ശാസ്താംകോട്ട:സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് (മുണ്ടിവീക്കം) രോഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്.കുന്നത്തൂർ,പോരുവഴി,ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിൽ രോഗ വ്യാപനം ശക്തമാണ്.താലൂക്കിലെ മിക്ക സർക്കാർ-സിബിഎസ്ഇ സ്കൂളുകളിൽ രണ്ടും മൂന്നും ആഴ്ചത്തേക്ക് അവധി നൽകിയിരിക്കയാണ്.മറ്റ് കുട്ടികളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് അവധി നൽകുന്നത്.പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലാണ് പ്രധാനമായും രോഗം കണ്ടുവരുന്നത്. ചെറിയ കുട്ടികൾക്ക് ആഹാരം കഴിക്കാനോ വെള്ളം കുടിക്കാൻ പോലും കഴിയുന്നില്ല.അതിനിടെ രോഗം വ്യാപകമായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.രോഗിയുമായി സമ്പർക്കം പുലർത്തുന്നവർക്ക് വേഗത്തിൽ രോഗം പകരുന്നതാണ് രീതി.മുണ്ടിനീര് വൈറസ് ബാധിച്ച വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ തെറിക്കുന്ന ഉമിനീരിൻ്റെ കണങ്ങളിലൂടെ മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുന്ന പകർച്ചവ്യാധി ആണിത്.കവിളിന്റെ സമീപത്തിലുള്ള പരോട്ടിഡ് ഗ്രന്ഥികൾ എന്നു പേരായ ഉമിനീർ ഗ്രസ്ഥികളെയാണ്
രോഗം കൂടുതലായി ബാധിക്കുന്നത്.ഒരു തവണ ഈ രോഗം ബാധിച്ചാൽ വീണ്ടും വരാനുള്ള സാധ്യത കുറവാണെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാർശ്വഫലങ്ങളും ഈ രോഗത്തെ ഗൗരവമുള്ളതാക്കുന്നു.രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഒരാഴ്ച മുമ്പും രോഗം ഭേദമായി രണ്ടാഴ്ച വരെയും രോഗം പകരാനുള്ള സാധ്യതയുണ്ട്.മുണ്ടിനീരിന്റെ കാരണക്കാർ മിക്‌സോ വൈറസ് കുടുംബത്തിൽപ്പെട്ട ഒരു തരം വൈറസുകളാണ്.ഉമിനീർ ഗ്രന്ഥികളെ പ്രത്യേകിച്ച് പരോട്ടിഡ് ഗ്രന്ഥികളെ സാധാരണയായി ബാധിക്കുന്ന മുണ്ടിനീര് അപൂർവ്വമായി നാഡിവ്യൂഹത്തെയും ബാധിക്കുന്നതായി കണ്ടു വരുന്നു.രോഗ ബധിതരുടെ രക്തം,മൂത്രം,മുലപ്പാൽ എന്നിവയിലും ഈ വൈറസ് കാണപ്പെടുന്നു.രോഗബാധയുള്ളവരെ പരമാവധി ഒഴിവാക്കുക,രോഗ ബാധയുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക,രോഗിയുടെ വസ്തുക്കൾ അണുവിമുക്തമാക്കുക,വിശ്രമിക്കുകയും,ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക തുടങ്ങിയ മുൻകരുതലുകൾ എടുക്കണം.മുണ്ടിനീരിന് പ്രത്യേക ചികിത്സയില്ല എങ്കിലും വേദന സംഹാരികളും, പ്രതിരോധ കുത്തിവയ്പുകളും ഗുണം ചെയ്തേക്കാം.





































