Home News Breaking News വോട്ടിന് പണം നല്‍കിയെന്ന ആരോപണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ,ശോഭാ സുരേന്ദ്രന്‍

വോട്ടിന് പണം നല്‍കിയെന്ന ആരോപണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ,ശോഭാ സുരേന്ദ്രന്‍

Advertisement

പാലക്കാട്: വോട്ടിന് പണം നല്‍കിയെന്ന ആരോപണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണന്നും താന്‍ വോട്ടിന് പണം നല്‍കുന്നയാളാണെന്ന് ബോധപൂര്‍വം ചിത്രീകരിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പണം നല്‍കുന്ന ദൃശ്യങ്ങളിലുള്ള സ്ത്രീയെ അറിയില്ലെന്നും അവര്‍ തന്റെ കാറില്‍ കയറിയിട്ടില്ലെന്നും ആ സ്ത്രീയെ ഇറക്കിയത് കോണ്‍ഗ്രസുകാര്‍ തന്നെയെന്നും ശോഭാ സുരന്ദ്രന്‍ പറഞ്ഞു

പാലക്കാട് ജില്ലയില്‍ കണ്ണാടിയിലെ വോട്ടര്‍മാര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. വയോധികയെ മാറ്റി നിര്‍ത്തി കയ്യില്‍ പണം വച്ചുകൊടുക്കുന്നതും പിന്നാലെ തിരിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ ശോഭാ സുരേന്ദ്രനും ദൃശ്യങ്ങള്‍ പകര്‍ത്തിയ യുഡിഎഫ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകുന്നതും വിഡിയോയിലുണ്ട്. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നതും ക്ഷോഭിക്കുന്നതുമാണ് വിഡിയോയിലുള്ളത്. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയവരോട് ശോഭ പറയുന്നു. ഫോണ്‍ തട്ടിപ്പറിക്കാന്‍ ശോഭ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി ശോഭ മാധ്യമങ്ങളെ കണ്ടത്.

എന്നാല്‍ പണം നല്‍കിയ സ്ത്രീയെ അറിയില്ലെന്ന് സംഭവത്തിന് പിന്നാലെ ശോഭ സുരേന്ദ്രന്‍ പറഞ്ഞു.’എന്തിനാണ് ആ കാര്‍ ശോഭാ സുരേന്ദ്രനെ ഇന്നത്തേ ദിവസം പിന്തുടര്‍ന്നത്. ഇന്ന് പാലക്കാട്ടെ ജില്ല കലക്ടറുമായി സംസാരിച്ചിരുന്നു. ജില്ല കലക്ടര്‍ പറഞ്ഞത് ഇന്നലെ തന്നെ ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി പരാതി ലഭിച്ചിട്ടുണ്ടെന്നാണ്. അതില്‍ നിന്ന് മനസിലാകുന്നത് ആദ്യം പരാതി തയ്യാറാക്കി കലക്ടര്‍ക്ക് കൊടുത്തു. അതിന് പിന്നാലെ ഫ്‌ളയിങ് സ്്ക്വാഡിനെ ഉണ്ടാക്കി. പിന്നെ ഒരുകഥ തയ്യാറാക്കുകയായിരുന്നു. ആ കാറിലെ ചെറുപ്പക്കാര്‍ സ്വന്തം അമ്മയുടെ പ്രായമുള്ള എന്നെ നോക്കി ലൈംഗികചുവയോടെയുള്ള പ്രവൃത്തി കാണിച്ചത്. അങ്ങനെയാണ് താന്‍ അവന്റെ അരികില്‍ വന്നത്. ഇന്നലെ രാത്രി എന്റെ വീടിന് മുന്നില്‍ അവന്‍ എന്തിനാണ് വന്നത്. ആരാണ് കൂടെയുണ്ടായിരുന്നത്?’ – ശോഭ സുരേന്ദ്രന്‍ ചോദിച്ചു.

പണം നല്‍കിയെന്ന പറയുന്ന സ്ത്രീ എന്റെ കാറില്‍ ഇരിക്കുന്നതില്‍ മാത്രം മുഖം ഇല്ല. അമ്മയുടെ അരികിലേക്ക് നടന്ന പോകുന്നതില്‍ മുഖം ഉണ്ട്. വെള്ള ചുരിദാര്‍ ഇട്ട ഒരു സ്ത്രീ തന്റെ കാറില്‍ ഇല്ലെന്നും ആസൂത്രിതമായി നാടകം കേരളത്തിന് മുന്നില്‍ എത്തിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പരിശ്രമിച്ചു എന്നുള്ളതില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ കാറില്‍ താനും പ്രമിള എന്ന ചേച്ചിയും അല്ലാതെ മറ്റാരുമില്ലായിരുന്നുവെന്നും ദൃശ്യങ്ങളിലുള്ള വെളുത്ത ചുരിദാര്‍ ധരിച്ച സ്ത്രീ ആരുടെ കൂടെയെത്തിയതാണെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തന്റെ കാറില്‍ ഇല്ലാത്ത ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ എങ്ങനെയാണ് ഒരു ചാനലിന് മാത്രം തത്സമയം ലഭിച്ചതെന്നും ആ സ്ത്രീയുടെ മുഖം വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും അവര്‍ വെല്ലുവിളിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയുടെ കഥ കിട്ടിയിട്ട് മിണ്ടാതിരുന്നത് എനിക്ക് ആ പണിയില്ലാത്തതുകൊണ്ടാണ്. എന്ത് സംഭവിച്ചാലും രാഷ്ട്രീയം പറഞ്ഞുകൊണ്ടും വികസനം പറഞ്ഞുകൊണ്ടും മാത്രമേ വോട്ട് ചോദിക്കൂ എന്ന് താന്‍ തീരുമാനിച്ചിരുന്നു. പത്താം തീയതി കഴിഞ്ഞാല്‍ ശോഭാ സുരേന്ദ്രന്റെ ഒറിജനല്‍ കളി കാണാം. പിഷാരടിക്കെതിരെ എറണാകുളത്ത് നിന്ന് വന്ന് ഒരാള്‍ കണ്ടുപോയെന്നും യുഡിഎഫ് സ്ഥാനാര്‍ഥി പിഡനക്കേസില്‍ പെട്ടിട്ടുണ്ടോയെന്നത് പത്താം തീയതി കഴിഞ്ഞിട്ട് പറയാമെന്നും ശോഭ പറഞ്ഞു. പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് തണലായി നില്‍ക്കുന്ന സ്ത്രീയായതുകൊണ്ടാണ് അവര്‍ തന്നെ വന്നുകണ്ട് പോയതെന്നും ശോഭ പറഞ്ഞു.

പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ ഒരു ക്യാന്‍സര്‍ രോഗിയെയും കുടുംബത്തെയും കാണാന്‍ പോയതിനെയാണ് പണം നല്‍കാനായി എത്തിയതെന്ന രീതിയില്‍ ചിലര്‍ വളച്ചൊടിച്ചത്. തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിജയം ഉറപ്പായപ്പോള്‍ അത് സഹിക്കാന്‍ കഴിയാത്തവരാണ് ഇത്തരമൊരു വിവാദം സൃഷ്ടിച്ചതെന്നും പത്താമത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്ന തനിക്ക് ചട്ടങ്ങള്‍ കൃത്യമായി അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ 35,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ശോഭ പറഞ്ഞു. പണം സ്വീകരിച്ചു എന്ന് ആരോപിക്കപ്പെട്ട വീട്ടമ്മ തന്നെ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ എതിരാളികളുടെ കഥ പൊളിഞ്ഞുവെന്ന് ശോഭ അവകാശപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ആ പാവപ്പെട്ട കുടുംബത്തെയും അമ്മയെയും സമ്മര്‍ദ്ദത്തിലാക്കാനാണ് കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റുകാരും ശ്രമിച്ചതെന്നും അവര്‍ ആരോപിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here