Home News Breaking News സമ്പൂര്‍ണ വിഷുഫലം, ഈ നാളുകാര്‍ക്ക് ഇനി സുവര്‍ണ കാലം

സമ്പൂര്‍ണ വിഷുഫലം, ഈ നാളുകാര്‍ക്ക് ഇനി സുവര്‍ണ കാലം

Advertisement

മേടമാസം ഒന്നാം തീയതിയായ ഏപ്രിൽ 14 ന് ചൊവ്വാഴ്ച രാവിലെ 9 മണി 32 മിനിറ്റിന്/ ഉദയാല്പരം 8 നാഴിക 8 വിനാഴികയിലാണ് ചതയം നക്ഷത്രത്തിൽ ഇക്കൊല്ലത്തെ മേടസംക്രമം നടക്കുന്നത്. അതായത് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ പ്രവേശിക്കുന്നത്.

സൂര്യോദയത്തിന് ശേഷം ആദിതൃസംക്രമം വന്നതിനാൽ വിഷുക്കണിയും വിഷു ആഘോഷവും തൊട്ടടുത്ത ദിവസമായ ഏപ്രിൽ 15 ന് ബുധനാഴ്ചയാണ് ആഘോഷിക്കേണ്ടത്.
അവിട്ടം, ചതയം, പൂരൂരുട്ടാതി, മകയിരം, തിരുവാതിര, പുണർതം, ചിത്തിര, ചോതി, വിശാഖം എന്നീ 9 നക്ഷത്രങ്ങൾ ആദിമധ്യഅന്ത്യശൂലം എന്ന വിഭാഗത്തിൽ വരികയാൽ ഗുണാനുഭവങ്ങൾ കുറയാനിടയുണ്ട്. മറ്റുള്ള 18 നക്ഷത്രങ്ങൾ ആദി/ മധ്യ/ അന്ത്യ ഷഡ്ക വിഭാഗത്തിൽ വരികയാൽ അവയിൽ ജനിച്ചവർക്ക് പ്രായേണ മേന്മയും ഭവിക്കുന്നതാണ്.

അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വിഷുഫലം താഴെ കൊടുക്കുന്നു

അശ്വതി

അശ്വതി നാളുകാർക്ക് വിഷുഫലം പ്രായേണ അനുകൂലമാണ്. നിലവിലെ തൊഴിലിൽ ഉയർച്ച വരും. ഉച്ചസ്ഥനായ വ്യാഴം കർമ്മഭാവത്തിലേക്ക് പൂർണ്ണദൃഷ്ടി ചെയ്യുകയാൽ ആഗസ്റ്റിന് മേൽ നവംബറിനകം കർമ്മപുഷ്ടിയുണ്ട്. ഗൃഹനിർമ്മാണം സാധ്യമാവും. പണിതീരാത്തത് പൂർത്തീകരിക്കും. പുതുവാഹനഭാഗ്യം പ്രതീക്ഷിക്കാം. മനസ്സിൻ്റെ ചഞ്ചലത്വം മാറുന്നതാണ്. അന്യദേശത്തുള്ളവർക്ക് തിരികെ മടങ്ങാനാവും. സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണയുണ്ടാവും. കുടുംബത്തിൽ സമാധാനം പുലരും.

ഭരണി

വിഷുഫലം അനുകൂലമാണ്.കാര്യവിജയം, സമാധാനം എന്നിവയുണ്ടാവും. നാലിൽ ഉച്ചസ്ഥനാകുന്ന വ്യാഴം ജൂൺ പകുതിക്ക് ശേഷം ആത്മവിശ്വാസമുയർത്തും . കർമ്മരംഗത്ത് വളർച്ച, ധനസ്ഥിരത, ഗൃഹം നിർമ്മിക്കൽ/നവീകരിക്കൽ ഒക്കെ സാധ്യമാവും. ധനക്ലേശത്തിന് വിരാമമുണ്ടായേക്കും. നിക്ഷേപങ്ങൾ ഉണ്ടാകും ഏഴരശ്ശനിക്കാലമാകയാൽ മനസ്സിൻ്റെ മരവിപ്പ്, വാതരോഗം, മുതിർന്നവരുമായി അനൈക്യം എന്നിവയും സാധ്യതകളാണ്. രാഹു രഹസ്യ ഇടപാടുകൾ വിജയിപ്പിക്കും. ഉപരിവിദ്യാഭ്യാസത്തിനായി അന്യദിക്കുകളിൽ പോവുന്നതാണ്.ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ചകൾ ചെയ്യുക വഴി പ്രശ്നങ്ങൾ വഷളാവാതെ നോക്കാം.

കാർത്തിക

കാർത്തിക നാളുകാർക്ക് നിലവിലെ അവസ്ഥ തുടരുന്നതാണ് ജോലിതേടുന്നവർക്ക് തക്ക അവസരം ലഭിക്കും. വിദേശപഠനത്തിന് അവസരമുണ്ടാകും. ലോൺ പ്രയോജനപ്പെടുത്തുന്നതാണ്. സ്വന്തമായി ഗൃഹം എന്ന സ്വപ്നം സാധ്യമാകും. പാരമ്പര്യ ബിസിനസ്സ് കാലോചിതമായി നവീകരിക്കാൻ സാധിക്കുന്നതാണ്. പിണക്കത്തിലായ ബന്ധം ഇണക്കത്തിലാവും. വിവാഹസ്വപ്നം സാക്ഷാത്കരിക്കും.ഉന്നതരുടെ പിന്തുണ പൊതുരംഗത്ത് ശോഭിക്കാൻ വഴിതുറക്കും. കലാപ്രവർത്തനം കൂടുതൽ സർഗാത്മകത പുലർത്തും. സഹോദരരുമായുള്ള വ്യവഹാരം രാജിയാവുന്നതാണ്. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്.

രോഹിണി

രോഹിണിയും ആദിഷഡ്കത്തിൽ വരുന്നത് നല്ലഫലങ്ങൾ ഉണ്ടാക്കും. എങ്കിലും ശനിക്ക് മാറ്റമില്ല. പുതിയ ജോലിയിലേക്ക് മാറാൻ സാധ്യതയുണ്ട്. വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ വേഗം ലഭിക്കുന്നതാണ്. കടബാധ്യത കൊടുത്തു തീർക്കുന്നതാണ്. നിരവധി സഹായഹസ്തങ്ങൾ ഉയരും. ഗൃഹനിർമ്മാണം തുടങ്ങാൻ വൈകിയേക്കാം. പ്രണയം വിവാഹത്തിലേക്ക് നയിക്കുന്നതാവും.സന്താനങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് സൽസന്താന ലബ്ധിയും ഉണ്ടാകും. സാഹസ പ്രവൃത്തികളിൽ നിന്നും വിട്ടു നിൽക്കണം.

മകയിരം

സമ്മിശ്രഫലങ്ങളാവും മകയിരത്തിന്. തൊഴിൽ തേടുന്നവർക്ക് അർഹതയുള്ള പദവി കൈവരും. നിലവിലെ ജോലി ഉപേക്ഷിച്ചാൽ പുതുജോലി ലഭിക്കാൻ കുറച്ചുദിവസം കാത്തിരിക്കേണ്ടി വന്നേക്കും. ഭൂമിയിൽ നിന്നും ആദായം ഉണ്ടാവും. വസ്തുവിൽപ്പനയിലെ തടസ്സങ്ങളകലും. അന്യദേശത്തു കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാവും. ചെറുകിട സംരംഭങ്ങൾ തുടങ്ങാനും, തുടങ്ങിയവ വിജയിപ്പിക്കാനും കഴിഞ്ഞേക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. ഇരുസ്ഥലങ്ങളിൽ ജോലിചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം കിട്ടുന്നതാണ്. കെട്ടിട നിർമ്മാണത്തിന് വായ്പ ലഭിക്കാം. സർക്കാർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാവും. ഭാവിയിൽ പ്രയോജനം ചെയ്യുന്ന തരത്തിലുള്ള നിക്ഷേപങ്ങൾ സാധ്യമാവും.

തിരുവാതിര

കണ്ടകശനി തുടരുന്നു, രാഹു 9 ലും കേതു രണ്ടിലും സഞ്ചരിക്കുന്നുണ്ട്. ജൂൺ മാസത്തിലെ വ്യാഴമാറ്റമാണ് പ്രധാനം. വിദ്യാഭ്യാസത്തിൽ ശോഭിക്കും. അർഹതയുള്ള ജോലിയിൽ പ്രവേശിക്കാനാവും. അവിവാഹിതർക്ക് വിവാഹം സിദ്ധിക്കുന്നതാണ്. സ്വന്തം തൊഴിലിൽ അല്പം മങ്ങൽ വരാം. സഹപ്രവർത്തകരുടെ പിന്തുണ കിട്ടിയേക്കില്ല. ദൗത്യങ്ങൾ നീട്ടിവെക്കുന്ന പ്രവണത ദോഷം ചെയ്യാം. പൈതൃകസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ കരുതൽ വേണം. അന്യദേശത്ത് തുടരുന്നവർക്ക് അവിടെ ജോലിയിൽ മുന്നേറ്റമുണ്ടാവും. ഗൃഹനിർമ്മാണത്തിനോ വീടുവാങ്ങിക്കാനോ സാധ്യതയുണ്ട്.

പുണർതം

ശുഭാപ്തി വിശ്വാസത്തോടെയുള്ള നീക്കം തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും
തൊഴിൽ കുഴപ്പങ്ങൾ പരിഹരിക്കും. ആശിച്ച ജോലിയിൽ പ്രവേശിക്കും. പദവിയിൽ ഉയർച്ച/ വേതന വർദ്ധന ഉണ്ടാവും.പഠന തടസ്സം നീങ്ങി ഉയർന്ന ബിരുദം നേടാനാവും. ദാമ്പത്യപ്രവേശം സാധ്യമാവുന്നതാണ്. കലാരംഗം പുഷ്ടിപ്പെടും. സ്വന്തമായി ഭവനമുണ്ടാവും. സന്താന രഹിതർക്ക് തൽസംബന്ധമായ ശുഭകാര്യം ഭവിക്കുന്നതാണ്. നിക്ഷേപങ്ങൾ സാധ്യമാവും. കണ്ടകശനിയുള്ളതിനാൽ കരുതൽ വേണ്ടതുണ്ട്. ഭൗതികതക്കൊപ്പം ആത്മീയ കാര്യങ്ങളിലും വളർച്ചയുണ്ടാവും.സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയുന്ന അവസരങ്ങൾ കൈവിടരുത്.

പൂയം

പുതിയ കാര്യങ്ങൾ തുടങ്ങുന്നതും വലിയ തോതിൽ പണം മുടക്കുന്നതും കരുതലോടെ വേണ്ടതുണ്ട്. പരിശ്രമങ്ങൾ ആവർത്തിക്കുമ്പോൾ മാത്രമാണ് ലക്ഷ്യത്തിലെത്താൻ കഴിയുന്നത്. സഹകരണം അകത്തും പുറത്തും കുറയും. സഹിഷ്ണുത കൊണ്ട് കാര്യസാധ്യം ഭവിക്കും. വിദേശത്ത് പോകാൻ കഴിയുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് സ്ഥലം മാറ്റാൻ കിട്ടാൻ രാഷ്ട്രീയ ശുപാർശ ആവശ്യമായേക്കും. ഏജൻസി, കമ്മീഷൻ വ്യാപാരം, കരാർ പണികൾ ഇവ ധനലാഭമുണ്ടാക്കും. ഗൃഹനിർമ്മാണത്തിൽ ഇഴച്ചിലുണ്ടാവും. അവിവാഹിതരുടെ വിവാഹസ്വപ്നം സഫലമാവുന്നതാണ്.മുഷിഞ്ഞ് സംസാരിച്ച് സഹപ്രവർത്തകരുടെ പിന്തുണ നഷ്ടമാക്കരുത്. സംസാരത്തിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ശത്രുക്കൾ വർധിക്കും.

also read:

ആയില്യം

ജന്മരാശിയിൽ ഉച്ചവ്യാഴം സഞ്ചരിക്കുകയാൽ വിവാഹം, സന്താനപ്രാപ്തി, ഭാഗ്യപുഷ്ടി ഇവ സാധ്യതകളാണ്.
തിരിച്ചടികളെ അതിജീവിക്കാൻ ആയില്യം നാളുകാർക്ക് സാധിക്കുന്നതാണ്. അഷ്ടമരാഹു തടസ്സങ്ങളും ഒമ്പതിലെ ശനി ആലസ്യവും സൃഷ്ടിക്കുന്നതിനാൽ സമ്മർദ്ദങ്ങൾ ഒഴിഞ്ഞ നേരം കുറവായിരിക്കുകയും ചെയ്യും. പണവരവ് മോശമാവാനിടയില്ല. എന്നാൽ ചെലവിനങ്ങളും വർദ്ധിക്കും.വാഹന ഉപയോഗത്തിൽ കരുതൽ വേണം. സ്വതസ്സിദ്ധമായ കഴിവുകൾ ചിലപ്പോൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല. അധികാരമുള്ള പദവികൾ ലഭിക്കുന്നതാണ്. മാതാപിതാക്കളിൽ നിന്നും അകന്ന് വസിക്കുന്നതിന് സാധ്യതയുണ്ട്.ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ സാധിക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും മറ്റ് ചിലത് സാധിക്കും.

മകം

ഗുണദോഷ സമ്മിശ്രമാണ്. സ്വർണ ലാഭം, ബന്ധു സുഖം സാമ്പത്തികാഭിവൃദ്ധി തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. ജൂൺ മുതൽ ധനപരമായ ഇടപാടിൽ ജാഗ്രത വേണം. കലഹം, ദാമ്പത്യ ക്ലേശം തുടങ്ങിയ ദോഷാനുഭവങ്ങൾക്കും ഇടവരാം. മാനഹാനിക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. കൂടുതൽ യാത്ര ചെയ്യാൻ അവസരമുണ്ടാകും. യാത്രകൾ കരുതലോടെയാവണം സന്താനങ്ങളുടെ കാര്യത്തിൽ ചെറിയ ചെറിയ പ്രയാസങ്ങൾ ഉണ്ടാകാം. ആദായകരില്ലാത്ത കാര്യങ്ങൾക്ക് സമയവും പണവും ചെലവഴിക്കരുത്. തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുക.അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കുക. രാഷ്ടീയ – സാമൂഹ്യ കലാരംഗത്തുള്ളവർ പേരുദോഷം വരാതെ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം.

പൂരം
വിഷുഫലത്തിൽ ഗുണാനുഭവങ്ങൾ കൂടുതൽ ഭവിക്കും. പഠനം കഴിഞ്ഞവർക്ക് അന്യദേശത്താവും നല്ല അവസരങ്ങൾ ലഭിക്കുന്നത്. ഉദ്യോഗസ്ഥർക്ക് ഉയർച്ചക്ക് തടസ്സങ്ങളുണ്ടാവും. പുതുവാഹനം വാങ്ങുന്നതാണ്. ഗൃഹനിർമ്മാണം പൂർത്തിയാക്കും. ബിസിനസ്സിൽ ധനവരവ് മോശമാവില്ല. വിപണിയിൽ പിടിച്ചുനിൽക്കാൻ പരസ്യവഴികൾ തേടേണ്ടി വരുന്നതാണ്. ഭൂമി തർക്കങ്ങൾ നീളുവാനിടയുണ്ട്. ബന്ധങ്ങൾ സുദൃഡമാവാൻ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. പ്രണയം പുഷ്ടിപ്പെടാം. മക്കളുടെ ഭാവിയിലേക്ക് ഉതകുന്ന നിക്ഷേപങ്ങൾ നടത്തും. ആരോഗ്യപരിരക്ഷ അനിവാര്യം .

ഉത്രം

ഉത്രം നാളിൽ ജനിച്ചവർക്ക് വിഷുഫലം സാമാന്യേന അനുകൂലമാണ്. വ്യാഴാനുകൂല്യത്താൽ കാര്യസിദ്ധിയുണ്ടാവും. പഠനത്തിൽ ഉയർച്ച വരും. നേട്ടങ്ങൾ അധികം വിയർപ്പൊഴുക്കാതെ തന്നെ സ്വന്തമാക്കും. അധികാരികളുടെ പ്രീതി നേടുവാനാവും. നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി കൈവരുന്നതാണ്. ചെറുപ്പക്കാർ കുടുംബ ജീവിതത്തിൽ പ്രവേശിക്കും. പാരമ്പര്യസ്വത്തിൽ നിന്നും ആദായം കരഗതമാവുന്നതാണ്. കൂട്ടുകച്ചവടം തൃപ്തികരമായിരിക്കും. പ്രൊഫഷണലായി എന്തും ചെയ്യാനുള്ള വൈഭവം അംഗീകരിക്കപ്പെടും. അധികാര മത്സരങ്ങളിൽ വിജയം വരിക്കുന്നതാണ്. വാഹനം/ ഗൃഹം ഇവ നേടും. ആരോഗ്യകാര്യത്തിലും സാമ്പത്തിക വിനിമയത്തിലും ശ്രദ്ധ കുറയരുത്.

അത്തം

ജൂൺ മുതൽ കർമരംഗത്ത് ഭാഗ്യാനുഭവങ്ങൾ. സർക്കാർ ജോലിക്ക് ഭാഗ്യമുണ്ടാകും. വിവാഹകാര്യത്തിനുള്ള തടസ്സം മാറും. പുതിയ വാഹനം സ്വന്തമാക്കും. വിദേശത്ത് ഉപരിപഠനത്തിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. പുതിയ വ്യാപാര സംരംഭങ്ങൾ ആരംഭിക്കുവാനുള്ള അവസരം വന്നു ചേരും. സാമൂഹ്യ- രാഷ്ട്രീയ രംഗത്തുള്ളവർക്കും എഴുത്തുകാർക്കും കലാസാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അനുകൂല സമയം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കാതെ പരസ്പരം പറഞ്ഞ് തീർക്കണം. ദുരാരോപണത്തിന് വിധേയമായി വിഷമിക്കാനിടവരാം. ചതിപ്രയോഗത്തിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഭക്ഷ്യജന്യമായ രോഗങ്ങൾ ഒഴിവാക്കാൻ ആഹാരത്തിൽ ശ്രദ്ധ വേണം.

ചിത്തിര

ചിത്തിരക്കാർക്ക് പല പ്രയാസങ്ങളെയും
അഭിമുഖീകരിക്കേണ്ടി വരും. സ്വശക്തി ചോരുന്നതായി തോന്നുന്നതാണ്. പരാശ്രയം മനക്ലേശമുണ്ടാക്കും. വ്യാഴാനുകൂല്യം ഉള്ളതിനാൽ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോകുന്നതാണ്. തക്ക പോംവഴികൾ കൈവരും. തിടുക്കവും അനാവശ്യവുമായ മത്സരബുദ്ധിയും കാർക്കശ്യവും ഉപേക്ഷിക്കുന്നത് നന്നായിരിക്കും. വസ്തു വാങ്ങാൻ/ വിൽക്കാൻ സാധിക്കും. എന്നാൽ മോഹവില ലഭിച്ചേക്കില്ല. വ്യവഹാരങ്ങൾ തീർപ്പാകുന്നതാണ്. ഉദ്യോഗസ്ഥർക്ക് നേട്ടങ്ങൾ കുറയും. ബിസിനസ്സ് ശരാശരി നിലവാരത്തിൽ ഉയരും. അന്യദേശ പഠനം, തൊഴിൽ നേട്ടം എന്നിവയ്ക്ക് സാധ്യതയുണ്ട്.

also read:

ചോതി

ചോതിനാളുകാർക്ക്
സമ്മിശ്രഫലങ്ങളാവും ഉണ്ടാവുക .
തൊഴിൽ മേഖലയിൽ മേന്മ, ധനസ്ഥിതിയിൽ ഗുണകരമായ മാറ്റം. സന്താനം ഇല്ലാത്തവർക്ക് സൽസന്താനഭാഗ്യം, സന്താനങ്ങൾക്ക് ഐശ്വര്യം, നല്ല വിവാഹം എന്നിവയും കുടുംബ കാര്യങ്ങളിൽ സമാധാനം കൈവരിക്കുകയും വിശിഷ്ട പദവി തേടിയെത്തുകയും ചെയ്യും. ജൂൺ മുതൽ ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും തടസ്സം നേരിടാം. നന്നായി കഠിനാധ്വാനവും ഈശ്വര പ്രാർഥനയും ചെയ്യുക വഴി തടസ്സമുണ്ടായാലും ലക്ഷ്യ പ്രാപ്തി കൈവരും. ചെയ്യുന്ന പ്രവൃത്തികളിൽ അന്തസ്സും ആഭിജാത്യവും കാത്തു സൂക്ഷിക്കും. സാമൂഹ്യ രാഷ്‌ട്രീയ പ്രവർത്തകർ തിരിച്ചടികൾ കരുതിയിരിക്കുക. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നത ഉണ്ടാകാതെ ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥ പദവിക്കുള്ള തർക്കങ്ങളെ അതിജീവിക്കും.

വിശാഖം

നല്ലഫലങ്ങൾ അനുഭവത്തിൽ വരുന്ന വർഷമാവും. കടബാധ്യതകൾ ഒട്ടൊക്കെ പരിഹരിക്കാനാവും. വ്യാഴം – ശനി എന്നീ ഗ്രഹങ്ങളുടെ ഇഷ്ടഭാവസ്ഥിതിയാൽ തൊഴിൽ രംഗത്ത് മുന്നേറ്റം ഭവിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമുണ്ടാവും. മറുനാടൻ ജീവിതം തുടരാനാണ് സാധ്യത. ജോലി തേടുന്നവർ നിരാശപ്പെടില്ല. കച്ചവടത്തിൽ ലാഭം വന്നുചേരും. പുതിയ ശാഖ തുടങ്ങാനായേക്കും. സാമൂഹിക പ്രതിബദ്ധത സമാദരിക്കപ്പെടും. ഗൃഹം പുതുക്കിപ്പണിയാൻ സാധ്യതയുണ്ട്. അയൽ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതാണ്. സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്രകൾ നടന്നുകിട്ടും. മക്കളുടെ ഉന്നത വിദ്യാഭ്യാസം/ ജോലി/ വിവാഹം സ്വപ്നങ്ങളിൽ സാഫല്യം ഉണ്ടാകും.

അനിഴം

വിഷുസംക്രമത്തിൽ വ്യാഴം അഷ്ടമഭാവത്തിലാകയാൽ അടുത്ത മൂന്നു മാസം കൂടി കാര്യതടസ്സങ്ങളുണ്ടാവും. ജൂൺ പകുതി മുതൽ നേട്ടങ്ങൾ ഉണ്ടാകും .
ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്കും തൊഴിൽ തേടുന്നവർക്കും ചെറിയ പ്രതിസന്ധിക്കു ശേഷം പ്രതീക്ഷ നിറവേറും. ജൂൺ മുതൽ കർമരംഗത്ത് അഭിവൃദ്ധിയുണാകും. സാമൂഹിക- രാഷ്ട്രീയ-കലാരംഗത്തുള്ളവർക്ക് അംഗീകാരം. വിവാഹത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം. അകന്നു താമസിക്കുന്ന ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാനവസരവും ഉണ്ടാകും. വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടു കഴിയുന്നവർക്ക് കോടതി വിധി അനുകൂലം. സർക്കാർ അനുകൂല്യം ലഭിക്കാനുള്ളവർക്ക് അത് ലഭിക്കുന്നതിന് നിലനിന്നിരുന്ന തടസ്സങ്ങൾ ഒഴിവാകും. പഴയ തൊഴിൽ സ്ഥലത്ത് നിന്നും ക്ഷണം. വാഹനമിടപാടിൽ നേട്ടം. പൊതു രംഗത്ത് മറ്റുള്ളവരെ അമ്പരിപ്പിക്കുന്ന പ്രത്യേക നീക്കം നടത്തും.

തൃക്കേട്ട

പഠനനിലവാരം ഉയരും. കാലഘട്ടത്തിൽ പ്രസക്തമായ കോഴ്സുകൾക്ക് ഉപരിപഠനം സാധ്യമാവുന്നതാണ്. വിദേശ ജീവിതത്തിനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. അകന്നു താമസിക്കുന്ന ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാനവസരവും ഉണ്ടാകും .സ്വകാര്യ സ്ഥാപനത്തിൽ ജോലി തരമാവുന്നതാണ്. വിവാഹാലോചന സഫലതയിലെത്തും. വീടുപണി പൂർത്തിയാക്കും. സംഘടനകളിൽ നേതൃപദവിയിലെത്തുന്നതാണ്. പലനിലയ്ക്കും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന വർഷമായിരിക്കും. അനാവശ്യമായ ഉൽക്കണ്ഠകൾ ഒഴിവാക്കുക കരണീയം.വാഹനമിടപാടിൽ നേട്ടം. ഭവന വായ്പാ കുടിശ്ശിക അടച്ചു തീർക്കും .

മൂലം

കലാ- സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് ഉള്ളവർക്ക് ജൂൺ വരെ ഗുണാധിക്യം ഉണ്ടാവുമെങ്കിലും പിന്നീട് ശ്രദ്ധയോടെ വർത്തിക്കണം. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വീഴ്ച ഉണ്ടാവാതെ സൂക്ഷിക്കുക. വേണ്ടത്ര ആലോചന കൂടാതെ ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് ദോഷാനുഭവങ്ങൾ. തൊഴിൽ രംഗത്ത് നല്ല പുരോഗതിയുണ്ടാകുമെങ്കിലും പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ സാധ്യത. ദുഷ്‌ട ജനങ്ങളുമായുള്ള സമ്പർക്കം അപകീർത്തിക്ക് ഇടവരുത്തുമെന്നതിനാൽ ശ്രദ്ധിക്കണം. കഠിനാധ്വാനം ചെയ്താലും ഫലപ്രാപ്തിക്ക് കൂടുതൽ സമയം എടുക്കും. പിടിവാശിയും മുൻകോപവും ഉപേക്ഷിക്കണം. ധന നഷ്‌ടത്തിന് ഇടയുള്ളതിനാൽ സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.

പൂരാടം

വിഷുഫലം പൂരാടം നാളുകാർക്ക് അനുകൂലമാണ്. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല. സഹജമായ കഴിവുകൾ പ്രയോജനപ്പെടുത്താനാവും. തൊഴിലിടത്തിൽ അംഗീകാരം ലഭിക്കുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വേതനം വർദ്ധിക്കും. ചെറുകിട സംരംഭകർക്ക് വിപുലീകരണം സാധ്യമാവുന്നതാണ്. മാർക്കറ്റിംഗ് തന്ത്രങ്ങൾ ഗുണമുണ്ടാക്കും. അവിവാഹിതർക്ക് ദാമ്പത്യപ്രവേശത്തിന് വഴിതെളിയാം. ഹ്രസ്വയാത്രകൾ/വിനോദ സഞ്ചാരം മുതലായവയ്ക്ക് സാഹചര്യം ഒത്തുവരുന്നതാണ്. കുടുംബ ജീവിതം സാധാരണപോലെ തുടരും. ഗൃഹം മോടിപിടിപ്പിക്കും. ആരോഗ്യ പരിപാലനത്തിൽ ജാഗ്രത വേണം. ആഢംബരച്ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട് .

ഉത്രാടം

വിഷുഫലം സൂചിപ്പിക്കുന്നത് നല്ല അനുഭവങ്ങൾ വന്നെത്തുന്ന വർഷമാണ് മുന്നിലുള്ളതെന്നാണ്. ഗോചരവശാൽ ഫലം സമ്മിശ്രമായിരിക്കും. അതിനാൽ പരിശ്രമം തുടരുന്ന പക്ഷം വിജയം നേടാനാവും. ആലസ്യവും ഒറ്റതീരുമാനത്തിലെത്താൻ കഴിയാത്തതും പിറകോട്ടടിച്ചേക്കും. സംഘടനാ രംഗത്ത് സ്വാധീനം നേടുവാനാവും. ഉദ്യോഗാർത്ഥികൾക്ക് കർമ്മസിദ്ധി പ്രതീക്ഷിക്കാം. മേലധികാരികൾ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതാണ്. വലിയ മുതൽമുടക്കുകളിൽ കരുതൽ വേണം. പതിവ് ആരോഗ്യപരിശോധനകൾ മുടക്കരുത്. നറുക്കെടുപ്പ്, ചിട്ടി, വായ്പ ഇവയിലൂടെ ധനാഗമം വരും. പുതുവാഹനയോഗം സാധ്യതയായിപ്പറയാം. കുടുംബത്തിൽ ഐക്യം പുലരുന്നതാണ്. തെറ്റിദ്ധാരണകൾ നീങ്ങും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധ വേണം.

തിരുവോണം

ഗുണാധിക്യം പ്രതീക്ഷിക്കാം. അനുഗ്രഹീതമായ അവസ്ഥകൾ സൃഷ്ടിക്കപ്പെടും. ഊർജസ്വലത വർധിക്കും. ഔദ്യോഗിക രംഗത്ത് ഉയർന്ന സ്ഥാനമാനങ്ങൾ. ശത്രുക്കൾ കുറയും. സന്താനഭാഗ്യത്തിനും വിവാഹത്തിനും ശ്രമിക്കുന്നവർക്ക് അനുകൂല കാലം .ഗൃഹനിർമാണം നടക്കും. മുൻപ് ചെയ്ത ശുഭ കർമങ്ങളുടെ ഫല പ്രാപ്തി അനുഭവയോഗ്യമാകും. സാമൂഹ്യ–കലാ–രാഷ്ട്രീയക്കാർക്ക് സമൂഹത്തിൽ അന്തസ്സും ആദരവും വർധിക്കും. സന്താനങ്ങളുടെ ഗുണാനുഭവങ്ങളിൽ സന്തോഷിക്കാനിടവരും. ഇൻഷുറൻസ് വകയിലോ മറ്റ് ഇതര വകയിലോ പണം കിട്ടാനുള്ളവർക്ക് കിട്ടേണ്ട പണം കൈവശം വന്നു ചേരും. വിവാദ വിഷയം കെട്ടടങ്ങും. വ്യവസായ മേഖലയിൽ ശുഭകാര്യയോഗം. പുതിയ പദ്ധതിക്ക് അനുബന്ധ വകുപ്പിൽ നിന്നും അനുകൂല മറുപടി.

അവിട്ടം

അവിട്ടം നാളുകാർ വിജയിക്കാൻ കൂടുതൽ അധ്വാനിക്കേണ്ടതായി വരുന്നതാണ്. ലാഘവത്വം ഉപേക്ഷിക്കേണ്ടതുണ്ട്. സുലഭവസ്തുക്കൾ ദുർലഭങ്ങളാവാം. സുഹൃത്തുക്കളോ ബന്ധുക്കളോ തെറ്റിദ്ധാരണയാൽ ശത്രുപക്ഷം ചേരാനിടയുണ്ട്. ധനാഗമം മന്ദഗതിയിലാവും. അന്യദേശത്ത് പഠനം/ തൊഴിൽ ഫലവത്താകുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ കുറയില്ല. വർഷത്തിൻ്റെ പകുതിക്കുശേഷം സൽഫലങ്ങൾ വർദ്ധിക്കും. സമയോചിതമായി പ്രവർത്തിക്കാനും നേട്ടങ്ങളുണ്ടാക്കാനുമാവും.

ചതയം

ഉയർന്ന അധികാര പദവിയോ സ്ഥാനമാനങ്ങളോ ലഭിക്കും. കലാ സാഹിത്യ രംഗങ്ങളിലുള്ളവർക്ക് കഴിവ് തെളിയിക്കാനവസരം.  പുതിയ ഭവനത്തിന്റെ നിർമാണം. കുടുംബാംഗങ്ങൾക്ക് സൗഖ്യം എന്നിവയുണ്ടാകാം. ജൂൺ മുതൽ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം. പണച്ചെലവുകൾ വർധിക്കും. ഉത്തരവാദിത്വമുള്ള സ്ഥാനമാനങ്ങൾ ലഭിക്കാനിടയാകും. കലഹപ്രിയ പ്രവണതകൾ ദോഷം ചെയ്യാതെ ശ്രദ്ധിക്കണം. രാഷ്‌ട്രീയ രംഗത്തുള്ളവർക്ക് പൊതുജന പിന്തുണ കുറയും. ചില സുഹൃത്തുക്കളിൽ നിന്നും ബന്ധു ജനങ്ങളിൽ നിന്നും മെച്ചപ്പെട്ട സഹകരണവും നേട്ടവും പ്രതീക്ഷിക്കാം എന്നാൽ മറ്റു ചില ബന്ധുക്കളോട് കലഹിക്കാൻ ഇടവരും. ക്ഷിപ്രകോപം പരമാവധി ഒഴിവാക്കണം. ചില ദുർവ്യയങ്ങളിലൂടെ സാമ്പത്തിക വിഷമങ്ങൾക്കിടവരും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു ചെയ്യുക.

പൂരുരുട്ടാതി

സമ്മിശ്രഫലങ്ങൾ പ്രതീക്ഷിച്ചാൽ മതിയാകും. അദ്ധ്വാനം വിലമതിക്കപ്പെടുകയില്ല. ആഗ്രഹങ്ങളിൽ ചിലത് അതിപ്രയത്നത്തിലൂടെ നേടിയെടുക്കാം.രോഗികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ധനവരവ് മോശമാവില്ല. പാരമ്പര്യമായ തൊഴിലുകളിലും ഏജൻസി ഏർപ്പാടുകളിലും വിജയിക്കുന്നതാണ്. ചെലവുചെയ്യുന്നതിൽ മിതത്വം ശീലമാക്കണം. ദാമ്പത്യത്തിൽ സ്വൈരത കുറഞ്ഞും കൂടിയുമിരിക്കും പാർപ്പിടം വാങ്ങാനാവും. കടബാധ്യതകൾ അധികരിക്കാതിരിക്കാൻ കരുതൽ വേണം .

ഉത്രട്ടാതി

ഇതുവരെ ഉണ്ടായിരുന്ന വിഷമാവസ്ഥക്ക് മോചനം കിട്ടും. ജോലിയിൽ അസൂയാവഹമായ പുരോഗതി നേടും. ജീവിതത്തിൽ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാവും. സന്താനങ്ങൾക്ക് ഉന്നതി. സന്താനങ്ങൾ ഇല്ലാത്തവർക്ക് സൽസന്താന ഭാഗ്യം. വിവാഹം നടക്കും. പ്രണയം പൂവണിയും. നടക്കുവാൻ സാധ്യത ഇല്ലെന്ന് കരുതിയ പല കാര്യങ്ങളിലും ക്ഷിപ്ര വിജയം കൈവരിക്കാനുതകുന്ന സന്ദർഭം വന്നു ചേരും. സാമ്പത്തിക പരാധീനങ്ങളിൽ നിന്നും മുക്തി നേടും. വിദ്യാർഥികൾക്ക് വിദ്യാപുരോഗതിയും പണ്ഡിതൻമാർ, വിവിധ സേനാംഗങ്ങൾ, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് ഉയർന്ന സ്ഥാനമാനങ്ങളും കീർത്തിയും ലഭിക്കും. പ്രിയപ്പെട്ടവരുടെ സാമീപ്യം സന്തോഷം നൽകും. ബിസിനസിൽ ലാഭം കൂടും. വ്യാപാര തടസ്സങ്ങൾ മാറും. വിലപിടിപ്പുള്ള രേഖകൾ ആഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധവേണം. അനാവശ്യ യാത്രകൾ കുറയ്ക്കണം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയേക്കാം.

രേവതി

ജന്മശനിക്കാലമാണ്. രാഹു പന്ത്രണ്ടിലുണ്ട്. സമ്മർദ്ദങ്ങൾ തുടർക്കഥകളാവും. ദിക്കും പക്കുമറിയാതെ വട്ടം ചുറ്റുന്ന സ്ഥിതിയാണ്. സാമ്പത്തികം, തൊഴിൽ, ദാമ്പത്യം തുടങ്ങിയവയിൽ പ്രശ്നങ്ങൾ അലട്ടുന്നുണ്ടാവും. എന്നാൽ വിഷുഫലം സൂചിപ്പിക്കുന്നത് സമാശ്വാസകാലം എത്തിയെന്നാണ്. കൂരിരുട്ടിലും സ്ഫുടതാരകളുണ്ടാവും. കരുതിയ കാര്യങ്ങളുമായി മുന്നോട്ടുപോകാൻ സാധിച്ചേക്കും. ചെറിയ സംരംഭങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിക്കാൻ കഴിഞ്ഞേക്കും. കരാർ പണികൾ ആദായമാർഗമാക്കാം. വലിയ സ്വപ്നങ്ങളെക്കാൾ ചെറിയ ചുവടുവെയ്പുകളാവും ഇപ്പോൾ ജീവിതത്തെ സാർത്ഥകമാക്കുക.പ്രിയപ്പെട്ടവരുടെ സാമീപ്യം സന്തോഷം നൽകും. കളത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറും.പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.
.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here