ശാസ്താംകോട്ട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻ്റ്/വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും.കുന്നത്തൂർ താലൂക്ക് പരിധിയിലെ പഞ്ചായത്തുകളിലെ പ്രസിഡൻ്റ്,വൈസ് പ്രസിഡൻ്റ സ്ഥാനങ്ങളിൽ ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ട്.7 പഞ്ചായത്തുകളിൽ മൈനാഗപ്പള്ളി,ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട,കുന്നത്തൂർ,പോരുവഴി എന്നീ 5 പഞ്ചായത്തുകളിൽ എൽഡിഎഫിനും ശൂരനാട് തെക്ക്,ശൂരനാട് വടക്ക് പഞ്ചായത്തുകളിൽ യുഡിഎഫിനുമാണ് മുൻതൂക്കം.എൽഡിഎഫിലെ ധാരണ പ്രകാരം മൈനാഗപ്പള്ളിയിൽ രണ്ടര വർഷം വീതം പ്രസിഡൻ്റ് പദവി സിപിഐയും സിപിഎമ്മും വീതം വച്ച് എടുക്കും.സിപിഐയിലെ രജനി സുനിൽ ആദ്യ ടേമിൽ പ്രസിഡൻ്റും സിപിഎമ്മിലെ വേണുഗോപാൽ വൈസ്. പ്രസിഡൻ്റുമാകാനാണ് സാധ്യത.പടിഞ്ഞാറെ കല്ലടയിൽ സിപിഎമ്മിലെ അംബിക പ്രസിഡൻ്റും സിപി.ഐയിലെ കെ.ബി അജിത് വൈസ് പ്രസിഡൻ്റുമാകും.ശാസ്താംകോട്ടയിൽ ആദ്യ 3 വർഷം സിപിഎമ്മും 2 വർഷം സിപിഐയും പ്രസിഡൻ്റ് സ്ഥാനം പങ്കിടും.ആദ്യ ടേമിൽ ഇസഡ് ആൻ്റണി പ്രസിഡൻ്റ് ആകാനാണ് സാധ്യത.സിപിഐയിലെ ബിന്ദു രാധാകൃഷ്ണൻ വൈസ്. പ്രസിഡൻ്റുമാകും.പോരുവഴിയിലും ആദ്യ 3 വർഷം സിപിഎമ്മും 2 വർഷം സിപിഐയും പ്രസിഡൻ്റ് സ്ഥാനം പങ്കിടും.ആദ്യ ടേമിൽ ബിനു ഐ.നായർ പ്രസിഡൻ്റും മോഹനൻ വൈസ് പ്രസിഡൻ്റുമാകും.കുന്നത്തൂർ പഞ്ചായത്തിൽ ആദ്യ 2 വർഷം സിപിഐയും അടുത്ത 3 വർഷം സിപിഎമ്മിനും പ്രസിഡൻ്റ് സ്ഥാനം ലഭിക്കും.സിപിഐയിലെ പി.ടി അനുപമ പ്രസിഡൻ്റും സിപിഎമ്മിലെ രജനി വൈസ് പ്രസിഡൻ്റുമാകും.ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസിലെ ആശാ രമേശ് പ്രസിഡൻ്റും ലൈലാബീവി വൈസ് പ്രസിഡൻ്റുമാകും.ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിലെ ശ്രീലക്ഷ്മി പ്രസിഡൻ്റും ബിജു പട്ടാറ വൈസ് പ്രസിഡൻ്റുമാകാനാണ് സാധ്യത.പ്രസിഡൻ്റ് സ്ഥാനത്തേക്ക്
പട്ടികജാതി വനിത സംവരണമുള്ള
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ഐവർകാല ഡിവിഷനിൽ നിന്നുള്ള സിപിഎം അംഗം രശ്മി രജ്ഞിത്ത് പ്രസിഡൻ്റും കുന്നത്തൂർ ഡിവിഷനിൽ നിന്നുള്ള സിപിഐ അംഗം ശിവശങ്കരപിള്ള
വൈസ് പ്രസിഡൻ്റുമാകും.ഇരുവരും കുന്നത്തൂർ സ്വദേശികളാണ്.ആദ്യ 2 വർഷം പ്രസിഡൻ്റ് സ്ഥാനം സിപിഐക്ക് ലഭിക്കുമായിരുന്നെങ്കിലും അവർക്ക് പട്ടികജാതി വനിത അംഗം ഇല്ലാത്തതിനാൽ 5 വർഷവും പ്രസിഡൻ്റ് സ്ഥാനം സിപിഎമ്മിന് തന്നെ ലഭിക്കും.രശ്മി 2 തവണ കുന്നത്തൂർ പഞ്ചായത്ത് അംഗവും ശിവശങ്കരപിള്ള കുന്നത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നവരാണ്.





































