കൊട്ടിയം : ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല കവർന്ന കേസിലെ പ്രതികളെ കൊട്ടിയം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
കൊല്ലം ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി മാല മോഷണവും ബൈക്ക് മോഷണവും നടത്തിയ പ്രതികളെ തൃശ്ശൂർ പോലീസിൽ നിന്ന് കൊട്ടിയം പോലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. കക്കനാട് തൃക്കാക്കരയിൽ അമ്പാടി ഗോകുലത്തിൽ ഇമ്രാൻഖാൻ (41), തൃശ്ശൂർ ചൂലിശ്ശേരിയിൽ കുറിയേടത്ത് സജിത്ത്( 28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 27ആം തീയതി രാവിലെ ഏഴരയ്ക്കായിരുന്നു വാഴപ്പള്ളി ജംഗ്ഷന് സമീപത്ത് വച്ച് സ്കൂട്ടറിൽ വരികയായിരുന്ന യുവതിയുടെ പിന്നാലെ ഇരുചക്ര വാഹനത്തിൽ എത്തിയ ഇവർ യുവതിയുടെ സ്കൂട്ടറിനെ മറികടന്ന് എത്തി യുവതിയുടെ കഴുത്തിൽ കിടന്ന മാല വലിച്ചു പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുത്ത കൊട്ടിയം പോലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തി. നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ഇവരുടെ ദൃശ്യം തൃശ്ശൂർ ഈസ്റ്റ് പോലീസിന് കൈമാറുകയും ഈ ദൃശ്യത്തിൽ നിന്നും പ്രതികളിൽ ഒരാളെ തിരിച്ചറിയുകയും ചെയ്തു.
തൃശ്ശൂരിൽ നിന്നും ബൈക്ക് മോഷണo നടത്തിയതിന് ഇവർക്കെതിരെ നിലവിൽ കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുത്ത ആഡംബര ബൈക്കിലാണ് ഇവർ വിവിധ ജില്ലകളിൽ സഞ്ചരിച്ച മോഷണം നടത്തിയിരുന്നത് . കൊല്ലം ജില്ലയിൽ കൊട്ടിയത്തും, അഞ്ചാലുംമൂട്ടിലും മോഷണം നടത്തിയ പ്രതികൾ ചെങ്ങന്നൂരിലും സമാനമായ മോഷണം നടത്തിയിരുന്നു. മുൻപും സമാനമായ കേസുകളിൽ ജയിൽ ശിക്ഷ അടക്കം അനുഭവിച്ചവരാണ് പ്രതികൾ.
Also Read:





























