ശാസ്താംകോട്ട:ചക്കുവള്ളിയിൽ വച്ച് യുവാക്കളെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ നാഗാലാൻഡിലെ ദിമാപൂരിൽ നിന്ന് ശൂരനാട് പോലീസ് പിടികൂടി.ശൂരനാട്,ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ മൈനാഗപ്പള്ളി വേങ്ങ റെയിൽവേ സ്റ്റേഷന് സമീപം ഗായത്രി ഭവനത്തിൽ ടാറ്റു അപ്പു എന്ന് വിളിക്കുന്ന ധനുഷ് ആണ് പിടിയിലായത്.കഴിഞ്ഞ മെയ് 28നാണ് രാത്രിയിലാണ് സംഭവം നടന്നത്.ചക്കുവള്ളിയിലുള്ള പങ്കാളിസ് എന്ന ക്ലബ്ബിന് സമീപം വെച്ച് ചക്കുവള്ളി സ്വദേശികളായ യുവാക്കളെ കാറിലും മറ്റു വാഹനങ്ങളിലുമായി എത്തിയ പ്രതികൾ ഇടിച്ചു വീഴ്ത്താൻ ശ്രമിക്കുകയും ഒഴിഞ്ഞുമാറിയ യുവാക്കളെ മുളക് സ്പ്രേ മുഖത്ത് അടിച്ച ശേഷം കമ്പി വടികൊണ്ട് അടിച്ചും ബിയർ കുപ്പി ഉപയോഗിച്ച് തലക്കടിച്ചും,രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ചുടുകട്ട എറിഞ്ഞു വീഴ്ത്തിയ ശേഷം വീണ്ടും മാരകമായി ഉപദ്രവിക്കുകയുമായിരുന്നു.തുടർന്ന് പ്രതികൾ ചേർന്ന് പെട്രോൾ പമ്പിന് സമീപത്തു വച്ച് മറ്റൊരു യുവാവിനെയും ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു.പിന്നീട് സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതികളിൽ ഭൂരിഭാഗത്തെയും പോലീസ് അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയുണ്ടായി.സ്ഥലം വിട്ട ധനുഷിനെ കണ്ടെത്തുന്നതിന് ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി.ബി, എസ്എച്ച്ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐ ദീപു പിള്ള,എസ്ഐ മാരായ രാജേഷ്,പ്രദീപ്,സതീശൻ,സിപിഒ അരുൺ ബാബു,മുഹമ്മദ് അനസ് എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചു.സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രതിയുടെ ജോലിയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിൽ, നാഗാലാൻഡിൽ കഴിഞ്ഞു വരുന്നതായി സൂചനകൾ ലഭിക്കുകയുണ്ടായി.തുടർന്ന്
എസ്ഐ സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് ഭീമാപുരിൽ ക്യാമ്പ് ചെയ്തു തിരച്ചിൽ ആരംഭിച്ചു.ദിമാപൂരിലെ ബാങ്ക് കോളനി എന്നറിയപ്പെടുന്ന പ്രദേശത്ത് നാഗാലാൻഡ് സ്വദേശിയെന്ന് കരുതുന്ന വിധത്തിൽ വേഷപ്പകർച്ച നടത്തി നാഗാലാൻഡ് സ്വദേശിനിയായ സുഹൃത്തിനോടൊപ്പം കഴിഞ്ഞു വരികയായിരുന്ന ധനുഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ ദിമാപൂർ കോടതിയിൽ ഹാജരാക്കിയ ശേഷം നാട്ടിലെത്തിച്ച് ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.






































