കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസം ബോർഡ് കോളേജിൽ ശാസ്ത്ര ദിനാചരണം സംഘടിപ്പിച്ചു
ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസം ബോർഡ് കോളേജിൽ ‘ദേശീയ ശാസ്ത്ര ദിനം 2026’ ആചരിച്ചു. കേരള അക്കാദമി ഓഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജിലെ ഭൂമിത്രസേന ക്ലബ്ബ്, സസ്യശാസ്ത്ര-ജന്തുശാസ്ത്ര വകുപ്പുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.എസ്. അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് കേരള അക്കാദമി ഓഫ് സയൻസസ് പ്രസിഡന്റും ജെ.എൻ.ടി.ബി.ജി.ആർ.ഐ മുൻ ഡയറക്ടറുമായ ഡോ. ജി.എം. നായർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗത്തെ ആയുഷ്കാല സംഭാവനകൾ പരിഗണിച്ച് ചടങ്ങിൽ ഡോ. ജി.എം. നായരെ പ്രിൻസിപ്പൽ ആദരിച്ചു. ഇന്ത്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന ഘട്ടത്തിൽ നിന്നും ‘മേക്ക് ഇൻ ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗവേഷണ മനോഭാവവും ശാസ്ത്രീയ ചിന്തയും വളർത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കായംകുളം ഐ.സി.എ.ആർ – സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രം മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. എൻ. റെജി ജേക്കബ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സമകാലീന വെല്ലുവിളികളെ നേരിടുന്നതിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള പ്രാധാന്യമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണ വിഷയം. ഭൂമിത്രസേന ക്ലബ്ബ് കോ-ഓർഡിനേറ്റർ ലക്ഷ്മി ശ്രീകുമാർ സ്വാഗതം ആശംസിച്ചു. സുസ്ഥിര വികസനത്തിൽ ശാസ്ത്രത്തിനുള്ള പങ്കിനെക്കുറിച്ചും ശാസ്ത്രീയ ബോധവൽക്കരണത്തിന്റെ പ്രസക്തിയെക്കുറിച്ചും അവർ സംസാരിച്ചു.
ഫെലിസിറ്റേഷൻ സമ്മേളനത്തിൽ ഡോ. പി. ഗീതാകൃഷ്ണൻ നായർ, ഡോ. മഞ്ജു എം., ഡോ. വിന്ധ്യ, ഷാഹിന ഷെരീഫ് എ., ചീഫ് സൂപ്രണ്ട് ശ്രീജ ആർ., ലൈബ്രേറിയൻ ഡോ. പി.ആർ. ബിജു എന്നിവർ ആശംസകൾ നേർന്നു. മികച്ച ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അഭിജിത്ത് (രണ്ടാം വർഷ ബി.എസ്.സി ബോട്ടണി), ആദിത്യൻ (രണ്ടാം വർഷ ബി.എസ്.സി സുവോളജി) എന്നിവർക്കുള്ള പുരസ്കാരങ്ങൾ പ്രിൻസിപ്പൽ വിതരണം ചെയ്തു.
തുടർന്ന് നടന്ന സെഷനുകളിൽ ഡോ. ടിസ്സി മറിയം തോമസ് (മെന്റൽ ഹെൽത്ത് ഫോർ ഓൾ), ഡോ. ഡി. ശ്രീജിത് (ജൈവശാസ്ത്ര ഗവേഷണത്തിലെ പരമ്പരാഗതമല്ലാത്ത പരീക്ഷണ മാതൃകകൾ), ഡോ. ദിലീപ് കുമാർ (ദി മാത്തമാറ്റിക്സ് ഓഫ് നാച്ചർ) എന്നി വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. കേരള സർവ്വകലാശാല ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ശ്രീജിത് പി. നന്ദി രേഖപ്പെടുത്തി.


































