ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണെന്നു സൂചനകൾ. സ്ഫോടനം പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നു പ്രഥാമിക തെളിവുകൾ നൽകുന്ന സൂചന. ഏതാണ്ട് മൂന്ന് മാസത്തെ ഇടവേളകളിൽ നടത്തിയ പഹൽഗാം ആക്രമണത്തിനു സമാനമായി മറ്റൊരു ആക്രമണം നടത്താൻ ജെയ്ഷെ മുഹമ്മദ് വീണ്ടും ശ്രമിച്ചിരിക്കാമെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കാർബോംബ് സ്ഫോടനത്തിൽ സ്ഫോടനമുണ്ടായ ഹ്യുണ്ടായുടെ വെള്ള ഐ20 കാറിന്‍റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് മണിക്കൂറോളം വാഹനം മേഖലയിൽ കറങ്ങി നടന്നതായാണ് റിപ്പോർട്ട്. തുടർന്നാണ് ചെങ്കോട്ട ട്രാഫിക് സിഗ്നലിനരികെ പതിയെ നീങ്ങിയ കാർ പൊട്ടിത്തെറിച്ചത്.
ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ടയോട് ചേർന്നുള്ള പാർക്കിങ് ഏരിയയിൽ കാർ എത്തി. മൂന്ന് മണിക്കൂറോളം കാർ ഇവിടെ ഉണ്ടായിരുന്നു. വൈകിട്ട് 6.48-ഓടെ കാർ പാർക്കിങ് ഏരിയയിൽനിന്ന് പുറത്തേക്കിറങ്ങി.
സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാകുന്ന സ്ഫോടനത്തിന്‍റെ വിഡിയോ ‘ചാന്ദ്നി ചൗക് വ്യാപാരി അസോസിയേഷൻ’ ഇന്നലെ തന്നെ പുറത്തുവിട്ടിരുന്നു.
കാറിന്റെ ആദ്യ ഉടമയെ പൊലീസ് ഹരിയാനയിലെ ഗുരുഗ്രാമിൽനിന്ന് ഇന്നലെ തന്നെ പിടികൂടിയിരുന്നു. മുഹമ്മദ് സൽമാൻ എന്നയാളെയാണ് പിടികൂടിയത്. ഇയാൾ ഒഖ്‍ലയിലുള്ള മറ്റൊരാൾക്ക് കാർ വിറ്റിരുന്നു. കാറിന് ഹരിയാന രജിസ്ട്രേഷനാണുണ്ടായിരുന്നത്. ദേവേന്ദ്ര എന്നയാൾക്കാണ് മുഹമ്മദ് സൽമാൻ കാർ വിറ്റത്. ഇതു വീണ്ടും അംബാലയിലെ ഒരാൾക്ക് വിറ്റിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
































