ബെംഗളൂരു: കർണാടക സർക്കാറിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കർണാടക വൈൻ ആൻഡ് മെർച്ചന്റ്സ് അസോസിയേഷൻ. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ രണ്ട് വർഷത്തെ ഭരണകാലത്ത് സംസ്ഥാന എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം. അഴിമതി ചൂണ്ടിക്കാട്ടി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് കത്തെഴുതുമെന്നും അസോസിയേഷൻ അറിയിച്ചു.
അതേസമയം, എക്സൈസ് മന്ത്രി ആർ ബി തിമ്മപൂർ ആരോപണങ്ങൾ തള്ളി. ഒരു അഴിമതിയും നടന്നിട്ടില്ലെന്നും ആരോപണങ്ങളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ സിഎൽ-7 ബാർ ലൈസൻസുകളുടെ ഉദാഹരണം ഉദ്ധരിച്ചു കൊണ്ടാണ് അസോസിയേഷൻ പ്രസിഡന്റ് ഗുരുസ്വാമി ആരോപണങ്ങൾ ഉന്നയിച്ചത്. എക്സൈസ് മന്ത്രിക്ക് മാത്രമല്ല, ഉദ്യോഗസ്ഥർക്കും പണം പോകുന്നുവെന്നും നിരക്കുകൾ നിശ്ചയിക്കുന്നത് ചുമതലയുള്ളവരാണെന്നും ഗുരുസ്വാമി ആരോപിച്ചു.
മുഖ്യമന്ത്രിയെ ഞങ്ങൾ പലതവണ അറിയിച്ചിരുന്നു. അദ്ദേഹം വകുപ്പ് ഉദ്യോഗസ്ഥരെ ഒരു മീറ്റിംഗിന് വിളിക്കുമെന്ന് പറഞ്ഞു. പക്ഷേ ഈ സംവിധാനം ഞങ്ങൾക്ക് പൂർണമായും മടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്ക് എന്തെങ്കിലും തെളിവുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഇതിന് സഭയിൽ ഉത്തരം നൽകും. എന്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്തെങ്കിലും തെളിവുണ്ടോ. അസോസിയേഷൻ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2024-ൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട്, ലോകായുക്ത എന്നിവർക്ക് അയച്ച കത്തിൽ, തിമ്മാപൂർ 700 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് അസോസിയേഷൻ ആരോപിച്ചിരുന്നു. മൂന്ന് ഡെപ്യൂട്ടി കമ്മീഷണർമാർ, ഒമ്പത് സൂപ്രണ്ടുമാർ, 13 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 20 എക്സൈസ് ഇൻസ്പെക്ടർമാർ എന്നിവരുൾപ്പെടെ നിരവധി ഉദ്യോഗസ്ഥരെ കത്തിൽ ആരോപണവിധേയരാക്കി. ഓരോ ലൈസൻസിനും 30 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ കൈക്കൂലി നൽകിയാണ് സിഎൽ-7 ലൈസൻസുകൾ നൽകിയതെന്നും അസോസിയേഷൻ ആരോപിച്ചു.































