യുവനടിയുടെ പരാതിയിലെ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഇടക്കാല ജാമ്യമില്ല. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലും ഇടക്കാല ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ആവശ്യം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചില്ല.
രഞ്ജിത്ത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും ജയിലിൽ കഴിയുന്ന ഒരാൾക്ക് വോട്ട് ചെയ്യാനുള്ള അവകാശമില്ലെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ മറ്റന്നാൾ കോടതി വിധി പറയും. യുവ നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചതിന്റെ വൈരാഗ്യത്തിലാണ് ലൈംഗിക അതിക്രമ പരാതിയെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം.
സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു. എറണാകുളം സബ്ജയിലിലാണ് രഞ്ജിത്ത് ഉള്ളത്.































