ബിഹാറിൽ മൂന്ന് കുട്ടികളെ അമ്മാവൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ ഔറംഗാബാദിലാണ് സംഭവം. പേപ്പര്‍ മുറിക്കാനുപയോഗിക്കുന്ന മൂര്‍ച്ചയുള്ള കട്ടർ ഉപയോഗിച്ചാണ് കുട്ടികളെ അവരുടെ അമ്മാവൻ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പ്രതിയായ അമന്ത് പാൽ കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇയാളെ പട്നയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഹസാപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അരുംകൊല നടന്നത്. അനിഷ് കുമാർ(10), ആയുഷ് കുമാർ(7), അനുഷ്ക കുമാരി(5) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് കരുതുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് പറയുന്നതനുസരിച്ച്, രാവിലെ വീട്ടിൽ നിന്നിറങ്ങിയ അമന്ത് പാൽ, തിരിച്ചെത്തി വാതിൽ മുട്ടിയപ്പോൾ സഹോദരഭാര്യ അനിത ദേവി വാതിൽ തുറക്കാൻ കുറച്ച് സമയമെടുത്തു. കുളിച്ചുകൊണ്ടിരുന്നതിനാലാണ് വാതിൽ തുറക്കാൻ വൈകിയത്. എന്നാൽ, വീടിനകത്ത് കയറിയ അമന്ത് പാൽ സ്പീക്കര്‍ ഉച്ചത്തില്‍ വെക്കുകയും തുടര്‍ന്ന് കുട്ടികളെ ഓരോരുത്തരായി കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് അമന്ത് പാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ബഹളം കേട്ട് സംഭവസ്ഥലത്തെത്തിയ നാട്ടുകാർ മൂന്ന് മൃതദേഹങ്ങൾക്ക് സമീപം കഴുത്തിൽ നിന്ന് രക്തം വാർന്ന് കിടക്കുന്ന അമന്ത് പാലിനെയാണ് കണ്ടത്. തുടർന്ന് ഇയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.































