ഡെൽഹി. രാജ്യത്തെ 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ഇന്ന്. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ അനുവദിക്കണമെന്ന പ്രധാന ആവശ്യവുമായാണ് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായുള്ള അവധിക്ക് പിന്നാലെ ഇന്ന് പൊതുപണിമുടക്ക് കൂടി എത്തുന്നതോടെ തുടർച്ചയായി നാല് ദിവസം ബാങ്കിങ് സേവനങ്ങൾ മുടങ്ങുന്ന സാഹചര്യമുണ്ടാകും.ചീഫ് ലേബർ കമ്മിഷണറുമായി ജനുവരി 23-ന് നടത്തിയ സമവായ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനിച്ചത്. ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് നൽകാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി.എല്ലാ ശനിയാഴ്ചകളും അവധിയാക്കി ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നിശ്ചയിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. പകരമായി ബാക്കി അഞ്ച് ദിവസങ്ങളിൽ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറാണെന്നും ജീവനക്കാർ അറിയിച്ചിട്ടുണ്ട്.































