ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Advertisement

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്‌നയിലെ ഗാന്ധി മൈതാനില്‍ രാവിലെ പതിനൊന്നരയോടെയാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. നിതീഷ് കുമാറിനൊപ്പം 22 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. സാമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായി തുടരും.

നിതീഷിനെ എന്‍ഡിഎയുടെ നിയമസഭാ കക്ഷി നേതാവായും എന്‍ഡിഎ യോഗം തെരഞ്ഞെടുത്തിരുന്നു. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍, ആര്‍എല്‍എം അധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹ, എച്ച്എഎം (എസ്) അധ്യക്ഷന്‍ സന്തോഷ് കുമാര്‍ സോമന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് കുമാര്‍ ജയ്‌സ്വാള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് എന്‍ഡിഎയുടെ നേതാവായി നിതീഷിനെ തെരഞ്ഞെടുത്തത്. ബിജെപിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പേര് മുന്നോട്ട് വെച്ചത്. പിന്നാലെ ഏകകണ്ഠമായി നിതീഷിനെ തെരഞ്ഞെടുക്കുകയായിരുന്നു.

Advertisement