കൊല്ലം എറണാകുളം മെമു സര്‍വീസ് സ്ഥിരമാക്കണം എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. ശനിയാഴ്ച കൂടി ഉള്‍പ്പെടുത്തി ആഴ്ചയില്‍ ആറ് ദിവസമാക്കി സര്‍വീസ് ഉയര്‍ത്തണം എന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. കോച്ചുകളുടെ എണ്ണം 16 ആക്കി ഉയര്‍ത്തണമെന്നും ആവശ്യമുണ്ട്.
ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ വികസനം, കൊല്ലം ഈറോഡ് എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത് താമ്പരം എസി എക്‌സ്പ്രസ് എന്നിവ അനുവദിക്കണം, ശാസ്താംകോട്ട, കൊട്ടാരക്കര സ്‌റ്റേഷനുകളെ അമൃത ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം തുടങ്ങി ഒരുപിടി ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് സമര്‍പ്പിച്ചത്. അനുഭാവ പൂര്‍വം പരിഗണിക്കാമെന്നും വൈകാതെ തീരുമാനം പ്രതീക്ഷിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനെ സന്ദര്‍ശിച്ച് മണ്ഡലത്തിലെ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണ നല്‍കുന്ന തരത്തില്‍ വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ തുകയും അനുമതിയും നല്‍കുന്നതിനെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി നിവേദനം നല്‍കി. 1. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ടുള്ള പദ്ധതിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും പിന്നീട് പലതവണ പദ്ധതിവിഹിതം വെട്ടിച്ചുരുക്കി 98 കോടിയിലേക്ക് എത്തിയിരിക്കുകയാണ്. പദ്ധതിയുടെ ഇപിസി ടെന്‍ഡര്‍ തുറന്നെങ്കിലും ലെറ്റര്‍ ഓഫ് അക്സെപ്റ്റന്‍സ് ഇതുവരെ നല്‍കിയിട്ടില്ല. ശബരിമല സീസണ്‍ അവസാനിച്ചെന്നിരിക്കെ ശബരിമലയുടെ കവാടം എന്ന നിലയില്‍ സ്റ്റേഷന്‍ വികസനം അടിയന്തരമായി തുടങ്ങണം ഇതിനാവശ്യമായ പണം അനുവദിക്കണം. 2. സ്ഥിരം യാത്രക്കാരുടെ നിരന്തര ആവശ്യവും നിലവില്‍ ഉണ്ടായിരുന്ന ട്രെയിനുകളിലെ കടുത്ത തിരക്കും പരിഗണിച്ച് നേരത്തെ എന്റെ അഭ്യര്‍ത്ഥനപ്രകാരം അനുവദിച്ച 06169/70 കൊല്ലം എറണാകുളം കൊല്ലം മെമു സ്ഥിരമാക്കണമെന്നും നിലവില്‍ സര്‍വീസ് ഇല്ലാത്ത ശനിയാഴ്ച ഉള്‍പ്പെടുത്തി ആഴ്ചയില്‍ ആറു ദിവസമായി സര്‍വീസ് ഉയര്‍ത്തണമെന്നും കോച്ചുകളുടെ എണ്ണം 16 ആയി വര്‍ധിപ്പിക്കണം എന്നും ആവശ്യം ഉന്നയിച്ചു.
3. നേരത്തെ റെയില്‍വേ മന്ത്രാലയവും റെയില്‍വേ ബോര്‍ഡും തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ള കൊല്ലം ഈറോഡ് എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത് താമ്പരം എ സി എക്‌സ്പ്രസ് എന്നിവ പുതുതായി അനുവദിക്കണമെന്നും നിലവില്‍ ആഴ്ചയില്‍ രണ്ടുദിവസം സര്‍വീസ് നടത്തുന്ന വേളാങ്കണ്ണി എക്‌സ്പ്രസ് ആഴ്ചയില്‍ മൂന്നുദിവസമായി സര്‍വീസ് ഉയര്‍ത്തണമെന്നും എഴുകോണ്‍, ആവണീശ്വരം എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും കൊല്ലം കോട്ടയം എറണാകുളം റൂട്ടില്‍ പുതുതായി എസി മെമു സര്‍വീസ് അനുവദിക്കണമെന്നും നിലമ്പൂര്‍ റോഡ് കോട്ടയം എക്‌സ്പ്രസ് കൊല്ലത്തേക്ക് നീട്ടുന്നതിന് അനുകൂലമായ നിര്‍ദ്ദേശം ദക്ഷിണ റെയില്‍വേയ്ക്ക് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു.
4. എന്റെ അഭ്യര്‍ത്ഥനപ്രകാരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവിഷന്റെ ഫണ്ടില്‍ നിന്നും പണം അനുവദിച്ചിട്ടുള്ള ശാസ്താംകോട്ട, കൊട്ടാരക്കര എന്നീ റെയില്‍വേ സ്റ്റേഷനുകളെ മികച്ച നിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ഇരു സ്റ്റേഷനുകളെയും അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
5. മണ്ഡലത്തില്‍ വിവിധ കാലയളവില്‍ അനുവദിച്ചിട്ടുള്ള റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം മന്ദഗതിയിലാണ്. കുന്നത്തൂരിലെ മൈനാഗപ്പള്ളി, മാവേലിക്കര കല്ലുമല, ചങ്ങനാശ്ശേരി നാലുകോടി എന്നിവിടങ്ങളിലെ റെയില്‍വേ മേല്‍പ്പാലങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി കോസ്റ്റ് ഷെയറിങ്ങിലും പത്തനാപുരം ആവണേശ്വരം, കുട്ടനാട് തകഴി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ റെയില്‍വേ മേല്‍പ്പാലങ്ങള്‍ റെയില്‍വേയുടെ 100% പദ്ധതി വിഹിതത്തിലും ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിവിധ ഘട്ടങ്ങളിലുള്ള മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് ആവശ്യമായ തുക ഇത്തവണ അനുവദിക്കണമെന്ന് ആവശ്യമുയര്‍ത്തി.
6. കേരളത്തിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുതുതായി അനുവദിക്കുന്നതിന് അനിവാര്യമായ തിരുവനന്തപുരം മംഗലാപുരം 3, 4 പാതകള്‍, കായംകുളം എറണാകുളം തീരദേശ പാതയിലെ അമ്പലപ്പുഴ മുതല്‍ കുമ്പളം വരെയുള്ള ഭാഗത്തെ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ എന്നിവ വിവിധ ഘട്ടങ്ങളില്‍ വേഗതയില്ലാത്ത അവസ്ഥയാണ്. ഇതു സംബന്ധിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ വിശദമായ ചര്‍ച്ചയും നടന്നിരുന്നു. സര്‍വ്വേ നടത്തുന്നതിനൊപ്പം പാതകള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് ആനുപാതികമായ ബഡ്ജറ്റ് വിഹിതം അധികമായി അനുവദിക്കേണ്ട ആവശ്യകതയും മന്ത്രിയെ ബോധ്യപ്പെടുത്തി.
7. മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളില്‍ മുന്‍ഗണനാക്രമത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള പുതിയ സ്റ്റോപ്പുകള്‍ സംബന്ധിച്ച് അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രിയോട് പറഞ്ഞു. തകഴി റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി, ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വിവേക് എക്‌സ്പ്രസ്, ചെങ്ങന്നൂരില്‍ നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ശാസ്താംകോട്ടയില്‍ മാവേലി എക്‌സ്പ്രസ്സ്, മംഗലാപുരം അമൃതഭാരത്, ചെര്‍ലാപ്പള്ളി അമൃതഭാരത്, മണ്‍റോത്തുരുത്തില്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്, എഴുകോണില്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, വേളാങ്കണ്ണി എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ ആണ് മുന്‍ഗണനയായി നല്‍കിയിട്ടുള്ളത്. മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭവപൂര്‍വം പരിഗണിക്കാമെന്നും വൈകാതെ തന്നെ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി.



































