ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കൊലക്കേസില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

Advertisement

പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കൊലക്കേസില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍. മുന്‍ എംഎല്‍എയും മൊകാമ മണ്ഡലത്തിലെ ജെഡിയു സ്ഥാനാര്‍ഥിയുമായ അനന്ത് സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. മുന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയായ ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായിരുന്ന ദുലാര്‍ ചന്ദ് യാദവിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. ഞായറാഴ്ച പുലര്‍ച്ചെയാണ് ബിഹാര്‍ പൊലീസ് അനന്ത് സിങ് പിടികൂടിയത്.
പട്ന എസ്എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ബാര്‍ഹിലെ സിങ്ങിന്റെ വസതിയിലെത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ പട്നയിലേക്ക് കൊണ്ടപോയി. കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന മണികാന്ത് താക്കൂര്‍, രഞ്ജിത് റാം എന്നിവരാണ് പിടിയിലായത്. മൂവരെയും ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
വ്യാഴാഴ്ചയാണ് ജന്‍ സുരാജ് പ്രവര്‍ത്തകന്‍ ദുലാര്‍ചന്ദ് യാദവ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരിച്ച ദുലാര്‍ ചന്ദ് യാദവിനെ ചെറുമകന്റെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയത കേസില്‍ അനന്ത് സിങ് ഉള്‍പ്പെടെ നാല് പേരാണ് പ്രതികള്‍. അനന്ത് സിങ് അനുഭാവികളുടെ പരാതിയിലാണ് രണ്ടാമത്തെ കേസ്. പൊലീസ് സ്വന്തം നിലയില്‍ രജിസ്റ്റര്‍ ചെയ്തതാണ് മൂന്നാമത്തെ എഫ്‌ഐആര്‍.

മൊകാമയിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി വീണ ദേവിയുടെ ഭര്‍ത്താവും മുന്‍ എംപിയുമായ സൂരജ് ഭാന്‍ സിങ്ങിന്റെ ഗൂഢാലോചനയിലാണ് ആക്രമണം നടന്നതെന്ന് അനന്ത് സിങ്ങിന്റെ വാദം.

Advertisement