ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സിന്റെ സംഘാടനത്തിലെ പോരായ്മകളെക്കുറിച്ചും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും മറ്റ് മന്ത്രിമാരുടെയും അസാന്നിധ്യത്തെക്കുറിച്ചും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പരാമര്‍ശം വന്നതിന് പിന്നാലെയാണ് അതിരൂക്ഷവിമര്‍ശനവുമായി മോദി രംഗത്തെത്തിയത്.
സാമൂഹികമാധ്യമമായ എക്സിലാണ് അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. രാഷ്ട്രപതി സംസാരിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ‘ഇത് ലജ്ജാകരവും മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുമാണ്. ജനാധിപത്യത്തിലും ഗോത്രവിഭാഗത്തിന്റെ ശാക്തീകരണത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍പേരും നിരാശരാണ്. ഗോത്രവിഭാഗക്കാരിയായ രാഷ്ട്രപതി തന്നെ പ്രകടിപ്പിച്ച വേദനയും നിരാശയും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ അതീവദുഃഖം ഉണ്ടാക്കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. രാഷ്ട്രപതിക്കുണ്ടായ ഈ അപമാനത്തിന് അവരുടെ ഭരണകൂടമാണ് ഉത്തരവാദികള്‍. സാന്താള്‍ സംസ്‌കാരം പോലെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നിനെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തത് ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രപതീപദം രാഷ്ട്രീയത്തിന് മുകളിലാണ്. അതിന്റെ പരിശുദ്ധിയെ എല്ലായ്പ്പോഴും ബഹുമാനിക്കണം, മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സ്, പശ്ചിമബംഗാളിലെ ബിധാന്‍ നഗറില്‍നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പുരിലെ താരതമ്യേന ചെറിയ വേദിയിലേക്ക് മാറ്റിയിരുന്നു. സുരക്ഷകാരണങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാല്‍ വേദി മാറ്റിയതുകാരണം നിരവധി ഗോത്ര സമുദായാംഗങ്ങള്‍ക്ക് പങ്കെുക്കാന്‍ കഴിഞ്ഞില്ലെന്നും ആദ്യത്തെ വേദി ആയിരുന്നെങ്കില്‍ വലിയ ആള്‍ക്കൂട്ടത്തെ ഉള്‍ക്കൊള്ളാനാകുമായിരുന്നെന്നും ചടങ്ങില്‍ സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും മറ്റ് മന്ത്രിമാരുടെയും അസാന്നിധ്യത്തെ കുറിച്ചും പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ കുറിച്ചും രാഷ്ട്രപതി പറഞ്ഞിരുന്നു.
വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിമാരോ മറ്റ് മന്ത്രിമാരോ എത്തിയിരുന്നില്ല. സിലിഗുരി മേയര്‍ ഗൗതം ദേബ് മാത്രമായിരുന്നു അവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലുണ്ടായിരുന്നത്. രാഷ്ട്രപതി ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. പക്ഷെ അവര്‍ (മമതാ ബാനര്‍ജി) വന്നില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമതാദീദിയും എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവര്‍ക്ക് എന്നോട് ദേഷ്യമാണോ അതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ലെന്നായിരുന്നു ദ്രൗപതി മുര്‍മു പ്രസംഗത്തില്‍ പറഞ്ഞത്.
ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് . ബംഗാളില്‍ നടന്ന അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കാനെത്താത്തതിലും വേദി മാറ്റിയതിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മമത ബാനര്‍ജി.
ബിജെപിയുടെ ഉപേദശപ്രകാരം രാഷ്ട്രതി രാഷ്ട്രീയം കളിക്കരുതെന്ന് മമതാ ബാനര്‍ജി തിരിച്ചടിച്ചു. ‘മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ഗോത്രവര്‍ഗക്കാര്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിക്കുന്നില്ല. ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുത്. തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രപതി തുടര്‍ച്ചയായി വരുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഞങ്ങള്‍ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണമെന്നാണോ പറയുന്നത്?’, മമത തിരിച്ചടിച്ചു.




































