Home News Local 48 മണിക്കൂര്‍ കാലയളവില്‍ പരസ്യ പ്രചാരണ പരിപാടികള്‍ പാടില്ല: കളക്ടര്‍

48 മണിക്കൂര്‍ കാലയളവില്‍ പരസ്യ പ്രചാരണ പരിപാടികള്‍ പാടില്ല: കളക്ടര്‍

Advertisement

വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂര്‍ കാലയളവില്‍ പരസ്യമായ പ്രചാരണപരിപാടികള്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. നിശ്ചിത സമയപരിധിയില്‍ പൊതുയോഗങ്ങളോ പ്രകടനങ്ങളോ വിളിച്ചുകൂട്ടാനോ പങ്കെടുക്കാനോ പാടില്ല. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റകരമായി പരിഗണിക്കും. ഏപ്രില്‍ ഏഴ് വൈകിട്ട് ആറ് മുതലാണ് നിശബ്ദപ്രചാരണത്തിനുള്ള സമയം.
ഈ കാലയളവില്‍ ടെലിവിഷന്‍, സിനിമ, സമാനമായ ഇലക്ട്രോണിക് മാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സംഗീതപരിപാടികള്‍, നാടകങ്ങള്‍, മറ്റ് വിനോദപരിപാടികള്‍ സംഘടിപ്പിക്കാനും പാടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുന്നതാണ്.
എക്‌സിറ്റ് പോളുകള്‍ നടത്തുന്നതിനും ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. പോളിംഗ് ബൂത്തുകള്‍ക്ക് സമീപം ഫോണ്‍ ഉപയോഗിക്കുന്നതിനും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കണം. വോട്ടെടുപ്പ് ദിനത്തില്‍ 200 മീറ്റര്‍ ചുറ്റളവില്‍ പ്രചാരണസംവിധാനങ്ങള്‍ പാടില്ല, വോട്ടുതേടുകയുമരുത്. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിനായി രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here