26.9 C
Kollam
Thursday 12th February, 2026 | 08:05:34 PM
Home News Local ദേശീയ പാത 66 , അശാസ്ത്രീയ വികസനത്തിനെതിരെ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പറിന്റെ മുന്നറിയിപ്പ്

ദേശീയ പാത 66 , അശാസ്ത്രീയ വികസനത്തിനെതിരെ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പറിന്റെ മുന്നറിയിപ്പ്

Advertisement

നിജാംബഷി, (യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന ട്രഷറര്‍)

ദേശീയ പാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ക്ക് നാളിതുവരെയും വിരാമമായില്ല. ഇതിന്റെ കാരണം ഉദ്ദേശം 50 വര്‍ഷത്തോളം പിന്നിടുകയാണ് എന്‍ എച്ച് 66 വികസനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും, ഭൂമി ഏറ്റെടുക്കലും തടസ്സവാദങ്ങളും, കോടതി വ്യവഹാരങ്ങളും എല്ലാം പര്യവസാനിച്ചു എന്നു കരുതി നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ 2020 മുതല്‍ എന്‍.എച്ച് 66 പൂര്‍ണ്ണതയില്ലാത്ത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുകയും വാടകക്കാരായ വ്യാപാരികളെ നിഷ്‌ക്കരുണം കുടിയൊഴിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങി. ഈ സമയമെല്ലാം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന വിദഗ്ദ്ധ എഞ്ചിനീയറിംഗ് വിഭാഗവും ഉറക്കം നടിച്ചതിന്റെ പേരിലാണ് കേരളത്തിന്റെ ഭൂപ്രകൃതിയെ ഹനിച്ചുകൊണ്ട്, നഗരഹൃദയത്തെ കീറി മുറിച്ചുകൊണ്ട് പരമ്പരാഗത വ്യവസായത്തെയും ചെറുകിട ഇടത്തരം വ്യാപാര മേഖലയേയും ഉന്മൂലനം ചെയ്യുന്ന തരത്തില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് മരണ മണ്‍മതില്‍ കെട്ടി വേര്‍തിരിച്ച് അശാസ്ത്രീയ ദേശീയപാത വികസിപ്പിക്കുന്നതാര്‍ക്കുവേണ്ടി?

കൊല്ലം ജില്ലയുടെ വടക്കേ അതിര്‍ത്തിയായ ഓച്ചിറ മുതല്‍ തെക്കേ അതിര്‍ത്തിയായ പാരിപ്പള്ളി, കടമ്പാട്ടുകോണം വരെയുളള എന്‍.എച്ച് 66 ന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന പുരാതനമായ ആരാധനാലയങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘ്‌നം വരുത്തുന്നതോടുകൂടി ഓരോ സമൂഹത്തിന്റെയും ആചാരാനുഷ്ടാനങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണ് ഓച്ചിറയിലെ നാഷണല്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം മൂലം സംജാതമാകുന്നത്.

അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന, അമൃതപുരി ആശ്രമവും, അമൃത എഞ്ചിനീയറിംഗ് കോളേജ്, ആയൂര്‍വേദ കോളേജ് എന്നിവിടങ്ങളിലേക്കും പ്രദേശവാസികളുടേയും വാഹന സഞ്ചാര സ്വാതന്ത്ര്യത്തിനുമേല്‍ വടക്കേ ഇന്ത്യന്‍ സാമ്പത്തിക കുത്തകകളുടെ അധിനിവേശത്തിന്റെയും കേരളത്തോടുളള അവഗണനയുടേയും ഉദാഹരണമാണ് ഓച്ചിറയിലും. വവ്വാക്കാവിലും, കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിന്റെ മുന്‍വശത്തെയും മരണമണ്‍മതില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം. കരുനാഗപ്പള്ളി താലൂക്ക് ധര്‍മ്മാശൂപത്രിയില്‍ 300 ല്‍പ്പരം കിടപ്പുരോഗികളും, രണ്ടായിരത്തില്‍പ്പരം ഔട്ട് പേഷ്യന്റ്‌സും ചികിത്സയ്ക്കായി എത്തിച്ചേരുന്ന ആതുര ശുശ്രൂഷ സേവനരംഗത്തു തലയെടുപ്പോടൂകൂടി ഉയര്‍ന്നുവരുന്ന ഈ റഫറല്‍ കേന്ദ്രത്തിന്റെ മുന്നിലൂടെയുളള മരണ മണ്‍മതില്‍ കെട്ടി വേര്‍തിരിക്കുന്നതിനെതിരെയുളള ജനകീയ പ്രക്ഷോഭത്തിന്റെ പ്രസക്തിയെപ്പറ്റി യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ എന്ന വ്യാപാരി സംഘടന 2021 നവംബര്‍ മാസം ഓച്ചിറ മുതല്‍ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ വാഹനപ്രചരണജാഥ നയിക്കുകയും ബോധവല്‍ക്കരണത്തിനായി കോര്‍ണര്‍ യോഗങ്ങളും നടത്തി മുന്നറിയിപ്പ് നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയാകയാല്‍ തടസ്സങ്ങളെ അതിജീവിക്കുന്ന തരത്തില്‍ നിയമ വ്യവസ്ഥയിലെ പഴുതുകള്‍ അടച്ചുളള ദേശീയ പാത 66 വികസനമായതിനാല്‍ പൊതുസമൂഹം മടിച്ചു നിന്ന സമയത്താണ് ഏത് പ്രതിബന്ധങ്ങളേയും മറികടന്ന് മാനുഷിക മൂല്യങ്ങള്‍ക്കായി സഹനസമരങ്ങളുമായി മുന്നോട്ടുപോയാല്‍ ഏത് നിയമത്തെയും അതിജീവിക്കാം എന്ന് പൊതുസമൂഹത്തിന് കാണിച്ചുകൊടുത്തുകൊണ്ട് ആദ്യമായി മരണമണ്‍മതില്‍ കെട്ടി മറച്ച ദേശീയപാത ഒഴിവാക്കി ശാസ്ത്രീയമായ പില്ലര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണം എന്ന ആവശ്യം ഉയര്‍ത്തിക്കാട്ടിയത് യു.എം.സിയാണ്.

യു.എം.സി വികസനത്തിനെതിരല്ല എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് സമരരംഗത്ത് ഇറങ്ങിയത് ആര്‍ക്കും മറച്ചുവെയ്ക്കാന്‍ കഴിയില്ല. കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്കുളള RFCTLARR Act 2013 Schedule II, 107, 108 എന്നീ വകുപ്പ് പ്രകാരമുളള നഷ്ടപരിഹാര പുനരധിവാസ പുനസ്ഥാപന പ്രക്രിയയ്ക്കായി കൂടുതല്‍ തുക അനുവദിച്ചുത്തരവാകണമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ പാത 66 ന്റെ കൂടുതല്‍ വികസനത്തിനായി ബസ്‌വേകള്‍ക്കും പ്രകൃതി സൗഹൃദ ശുചിമുറി, വിശ്രമകേന്ദ്രം എന്നിവയ്ക്കായി ഇനിയും ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. അതോടൊപ്പം കുടിയൊഴിപ്പിക്കപ്പെട്ട വാടക വ്യാപാരികള്‍ക്കായി ഭൂമി ഏറ്റെടുത്ത് വ്യാപാര സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് അവരെ പുനരധിവസിപ്പിക്കുന്നതോടൊപ്പം പില്ലര്‍ എലിവേറ്റഡ് ഹൈവേയുടെ അടിയില്‍ വാഹനപാര്‍ക്കിംഗ്, കുടിയൊഴിപ്പിക്കപ്പെട്ട വാടക വ്യാപാരികള്‍ക്കായുളള ഷോപ്പുകള്‍ എന്നിവയ്ക്കായി ക്രമീകരിക്കുക ഇതിലൂടെ കൊല്ലം ജില്ലയിലെ ചെറുകിട വ്യാപാര വ്യവസായിക നവോത്ഥാന പ്രക്രിയയ്ക്കു നാന്ദി കുറിക്കുക കൂടി ചെയ്യട്ടെ. നാളിതുവരെയുളള ജനകീയ പ്രക്ഷോഭങ്ങള്‍ക്കും ഇനി തുടര്‍ന്നുളള പ്രക്ഷോഭ സമരങ്ങള്‍ക്കും യു.എം.സിയുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

                                
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here