മംഗളൂരു: കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ശനിയാഴ്ച രാത്രി സ്വത്ത് തർക്കത്തെത്തുടർന്ന് 17കാരൻ വെടിയേറ്റ് മരിച്ചു. രാമകുഞ്ച ഗ്രാമത്തിലെ പാഡെയിൽ വസന്ത് അമീന്റെ മകൻ മോക്ഷയാണ് കൊല്ലപ്പെട്ടത്. വയറ്റിൽ ഗുരുതരമായി കുത്തേറ്റ് പരിക്കുകളോടെ അമീനിനെ (60) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ അമീൻ വെടിവെച്ച് കൊന്നതാണെന്ന് ഭാര്യ ജയശ്രീ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. എന്നാൽ, പിതാവിനെ കുത്തിയ ശേഷം മോക്ഷ സ്വയം വെടിവെച്ച് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
പുത്തൂർ താലൂക്കിലെ നിഡ്ബള്ളി ഗ്രാമത്തിലെ നുലിയലു സ്വദേശിയായ അമീൻ പെർളയിലെ ജയശ്രീയെ വിവാഹം കഴിച്ച ശേഷം പാഡെയിൽ സ്ഥലം വാങ്ങി അവിടേക്ക് താമസം മാറ്റുകയായിരുന്നു. എന്നാൽ, സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ദാമ്പത്യത്തിൽ തർക്കമുണ്ടായതായും തുടർന്ന് ഒരു മാസം മുമ്പ് ജയശ്രീ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറിയതായും പൊലീസ് പറഞ്ഞു. അമീനും മകൻ മോക്ഷയും പാഡെയിലെ വീട്ടിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായതായും ഇത് ആക്രമണത്തിലേക്ക് നീങ്ങുകയുമായിരുന്നു. മുഖത്ത് വെടിയേറ്റ നിലയിൽ മോക്ഷയെ മരിച്ചനിലയിൽ കണ്ടെത്തി.

































