രാജ്‌കോട്ട്: പ്രസവമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍. ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. പ്രതി കമല്‍ നന്ദ എന്ന ഡോക്ടര്‍ സഹപ്രവര്‍ത്തകരില്‍ ഒരാളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ റെക്കോര്‍ഡുചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിച്ചുവെന്ന് പൊലീസ് പറഞ്ഞു.
സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോടുള്ള പ്രണയമാണ് ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. അന്വേഷണത്തിനിടെ 3,000-ത്തിലധികം വീഡിയോകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. റെക്കോര്‍ഡിംഗുകള്‍ ശേഖരിക്കാന്‍ പ്രതി ഒളിക്യാമറയുടെ മെമ്മറി കാര്‍ഡുകള്‍ മാറ്റിക്കൊണ്ടിരുന്നു. 2023 മുതല്‍ കമല്‍ നന്ദ ഇത്തരത്തില്‍ രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു.
Also Read:
ക്ലിനിക്കിലെ ലേബര്‍ റൂമിലെ ബള്‍ബ് ഹോള്‍ഡറിനുള്ളിലാണ് ഇയാള്‍ അതിവിദഗ്ധമായി സ്‌പൈ ക്യാമറ ഒളിപ്പിച്ചു വെച്ചത്. ലൈറ്റ് ഓണ്‍ ചെയ്യുമ്പോള്‍ ക്യാമറ പ്രവര്‍ത്തിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.വനിതാ ഡോക്ടറുടെയും മറ്റൊരു ഡോക്ടറുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി .25 ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. ഇതിനോടകം 50,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്താന്‍ ചില പ്രാദേശിക ഇടനിലക്കാരെയും വ്യാജ മാധ്യമപ്രവര്‍ത്തകരെയും ഇയാള്‍ ഉപയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പന്ത്രണ്ടോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.






























