സബർമതി. പ്രതിരോധം, സെമി കണ്ടക്ടർ തുടങ്ങി വിവിധ മേഖലകളിൽ സഹകരണത്തിനായി ഇന്ത്യയും ജർമ്മനിയും കരാർ ഒപ്പിട്ടു. ഗാന്ധി നഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസും നടത്തിയ ഉഭയ കക്ഷി ചർച്ചയിലാണ് ധാരണ. ഇരു രാജ്യങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ലോകത്തെ നാലും അഞ്ചും സ്ഥാനത്തുള്ള വലിയ സാമ്പത്തിക ശക്തികളായ ഇന്ത്യയും ജർമ്മനിയും പങ്കാളിത്തത്തിൻറെ പുതിയ അധ്യായത്തിലേക്ക് കടന്നു. തന്ത്രപ്രധാന സഹകരണ ഉടമ്പടിയുണ്ടാക്കിയതിൻറെ 25ആം വാർഷികത്തിലാണ് ജർമ്മൻ ചാൻസലർ ഇന്ത്യയിൽ എത്തിയത്.
രാവിലെ സബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെൻസും ഒരുമിച്ച് എത്തി. ആശ്രമത്തിൽ ഏതാനും നിമിഷം ചെലവിട്ട ശേഷം സബർമതി തീരത്തേക്ക്. അന്താരാഷ്ട്ര പട്ടം പറത്തിൽ ഉത്സവത്തിന് ഇരുനേതാക്കളും ചേർന്ന് പട്ടം പറത്തി തുടക്കം കുറിച്ചു. ഹനുമാൻ രൂപമുള്ള പട്ടമാണ് മെർസും മോദിയും പറത്തിയത്. പതിനൊന്നരയോടെയാണ് ഗാന്ധിനഗറിലെ മഹാത്മാ മന്ത്രിറിൽ ഉഭയ കക്ഷി ചർച്ച തുടങ്ങിയത്. അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നും വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് കൂടുതൽ സഹകരണത്തിനായി ഇരു രാജ്യങ്ങളും കൈകൊടുത്തു. വ്യാപാരത്തിലും നിക്ഷേപത്തിലുമുള്ള സഹകരണം കൂട്ടും. ഇരു രാജ്യങ്ങളിലെയും കമ്പനികൾ ചേർന്ന് മെഗാ പ്രൊജക്ടുകൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യൂറോപ്യൻ യൂണിയനിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ജർമ്മനി.
ജർമ്മൻ ചാലസർ ആയ ശേഷം ഏഷ്യയിലേക്കുള്ള ആദ്യ സന്ദർശനം ഇന്ത്യയിലേക്ക് മെർസ് തെരഞ്ഞെടുത്തതും കൃത്യമായ സന്ദേശമാണ്. അടുത്ത ആഴ്ച ഇന്ത്യ യൂറോപ്യൻ യൂണിയൻ ചർച്ച നടക്കാനിരിക്കെയാണിത്.

































