ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഇന്ന്, കൊല്ലം പത്തനാപുരത്തെ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സംസാരിച്ച ഉപരാഷ്ട്രപതി, 100 വർഷം പൂർത്തിയാക്കുക എന്നത് വളരെ കുറച്ച് സ്ഥാപനങ്ങൾക്ക് മാത്രം കൈവരിക്കാൻ കഴിയുന്ന “അവിസ്മരണീയമായ നാഴികക്കല്ലാണ്” എന്ന് വിശേഷിപ്പിച്ചു. ഒരു നൂറ്റാണ്ടുകാലം വ്യക്തികളുടെ മനസ്സിനെ രൂപപ്പെടുത്തുന്നതിനും സ്വഭാവം വളർത്തുന്നതിനും ഭാവി കെട്ടിപ്പടുക്കുന്നതിനുമായി വിദ്യാലയം ചെലവഴിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലമുറകളായി ഇവിടുത്തെ വിദ്യാർഥികൾ ഉത്തരവാദിത്വമുള്ള ജനങ്ങളായും നേതാക്കളായും പ്രൊഫഷണലുകളായും സഹാനുഭൂതിയുള്ള മനുഷ്യരായും വളർന്നുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതൊരു സ്ഥാപനത്തിന്റെയും യഥാർഥ കരുത്ത് അതിന്റെ അടിസ്ഥാന സൗകര്യങ്ങളിലല്ല, മറിച്ച് അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഈ ആഘോഷം ഭൂതകാലത്തെക്കുറിച്ച് മാത്രമല്ല, ഭാവികൂടി മുൻനിർത്തിയുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയും നൂതനാശയ ഉപജ്ഞാതാക്കളും നയിക്കുന്ന, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, വിദ്യാഭ്യാസം പാഠപുസ്തകങ്ങൾക്കും അപ്പുറമാകണമെന്നും അത് വിമർശനാത്മക ചിന്തയും സഹാനുഭൂതിയും കരുത്തും സത്യസന്ധതയും വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. വലിയ സ്വപ്നങ്ങൾ കാണാനും കഠിനാധ്വാനം ചെയ്യാനും വിനയമുള്ളവരായിരിക്കാനും സ്കൂളിൽ നിന്ന് പകർന്നു കിട്ടിയ മൂല്യങ്ങൾ മുറുകെപ്പിടിക്കാനും അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു.
ലഹരിമരുന്നുകളോട് “അരുത്” എന്ന് പറയാൻ ഉപരാഷ്ട്രപതി വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. സമൂഹത്തെ ബാധിച്ചിട്ടുള്ള ഏറ്റവും വലിയ ശാപങ്ങളിലൊന്നാണ് ലഹരി ദുരുപയോഗമെന്ന് പറഞ്ഞ അദ്ദേഹം, ലഹരിക്കെതിരായ പ്രചാരണം മതങ്ങൾക്കും ഭാഷകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അതീതമായ ജനകീയ മുന്നേറ്റമായി മാറണം എന്നതിന് ഊന്നൽ നൽകി.
സമൂഹത്തെ സേവിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഉണ്ടാകുന്ന ആരോഗ്യകരമായ മത്സരം ആശാവഹവും സ്വാഗതാർഹവുമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയത്തിന്റെ പാരമ്പര്യത്തെ ദേശീയ കാഴ്ചപ്പാടുമായി കൂട്ടിയിണക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
2047-ലെ ഇന്ത്യ രൂപപ്പെടുന്നത് ഇന്നത്തെ വിദ്യാർഥികളുടെ ആശയങ്ങളിലൂടെയും മുൻകൈകളിലൂടെയുമായിരിക്കുമെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. കേവലം വ്യക്തിപരമായ വിജയത്തിന് വേണ്ടി മാത്രമല്ല, സമൂഹത്തിൽ മികച്ച മാറ്റം സൃഷ്ടിക്കാനും അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു.
ശതാബ്ദിയെ നവീകരണത്തിന്റെ കാലമായി വിശേഷിപ്പിച്ച അദ്ദേഹം, സ്കൂൾ അതിന്റെ രണ്ടാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ ധാർമികവും സാംസ്കാരികവുമായ അടിത്തറയിൽ ഉറച്ചുനിന്ന്, ആധുനിക വിദ്യാഭ്യാസ മുന്നേറ്റങ്ങളെ നെഞ്ചിലേറ്റുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വെറും പരീക്ഷാ വിജയികളെ മാത്രമല്ല, മറിച്ച് രാജ്യനിർമ്മാണത്തിന് പ്രതിജ്ഞാബദ്ധരായ, ഉത്തരവാദിത്വമുള്ള ജനങ്ങളെ തുടന്നും വാർത്തെടുക്കാൻ അദ്ദേഹം വിദ്യാലയത്തോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തിനും സാമൂഹ്യവികസനത്തിനും കേരളം നൽകുന്ന ശക്തമായ ഊന്നൽ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ പോലുള്ള സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസപരമായ കീർത്തിക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും നിരീക്ഷിച്ചു.
ഭൂതകാലത്തെ ആദരിക്കുകയും വർത്തമാനകാലത്തെ ആഘോഷിക്കുകയും ഭാവിക്കായി സജ്ജമാകുകയും ചെയ്യുന്ന അർഥവത്തായ പരിപാടികളോടെയാകണം ശതാബ്ദിവർഷം അടയാളപ്പെടുത്തേണ്ടതെന്ന് ഉപസംഹരിക്കവേ ഉപരാഷ്ട്രപതി പറഞ്ഞു.
പത്തനാപുരം മൗണ്ട് താബോർ ദയറയിലുള്ള നാല് മെത്രാപ്പോലീത്തമാരുടെ വിശുദ്ധ കബറിടത്തിൽ ഉപരാഷ്ട്രപതി പുഷ്പാർച്ചനയും നടത്തി.
ശതാബ്ദി ആഘോഷങ്ങളിൽ കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക, വിനോദസഞ്ചാര സഹമന്ത്രി ശ്രീ സുരേഷ് ഗോപി, കേരള ഗതാഗത മന്ത്രി ശ്രീ കെ.ബി. ഗണേഷ് കുമാർ, കേരള ധനമന്ത്രി ശ്രീ കെ.എൻ. ബാലഗോപാൽ, ലോക്‌സഭാംഗം ശ്രീ കൊടിക്കുന്നിൽ സുരേഷ്, പൗരസ്ത്യ കാതോലിക്ക ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ, കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, മൗണ്ട് താബോർ ദയറ സുപ്പീരിയർ യുനാൻ സാമുവൽ റമ്പാൻ, മൗണ്ട് താബോർ ദയറ സെക്രട്ടറി ഫിലിപ്പ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.




























