തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ ഏപ്രിൽ 15 മുതൽ മാറ്റം ? ഒടുവിൽ സ്ഥിരീകരിച്ച് ഇന്ത്യൻ റെയിൽവേ!

Advertisement

തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തിൽ മാറ്റം വരുത്തിയെന്ന തരത്തിൽ വാ‌ർത്തകൾ പ്രചരിക്കുന്നതിനിടെ കാര്യത്തിൽ വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). തത്കാൽ ടിക്കറ്റ് സമയക്രമത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.

ഏപ്രിൽ 15 മുതൽ ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് സംവിധാനം പരിഷ്കരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എസി, നോൺ-എസി ക്ലാസുകൾക്കും ഏജന്റുമാർക്കും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി സോഷ്യൽ മീഡിയയിൽ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ വന്നതിനെ തുടർന്നാണ് ഈ വിശദീകരണം. സോഷ്യൽ മീഡിയയിലടക്കം ഇത് സംബന്ധിച്ച ചർച്ചകളും നടന്നു. എന്നാൽ അത്തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വ്യക്തമാക്കുന്നത്.

നിലവിലെ സമയക്രമം

ഐ ആ‍ർ സി ടി സിയുടെ ഔദ്യോ​ഗികമായ അറിയിപ്പ് പ്രകാരം, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്നുള്ള യാത്രാ തീയതി ഒഴികെ, തിരഞ്ഞെടുത്ത ട്രെയിനുകളിൽ ഒരു ദിവസം മുൻകൂട്ടി തത്കാൽ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എസി ക്ലാസ് (2A/3A/CC/EC/3E) ഇന്ത്യൻ സമയം രാവിലെ 10:00 മണി മുതലും നോൺ-എസി ക്ലാസ് (SL/FC/2S) 11:00 മുതലും ബുക്ക് ചെയ്യാം. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തത്കാൽ ബുക്കിംഗ് ചെയ്യാവുന്നതാണ്.