ഐഷാ പോറ്റിക്ക് കോൺഗ്രസിൽ പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം; പാർട്ടി സംരക്ഷിക്കും, കൊടിക്കുന്നിൽ സുരേഷ് എംപി

Advertisement

കൊട്ടാരക്കര.ഐഷാ പോറ്റിക്ക് കോൺഗ്രസ് പാർട്ടിയിൽ പൂർണ്ണമായ രാഷ്ട്രീയവും സംഘടനാത്മകവുമായ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും, കോൺഗ്രസിന്റെ നേതാക്കളും പ്രവർത്തകരും അവരെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. പാർട്ടി ഐഷ പോറ്റിയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഷാ പോറ്റിയുടെ കോൺഗ്രസിലേക്കുള്ള പ്രവേശനം വ്യക്തിഗത രാഷ്ട്രീയ തീരുമാനമാണെന്നും, അത് ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളോടും ഭരണപരാജയങ്ങളോടും ഉള്ള ശക്തമായ പ്രതികരണമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾക്കും പ്രവർത്തക സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ സിപിഐഎം നേതാക്കൾ, പ്രത്യേകിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തുന്ന പ്രതികരണങ്ങൾ, ഈ പ്രവേശനം ഇടതുപക്ഷത്തെ എത്രത്തോളം അസ്വസ്ഥമാക്കിയെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ രാഷ്ട്രീയ തീരുമാനങ്ങളെ പരിഹസിക്കുന്നതിന് പകരം, സംസ്ഥാനത്തെ ഗുരുതരമായ ധനകാര്യ പ്രതിസന്ധിയും നികുതി വർധനവുകളും സംബന്ധിച്ച് ജനങ്ങൾക്ക് മറുപടി നൽകുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളും അധികാരകേന്ദ്രികരണവും കാരണം വരുന്ന ദിവസങ്ങളിൽ സിപിഐഎമ്മിൽ നിന്നും മറ്റ് ഇടതുപക്ഷ കക്ഷികളിൽ നിന്നുമായി കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് കടന്നുവരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ഇത് ഒരു രാഷ്ട്രീയ ഒഴുക്കല്ല, ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here