കൊല്ലം ആശ്രാമം മോഡല്‍ ആന്റ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി മെഡിക്കല്‍ കോളേജയായി ഉയര്‍ത്തുന്നതിന് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഉത്തരവായതായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. ഹിമാച്ചല്‍ പ്രദേശില്‍ ചേര്‍ന്ന 196-ാമത് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം 10 മെഡിക്കല്‍ കോളേജുകള്‍ പുതിയതായി ആരംഭിക്കുവാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കൊല്ലം ആശ്രാമം, മനേസര്‍ ഹരിയാന, അസന്‍സോള്‍ പഞ്ചിമ ബംഗാള്‍, അന്ധരുവ ഭുവനേശ്വര്‍ ഒഡീഷ, ബിബ് വേവാദി പുനെ മഹാരാഷ്ട്ര, മാര്‍ഗോവ് ഗോവ, വിശാഖപട്ടണം ആന്ധ്രാപ്രദേശ്, പാണ്ഡുനഗര്‍ കാന്‍പൂര്‍ ഉത്തര്‍പ്രദേശ്, നാഗ്പൂര്‍ മഹാരാഷ്ട്ര, സൂറത്ത് ഗുജറാത്ത് എന്നിവിടങ്ങളില്‍ പുതിയതായി മെഡിക്കല്‍ കോളേജ് ആരംഭിക്കാനാണ് ഉത്തരവ്. കൊല്ലത്തെ മെഡിക്കല്‍ കോളേജ് അടുത്ത അദ്ധ്യയന വര്‍ഷം തന്നെ ആരംഭിക്കുന്ന തരത്തില്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തി വരികയാണ്. മെഡിക്കല്‍ കോളേജില്‍ ഡീനിനെ നിമയിച്ചു.50 സീറ്റുകളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് അദ്ധ്യയനം ആരംഭിക്കുവാനാണ് നടപടികള്‍ സ്വീകരിച്ചു വരുന്നത്. അടുത്ത അദ്ധ്യയന വര്‍ഷം തന്നെ 50 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് പുതിയ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.



























