കൗശമ്പി: മക്കളുടെ മർദനമേറ്റ് അച്ഛൻ മരിച്ചു. ഉത്തർപ്രദേശിലെ കൗശമ്പി ജില്ലയിലെ കരാരിയിലാണ് സംഭവം. രണ്ട് ആൺമക്കളാണ് 60കാരനായ പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദുർഗാപ്രസാദ് എന്നയാളാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ദുർഗാപ്രസാദ് തൻ്റെ പേരിലുണ്ടായിരുന്ന ഭൂമി മരുമകൾക്ക് (മകൻ്റെ ഭാര്യക്ക്) എഴുതിക്കൊടുക്കാൻ തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ആൺമക്കൾക്ക് തൻ്റെ സ്വത്തിൻ്റെ വിഹിതം ഇദ്ദേഹം നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിൽ കുപിതരായാണ് മക്കളായ വീരേന്ദ്രയും വിമലേഷും വടികളടക്കം ഉപയോഗിച്ച് മർദിച്ചത്.
അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മൂത്ത മകൻ ഗ്യാനിനും സഹോദരങ്ങളുടെ മർദനമേറ്റു. പരിക്കേറ്റ ദുർഗാപ്രസാദിനെ ആദ്യം ഗവൺമെന്റ് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. നില വഷളായതിനാൽ പ്രയാഗ്‌രാജിലെ എസ്ആർഎൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ദുർഗാപ്രസാദിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. മക്കളായ വിമലേഷും വീരേന്ദ്രയുമാണ് പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ രണ്ട് പ്രതികളെയും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇരുവരും ഒളിവിലെന്നാണ് വിവരം.
































