ശാസ്താംകോട്ട:വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകൾ സ്ഥിരമായി പൊട്ടുന്നതിനാൽ കുടിവെള്ളമില്ലാതെ ജനങ്ങൾ വലയുന്നു.പതിറ്റാണ്ടുകൾ പഴക്കമുള്ള ജലവിതരണ പൈപ്പുകളാണ് പ്രധാന റോഡുകളുടെയും ഇടറോഡുകളുടെയും ഭാഗങ്ങളിൽ പൊട്ടി ജലം പാഴാകുന്നത്.വൈദ്യുതി തടസ്സങ്ങളും, വാട്ടർ അതോറിറ്റി പ്ലാന്റിലെ അറ്റകുറ്റപ്പണികളും സ്ഥിരമായി ഉണ്ടാകുന്നത് കുടിവെള്ള വിതരണത്തിന് തടസ്സമാണ്.മുന്നറിയിപ്പില്ലാതെ പലപ്പോഴും ജലവിതരണം മുടങ്ങുന്നത് ജനങ്ങളെ വലക്കുന്നു.തകരാറിലായ പൈപ്പുകൾ യഥാസമയം പ്രവർത്തനക്ഷമമാക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്.അത്തരം സമയങ്ങളിലും ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാകുന്നില്ല.
വരൾച്ച രൂഷമായതോടെ കിണറുകൾ വറ്റിയതും, പൈപ്പ് ജലത്തെ മാത്രം ആശ്രയിച്ച് കഴിയുന്നതുമായ കുടുംബങ്ങൾ കുടിവെള്ളത്തിനായി പരക്കം പായുകയാണ്.തടാകത്തിൽ മതിയായ ജലം ഉണ്ടായിട്ടും തടാകത്തിന്റെ സമീപത്തെ ഭാഗങ്ങളിൽ പോലും ദിവസവും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്.പഴക്കമേറിയ കാലഹരണപ്പെട്ട ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നും,ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയും, അലംഭാവവും മാറ്റി സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും, ജനങ്ങൾക്ക് കൃത്യമായി എല്ലാ ദിവസവും കുടിവെള്ളം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ടൗൺ വാർഡംഗം എസ്.ദിലീപ്കുമാർ വാട്ടർ അതോറിറ്റി എംഡിക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും പരാതി നൽകി.





































