കരുനാഗപ്പള്ളി. നിയമങ്ങളുടെ പരിധിക്കുമപ്പുറം പ്രതിഷേധ ജ്വാലയായി അവൾ മാറുമ്പോൾ കരുത്തിന്റെ മുന്നേറ്റമായി ചേർന്ന് മഹിളാ പ്രവർത്തകരെത്തി അനോമി കണ്ടു മടങ്ങി. ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടി ഭാവന നായികയായി തീയേറ്ററിലെത്തിയ അനോമി എന്ന ചിത്രം കാണാൻ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.
കരുനാഗപ്പള്ളി എച്ച് ആൻഡ് ജെ മാളിലെ മൈസിനിമാസിലെ ഒരു തിയേറ്റർ ഷോ മുഴുവനായി ബുക്ക് ചെയ്തു കൊണ്ടാണ് മഹിളാ പ്രവർത്തകർ പൊരുതുന്ന പെൺകരുത്തിന്റെ പ്രതീകമായ നടിക്ക് വേറിട്ട രീതിയിൽ ഐക്യദാർഢ്യം ഒരുക്കിയത്. ബുധനാഴ്ച വൈകിട്ട് ആറുമണിയുടെ ഒരു ഷോയ്ക്ക് ഉള്ള മുഴുവൻ ടിക്കറ്റുകളും ബുക്ക് ചെയ്തു കൊണ്ട് മഹിളാ പ്രവർത്തകർ വേറിട്ട ഐക്യദാർഢ്യം സംഘടിപ്പിച്ചപ്പോൾ അവർക്ക് ആശംസയുമായി സ്ക്രീനിൽ നടി ഭാവനയും എത്തി.
ഏരിയയിലെ വിവിധ മേഖലാ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും സാമൂഹ്യപ്രവർത്തകരായ വനിതാ നേതാക്കളും ഉൾപ്പെടെ പരിപാടിയുടെ ഭാഗമായി. ഇതോടനുബന്ധിച്ച് ചേർന്ന കൂട്ടായ്മ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ നേതാക്കളായ വസന്താ രമേശ്, ആർ കെ ദീപ, ബെൻസി രഘുനാഥ്, ബി പത്മകുമാരി എന്നിവർ നേതൃത്വം നൽകി.


































