കൊല്ലം. ആയൂരിൽ മന്ത്രവാദത്തിന് തയ്യാറാകാതിരുന്ന യുവതിയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച കേസിലെ പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപം. പ്രതി സജീറിനെ ഇതുവരെയും പിടികൂടാൻ ചടയമംഗലം പൊലീസിനായില്ല. മുൻകൂർജാമ്യത്തിനായ് കോടതിയെ സമീപിച്ച പ്രതിക്ക് ഇതിനുള്ള സൗകര്യം പൊലീസ് ഒരുക്കി നൽകുകയാണെന്നാണ് ആക്ഷേപം. കേസിൽ മന്ത്രവാദിയെ പ്രതി ചേർക്കണമെന്ന വീട്ടുകാരുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറായിട്ടില്ല. 9 വയസ്സുള്ള കുട്ടിയെ സജീർ ക്രൂരമായി ഉപദ്രവിച്ചതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഇതിൽ കേസെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം പരിക്കുകൾ ഭേദപ്പെട്ട റെജില ആശുപത്രി വിട്ടു.






































