കശ്മീരി മുസ്ലിംങ്ങളെല്ലാം തീവ്രവാദികളല്ല, തീവ്രവാദികളുമായി ബന്ധപ്പെട്ടവരുമല്ല: ഉമർ അബ്ദുള്ള

Advertisement

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തെത്തുടർന്ന് കശ്മീരി മുസ്ലീങ്ങൾക്കെതിരെ സമൂഹ്യമാധ്യമങ്ങളിലൂടെയടക്കം ഉയരുന്ന പ്രചരണത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ജമ്മു കശ്മീരിൽ നിന്നുള്ള മുസ്ലിംങ്ങളെല്ലാം തീവ്രവാദിയല്ലെന്നും ഇവിടെ ജീവിക്കുന്നവരെല്ലാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരല്ലെന്നും ഉമർ അബ്ദുള്ള പ്രതികരിച്ചു. ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച, ഉമർ അബ്ദുള്ള സ്ഫോടനത്തെ ശക്തമായി അപലപിച്ചു. നിരപരാധികളെ ക്രൂരമായി കൊല്ലുന്നതിനെ ഒരു മതവും ന്യായീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്മീരിലെ എല്ലാവരും തീവ്രവാദികളോ, തീവ്രവാദവുമായി ബന്ധമുള്ളവരോ അല്ല. ഇവിടെ സമാധാനവും സാഹോദര്യവും തകർക്കാൻ ശ്രമിക്കുന്നത് ചുരുക്കം ചില ആളുകൾ മാത്രമാണ്. പൗരന്മാരെ ഒരൊറ്റ ചിന്താഗതിയോടെ നോക്കിക്കാണുകയും എല്ലാവരും തീവ്രവാദികളാണെന്ന് കരുതുകയും ചെയ്താൽ, ജനങ്ങളെ ശരിയായ പാതയിൽ നിർത്തുക പ്രയാസമാകും. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കഠിനമായ ശിക്ഷ നൽകണമെന്നും നിരപരാധികളെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചെങ്കോട്ട സ്ഫോടനത്തിൽ അന്വേഷണം

ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് ചില കശ്മീരി ഡോക്ടർമാർ അറസ്റ്റിലായതിന് പിന്നാലെയാണ് ഉമൻ അബ്ദുള്ളയുടെ പ്രതികരണം. സ്ഫോടനത്തിന് ഉപയോഗിച്ച ഐ 20 കാർ ഓടിച്ച ഡോ. ഉമർ മുഹമ്മദ്, ഡോ. മുസമ്മിൽ എന്നിവർ പുൽവാമ സ്വദേശികളും, ഡോ. അദീൽ റാഥർ അനന്ത്‌നാഗ് സ്വദേശിയുമാണ്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജയ്ഷ്-ഇ-മുഹമ്മദ് ഭീകര സംഘടനയുമായി ഇവർക്കുള്ള ബന്ധം സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.

Advertisement