മറ്റു സ്വർണ നേട്ടക്കാർ. പുരുഷ ആർച്ചറിയിൽ വെള്ളിയും വനിതാ ആർച്ചറിയിൽ വെങ്കലവും ഇന്ത്യയ്ക്കാണ്.

ഇന്നലെ വരെ 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവും സഹിതം 95 മെഡലുകളാണ് ഇന്ത്യ നേടിയത്. പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റൻ പുരുഷ ഡബിൾസിലും ഫൈനൽ മത്സരങ്ങളിൽ ഇന്ത്യൻ പ്രാതിനിധ്യമുള്ളതിനാൽ രണ്ടു മെഡലുകൾകൂടി ഉറപ്പാണ്. ഗെയിംസ് ചരിത്രത്തിൽ സർവകാല നേട്ടം ഇന്ത്യ നേരത്തേ ഉറപ്പാക്കിയിരുന്നു. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 70 മെഡലുകൾ നേടിയതായിരുന്നു മുൻറെക്കോർഡ്.

Advertisement