Home News Breaking News അതേ,കുന്നത്തൂരില്‍ എൽഡിഎഫിന് വേറേ ചോയിസില്ല, കോവൂർ കുഞ്ഞുമോൻ തന്നെ

അതേ,കുന്നത്തൂരില്‍ എൽഡിഎഫിന് വേറേ ചോയിസില്ല, കോവൂർ കുഞ്ഞുമോൻ തന്നെ

Advertisement

ശാസ്താംകോട്ട:നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ സംവരണ സീറ്റിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും കോവൂർ കുഞ്ഞുമോൻ എംഎൽഎ തന്നെ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി.അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിൽ ആർഎസ്പി (ലെനിനിസ്റ്റ്) സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയെ തുടർന്നാണ് അനുകൂല തീരുമാനം ഉണ്ടായതെന്നാണ് അറിയുന്നത്.

പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കാനും മുഖ്യമന്ത്രി കുഞ്ഞുമോന് നിർദ്ദേശവും നൽകി.25 വർഷമായി നിയമസഭയിൽ കുന്നത്തൂരിനെ പ്രതിനിധികരിക്കുന്ന കുഞ്ഞുമോനെ ഒഴിവാക്കി സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ചർച്ച സജീവമായിരുന്നു.അങ്ങനെയെങ്കിൽ മുൻ രാജ്യസഭാ എം.പിയും വയോജന കമ്മീഷൻ ചെയർമാനുമായ കെ.സോമപ്രസാദിനെ രംഗത്ത് ഇറക്കാനായിരുന്നു ധാരണ.പി.രാമഭദ്രൻ,പുന്നല ശ്രീകുമാർ എന്നിവരുടെ പേരുകളും പരിഗണനയിൽ ഉൾപ്പെട്ടിരുന്നു.എന്നാൽ സിപിഐയും കേരള കോൺഗ്രസ് (മാണി) വിഭാഗവും സീറ്റിൽ അവകാശവാദമുന്നയിച്ച് എത്തിയത് എൽഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇതിനിടയിൽ മറ്റാർക്കും കുന്നത്തൂർ സീറ്റ് വിട്ടുകൊടുക്കില്ലെന്നും തനിക്ക് അവകാശപ്പെട്ടതാണെന്നുമുള്ള വാദമുയർത്തി കുഞ്ഞുമോനും രംഗത്ത് എത്തുകയുണ്ടായി.മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്ന കുഞ്ഞുമോൻ അദ്ദേഹത്തെ നേരിൽ കണ്ട് ആവശ്യം ഉന്നയിച്ചതോടെയാണ് സ്ഥാനാർത്ഥി വിവാദത്തിൽ അന്തിമ തീരുമാനമായത്.2001 മുതൽ തുടർച്ചയായി കുന്നത്തൂരിനെ നിയമസഭയിൽ പ്രതിനിധികരിക്കുന്നത് കോവൂർ കുഞ്ഞുമോനാണ്.കന്നിയങ്കത്തിൽ മുൻ മന്ത്രി പന്തളം സുധാകരനെ പരാജയപ്പെടുത്തി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ കുഞ്ഞുമോന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നന്നേ കുറഞ്ഞു.ആർഎസ്പി യുഡിഎഫിൻ്റെ ഭാഗമായതോടെ തുടക്കത്തിൽ അവർക്കൊപ്പം നിന്ന കുഞ്ഞുമോൻ,അധികം വൈകാതെ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചു.ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് സ്വീകരിച്ചില്ല.

പിണറായി വിജയൻ്റേയും കോടിയേരി ബാലകൃഷ്ണൻ്റെയും നിർദ്ദേശമനുരസരിച്ചാണ് കുഞ്ഞുമോൻ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു.തുടർന്ന് 2016 ലെ തെരഞ്ഞെടുപ്പിൽ ആർഎസ്പി (ലെനിനിസ്റ്റ്) എന്ന പേരിൽ പുതിയൊരു പാർട്ടി രൂപീകരിച്ച ശേഷം എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തുകയായിരുന്നു.യുഡിഎഫ് സ്ഥാനാർത്ഥി ഔദ്യോഗിക ആർഎസ്പിയിലെ ഉല്ലാസ് കോവൂരിനെയണ് വലിയ മാർജിനിൽ പരാജയപ്പെടുത്തിയത്.എന്നാൽ കഴിഞ്ഞ തവണ കുഞ്ഞുമോൻ വെറും 2700 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനെ പരാജയപ്പെടുത്തിയത്.

Advertisement