തൃശൂർ: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര മൂന്ന് മാസം മുൻപു കേരളത്തിലെത്തി കൊച്ചിൻ ഷിപ്‍യാഡ് ഉൾപ്പെടെ തന്ത്രപ്രധാന മേഖലകൾ പശ്ചാത്തലമാക്കി ദൃശ്യങ്ങൾ പകർത്തിയതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ എന്നിവിടങ്ങളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും എത്തിയതിന്റെ ദൃശ്യങ്ങൾ വ്ലോഗുകളിൽ കണ്ടെത്തി.
പാക്ക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയെന്നും കണ്ടെത്തിയാണു ഹരിയാന സ്വദേശി ജ്യോതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. യുട്യൂബിൽ മൂന്ന് ലക്ഷത്തിലധികം പേർ പിന്തുടരുന്ന ജ്യോതിയുടെ കേരളത്തിൽനിന്നുള്ള വിഡിയോകളിൽ അരമണിക്കൂറിലേറെ ദൈർഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു പ്രധാനം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവ പരാമർശിച്ച ശേഷമാണു ഷിപ്‌യാഡ‍് കാണിക്കുന്നത്.
മൂന്നാർ, അതിരപ്പിള്ളി യാത്രയെക്കുറിച്ചു രണ്ട് വിഡിയോകൾ ചെയ്തിട്ടുണ്ട്. ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, ആലപ്പുഴയിലെ ഹൗസ്ബോട്ട് യാത്ര, കോവളം, ജടായുപ്പാറ, വർക്കല, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നതാണു മറ്റൊരു വ്ലോഗ്. കണ്ണൂരിൽനിന്നു തൃശൂരിലേക്കുള്ള യാത്രാവിവരണവുമുണ്ട്.
അതിനിടെ, പാക്കിസ്ഥാനു വേണ്ടി ചാരപ്പണി ചെയ്ത കേസിൽ രണ്ടാഴ്ചയ്ക്കിടെ ജ്യോതി മൽഹോത്ര ഉൾപ്പെടെ 12 പേർ അറസ്റ്റിലായെന്ന വിവരവും പുറത്തുവന്നു. ഒരാൾ ഉത്തർപ്രദേശിൽ നിന്നും ആറു പേര്‍ പഞ്ചാബിൽനിന്നുമാണ് പിടിയിലായത്. ഇതിൽ ഗുസാലയെന്ന യുവതിയും ഉൾപ്പെടുന്നു. ജ്യോതി ഉൾപ്പെടെ അഞ്ചു പേരാണ് ഹരിയാനയിൽ നിന്ന് അറസ്റ്റിലായത്. ഇന്നലെ പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിൽനിന്ന് രണ്ടു പേർ പിടിയിലായി. ആദിയാൻ സ്വദേശി സുഖ്പ്രീത് സിങ്, ചന്ദു വഡാല സ്വദേശി കരൺബീർ സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു.
ഹരിയാനയിലെ നൂഹ് ജില്ലയിലെ കാംഗർക്ക ഗ്രാമത്തിൽനിന്നു മറ്റൊരാളും ചാരപ്പണിക്കു പിടിയിലായി. മുഹമ്മദ് താരിഫ് ആണു പിടിയിലായത്. സൈനിക നടപടികളുടെ വിവരങ്ങൾ പാക്കിസ്ഥാനു ചോർത്തിനൽകിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ഒരു ജീവനക്കാരനു സിം കാർഡ് നൽകിയിരുന്നതായും ഇയാൾ സമ്മതിച്ചു. ശനിയാഴ്ച അറസ്റ്റിലായ അർമാനിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നു പൊലീസ് പറഞ്ഞു.