ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോര്‍ഡ് ഓഫ് പീസില്‍’ ചേരാനുളള ക്ഷണം പരിശോധിച്ച് വരികയാണെന്ന് ഇന്ത്യ. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ലക്ഷ്യമാക്കിയുള്ള പദ്ധതികളോട് ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധത പുലര്‍ത്തിയിട്ടുണ്ടെന്നും ബോര്‍ഡ് ഓഫ് പീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി.
ഈ മാസം 19 നടക്കാനിരിക്കുന്ന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നു വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുള്ള ക്ഷണം യുഎസ് സര്‍ക്കാരില്‍ നിന്നും ലഭിച്ചതായും അത് പരിശോധിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഗാസ ഉള്‍പ്പെടെ മുഴുവന്‍ മേഖലയിലും ദീര്‍ഘകാലവും നിലനില്‍ക്കുന്നതുമായ സമാധാനത്തിന് വഴിയൊരുക്കുന്ന അത്തരം എല്ലാ സംരംഭങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച പുതിയ അന്താരാഷ്ട്ര സംഘടനയാണ് ബോർഡ് ഓഫ് പീസ്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് ശേഷമുള്ള ഗാസയുടെ പുനർനിർമ്മാണത്തിനും സമാധാനപാലനത്തിനും മേൽനോട്ടം വഹിക്കുക എന്നതാണ് ഈ ബോർഡിന്റെ പ്രാഥമിക ചുമതല. ഗാസയിൽ മാത്രം ഒതുങ്ങാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘർഷങ്ങൾ പരിഹരിക്കാനും സമാധാനം സ്ഥാപിക്കാനും ഈ സംഘടന ലക്ഷ്യമിടുന്നു. നിലവിൽ 25-ഓളം രാജ്യങ്ങൾ ഇതിൽ അംഗങ്ങളാകാൻ സമ്മതിച്ചിട്ടുണ്ട്. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.


































