കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാല പുത്തനമ്പലം മേഖലയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടും കനാലുകൾ തുറക്കാൻ നടപടിയില്ലെന്ന് പരാതി.മിക്ക വീടുകളിലെയും കിണറുകൾ പൂർണമായും വറ്റി വരണ്ടു.കാർഷികമേഖലയിലും ജലക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.കനാലുകളിൽ കൂടി വെള്ളം എത്തിയിരുന്നെങ്കിൽ കിണറുകളിൽ ഉറവ പൊട്ടുകയും അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപകരിക്കപ്പെടുകയും ചെയ്യുമായിരുന്നു.
പുത്തനമ്പലം പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കനാലുകളിൽ കൂടി വെള്ളം തുറന്നു വിടണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് അംഗങ്ങളായ റ്റി.എ സുരേഷ് കുമാർ,അഞ്ചു എം.എസ് എന്നിവരുടെ നേതൃത്വത്തിൽ ശാസ്താംകോട്ട കെഐപി അസി.എൻജിനിയറുടെ കാര്യാലയം ഉപരോധിച്ചു നിവേദനം നൽകി.ഷൈനു കുളങ്ങര,സഹദേവൻ, രാജു.എം.കെ എന്നിവർ നേതൃത്വം നൽകി അടുത്ത ദിവസം തന്നെ കനാലിൽ കൂടി വെള്ളം തുറന്നു വിടാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.


































