ചെന്നൈ .ചെന്നൈയിലെ ശുചീകരണ തൊഴിലാളിയായ പദ്മയെ പരിചയപ്പെടാം ഇനി. കളഞ്ഞു കിട്ടിയ 45 പവൻ സ്വർണാഭരണമാണ് പദ്മ പൊലിസ് വഴി ഉടമയ്ക്ക് തിരികെ നൽകിയത്. ഇപ്പോഴത്തെ വില നോക്കിയാൽ ഏകദേശം 45 ലക്ഷത്തോളം രൂപയുടെ സ്വർണം.പദ്മയുടെ സത്യസന്ധതയ്ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയത് ഒരു ലക്ഷം രൂപയുടെ പാരിതോഷികമാണ്.
സ്വന്തമായി വീടില്ല. ചെന്നൈ ട്രിപ്ളിക്കേനിലെ വാടകവീട്ടിലാണ് താമസം. രാവിലെ അഞ്ചു മണിയ്ക്ക് നിരത്തിലേയ്ക്ക് ഇറങ്ങും. ഉച്ചയ്ക്ക് രണ്ട് മണിവരെ മാലിന്യങ്ങൾ നീക്കം ചെയ്യും. റോഡും പരിസരവുമെല്ലാം ശുദ്ധിയാക്കിവെയ്ക്കും. ആ ശുദ്ധിതന്നെയാണ് പദ്മയുടെ മനസിലും. അതുകൊണ്ടാണ് കഷ്ടപ്പാടുകൾ ഏറെയുണ്ടെങ്കിലും മഞ്ഞലോഹത്തിൽ അവർ വീണുപോകാതിരുന്നത്.
ടി നഗറിലെ ജോലിയ്ക്കിടെയാണ് ഒരു പാത്രം കിട്ടുന്നത്. തുറന്നുനോക്കിയപ്പോൾ സ്വർണാഭരണങ്ങൾ. ജോലിചെയ്യുന്ന അർബേസർ സമീറ്റ് എന്ന സ്ഥാപനത്തിലെ സൂപ്പർവൈസറെ വിവരം അറിയിച്ചു. പിന്നീട് പോണ്ടിബസാർ പൊലിസ് സ്റ്റേഷനിലേക്ക് കൈമാറി. ബാക്കി കഥ പദ്മ തന്നെ പറയും.
നങ്കനല്ലൂർ സ്വദേശി രമേശിന്റെതായിരുന്നു ആഭരണങ്ങൾ. പദ്മയുടെ നല്ല മനസിന് നന്ദി പറഞ്ഞു രമേശ്. പിന്നാലെ, മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാരിതോഷികവുമെത്തി. ഒരു ലക്ഷം രൂപ.








































