കുന്നത്തൂർ:പഞ്ചായത്ത് പ്രസിഡൻ്റും ബ്രാഞ്ച് സെക്രട്ടറിയുമടക്കം അൻപതോളം പേർ പാർട്ടി വിട്ട കുന്നത്തൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സിപിഎം നേതൃത്വം ഇടപെട്ട് താത്ക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും താഴെക്കിടയിൽ അസ്വാരസ്യങ്ങൾ പുകയുന്നത് തലവേദന സൃഷ്ടിക്കുന്നു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.വത്സലകുമാരിയുടെ വാർഡിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനേഷിനെ മത്സരിപ്പിക്കാൻ നേതൃത്വം രംഗത്ത് എത്തിയതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.വാർഡിലെ യുവനേതാവായ ആദർശ് യശോധരനെ രംഗത്ത് ഇറക്കണമെന്നതായിരുന്നു വാർഡ് കമ്മിറ്റിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനം.ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കവേ നേതൃത്വം ബിനേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വാർഡ് കമ്മിറ്റി ഒന്നാകെ രാജിവച്ചത്.പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും തമ്മിൽ ഭരണത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ നിലനിന്ന അനൈക്യതയും പോരുമാണ് രാജിക്ക് പിന്നിലുള്ള മറ്റൊരു കാരണം.രാജിവച്ചവർ ആദർശ് യശോധരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.എന്നാൽ അതേ ദിവസം രാത്രിയിൽ തന്നെ നേതൃത്വം ഇടപെട്ട് പ്രസിഡൻ്റ് ഉൾപ്പെടെ എടുത്ത തീരുമാനം മരവിപ്പിച്ചു.ഇതിന് പിന്നിൽ യുവനേതാവിനെതിരെ പാർട്ടിക്ക് മുൻപ് ലഭിച്ച പരാതി പരസ്യമാക്കുമെന്നും നടപടികളിലേക്ക് നീങ്ങുമെന്നുമുള്ള നേതൃത്വത്തിൻ്റെ ഭീഷണിയാണെന്നും പറയപ്പെടുന്നു.തുടർന്ന് അടുത്ത ദിവസം യുവ നേതാവിൻ്റെ പിതൃസഹോദരി കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റും മറ്റ് ഭാരവാഹികളും ഒരുമിച്ചെത്തിയാണ് ബിനേഷ് പത്രിക നൽകിയത്.ഇതോടെ പ്രശ്നങ്ങൾ കെട്ടടങ്ങി എന്നായിരുന്നു പാർട്ടിയുടെ ധാരണ.എന്നാൽ തങ്ങൾ പിന്മാറിയിട്ടില്ലെന്നും തുറന്ന പോരിന് തന്നെയാണെന്നുമുള്ള സൂചനകൾ നൽകി കൊണ്ട് ആദർശ് യശോധരൻ നാമനിർദേശ പത്രിക നൽകേണ്ട അവസാന ദിവസം പത്രിക നൽകുകയായിരുന്നു.സിപിഎം വിമത സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ വീടുകൾ കയറിയുള്ള പ്രചരണം അവസാനഘട്ടത്തിലാണ്.അതിനിടെ പത്രിക പിൻവലിപ്പിക്കാൻ വലിയ സമ്മർദ്ദമുണ്ടെങ്കിലും തയ്യാറല്ലെന്ന നിലപാടിലാണ് ആദർശ്.






































