ടിഡിപി നേതാക്കൾ വീട്ടുതടങ്കലിൽ, അണികളോട് സംയമനം പാലിക്കണമെന്ന് ചന്ദ്രബാബു നായിഡു; പവൻ കല്യാണിന് അനുമതിയില്ല

Advertisement

ബം​ഗളുരു: അറസ്റ്റിലായ ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയേക്കും. ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

നിലവിൽ നായിഡു ഉള്ളത് ഗുണ്ടൂരിലെ സിഐഡി ഓഫിസിലാണ്. വിജയവാഡയിലെ മെട്രോ പൊളിറ്റൻ മജിസ്ട്രറ്റ് കോടതിയിൽ ആണ് നായിഡുവിനെ ഹാജരാക്കുക. കോടതിക്ക് പുറത്ത് വൻ സുരക്ഷാ സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതേസമയം, ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ നിയമപോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ടിഡിപി. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ് ലുത്രയാണ് നായിഡുവിന് വേണ്ടി മെട്രോ പൊളിറ്റൻ കോടതിയിൽ ഹാജരാകുന്നത്.

അതിനിടെ, സംയമനം പാലിക്കണമെന്നും നിയമം കയ്യിലെടുക്കരുതെന്നും നായിഡു അണികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മുതിർന്ന പല ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്. പ്രതിഷേധങ്ങൾക്ക് തടയിടാനാണ് ആന്ധ്രാ പൊലീസ് ശ്രമിക്കുന്നതെന്ന് ടിഡിപി പറയുന്നു. അതേസമയം, നായിഡുവുമായി സഖ്യം രൂപീകരിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന നടനും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്യാണിന് വിജയവാഡയിലേക്ക് വരാൻ അനുമതി ലഭിച്ചിട്ടില്ല. പവൻ കല്യാണിന്റെ ചാർട്ടഡ് ഫ്ളൈറ്റിന് വിജയവാഡയിലേക്ക് എത്താൻ അനുമതി നിഷേധിക്കുകയായിരുന്നു. ക്രമസമാധാനപ്രശ്നം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ എസ്പി പറഞ്ഞു.

സ്വകാര്യ ആവശ്യത്തിനായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ലണ്ടനിലേക്ക് പോയ സമയത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ
അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന ആരോപണം തള്ളി വൈഎസ്ആർ കോൺഗ്രസ് രം​ഗത്തെത്തി. വൻസാമ്പത്തിക അഴിമതി നടത്തിയതിന്റെ ഫലമാണ് നായിഡു അനുഭവിക്കുന്നതെന്ന് വൈഎസ്ആർപി ജന. സെക്രട്ടറി സജ്ജല രാമകൃഷ്ണ റെഡ്ഢി പറഞ്ഞു.

മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. 2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്. ഇതിൽ അഴിമതിയുണ്ടെന്നും മുൻ മുഖ്യമന്ത്രിയായ നായിഡുവിന് പങ്കുണ്ടെന്നുമാണ് സിഐഡി വിഭാഗം കണ്ടെത്തൽ.

Advertisement