കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്

Advertisement

ന്യൂഡൽഹി: രാജ്യവ്യാപകമായി വിമാന സർവീസ് തടസപ്പെട്ടതോടെ യാത്രക്കാർക്ക് തിരികെ നൽകാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇൻഡിഗോ എയർലൈൻസ് തിരിച്ച് നൽകി. കേന്ദ്ര സർക്കാർ അന്തിമ നിർദ്ദേശം നൽകിയതോടെയാണ് ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയത്. ഇതുവരെ യാത്രക്കാർക്ക് ആകെ 610 കോടി രൂപയുടെ റീഫണ്ട് അനുവദിച്ചതായും 3,000-ത്തോളം ലഗേജുകൾ ഉടമകൾക്ക് കൈമാറിയതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.

സാധാരണയായി പ്രതിദിനം ഏകദേശം 2,300 വിമാനങ്ങൾ സർവീസ് നടത്തുന്ന ഇൻഡിഗോ, ശനിയാഴ്ച 1,500-ലധികം സർവീസുകളാണ് നടത്തിയത്. ഞായറാഴ്ച ഇത് 1,650 സർവീസുകളായി ഉയർത്തി. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്ന വിവരം നേരത്തെ പ്രഖ്യാപിച്ചത് വഴി, യാത്രക്കാർ അനാവശ്യമായി വിമാനത്താവളങ്ങളിൽ എത്തുന്നത് തടയാൻ സഹായിച്ചുവെന്ന് ഇൻഡിഗോ സിഇഒ ചൂണ്ടിക്കാട്ടി. ഡിസംബർ 10 ഓടെ പൂർണ്ണമായ നെറ്റ്‌വർക്ക് സാധാരണ നിലയിലാകുമെന്നാണ് ഇൻഡിഗോ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക്

യാത്രാവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസിനെതിരെയുള്ള വിമർശനം ശക്തമായതോടെ കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക് കടക്കുമെന്നതിന്റെ സൂചനകളും നൽകിയിട്ടുണ്ട്. വിമാനക്കമ്പനിക്കെതിരെ നടപടിക്ക് നീക്കം തുടങ്ങിയ കേന്ദ്രം, വിമാന ടിക്കറ്റുകൾക്ക് പരമാവധി വില പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി മുതലെടുത്ത് അമിത നിരക്ക് ഈടാക്കിയ മറ്റ് വിമാനക്കമ്പനികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം നോട്ടീസ് നൽകി.

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു

ഇൻഡിഗോയുടെ പ്രതിസന്ധി കാരണം വിപണിയിൽ സീറ്റുകളുടെ കുറവ് ഉണ്ടായ സാഹചര്യത്തിൽ, മറ്റ് എയർലൈനുകൾ ടിക്കറ്റിന് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ, ദുരിതബാധിതമായ എല്ലാ റൂട്ടുകളിലും ന്യായമായ നിരക്കുകൾ ഉറപ്പാക്കുന്നതിനായി വിമാന നിരക്കുകൾക്ക് താൽക്കാലിക പരിധി ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് എല്ലാ എയർലൈനുകൾക്കും ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here