Home News Breaking News ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മടങ്ങിവരവിൽ ദുരൂഹതയാരോപിച്ച് കര്‍ണാടക ബിജെപി,അന്വേഷണം വേണം

ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മടങ്ങിവരവിൽ ദുരൂഹതയാരോപിച്ച് കര്‍ണാടക ബിജെപി,അന്വേഷണം വേണം

Advertisement

കുടക് : കർണാടകയിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മടങ്ങിവരവിൽ ദുരൂഹതയാരോപിച്ച് കര്‍ണാടക ബിജെപി. നാലുദിവസം നിബിഢവനത്തിൽ കുടുങ്ങിയശേഷം ആരോഗ്യവതിയായി തിരിച്ചെത്തിയ കഥയിൽ സംശയങ്ങൾ നിലനിൽക്കുന്നതായി ബിജെപി കുടക് ജില്ലാ കമ്മിറ്റി പരാതി നൽകി. ശരണ്യ ജനങ്ങളെ കബളിപ്പിക്കുകയും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയുമാണ് ചെയ്തതെന്ന് മടിക്കേരിയിലെ നാപോക്ലു പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയായ ജി എസ് ശരണ്യ ഏപ്രിൽ 2നാണ് കുടകിലെ തടിയന്‍ഡമോളിലേക്ക് ട്രക്കിങ് ആരംഭിച്ചത്. എന്നാൽ മടങ്ങിവരുമ്പോൾ വഴിതെറ്റി കാട്ടിൽ അകപ്പെടുകയായിരുന്നു. 12 പേരടങ്ങുന്ന ഗ്രൂപ്പിനെ കണ്ടെത്താനുള്ള ശ്രമത്തിൽ നിബിഢവനത്തിനുള്ളിലേക്ക് കയറിപ്പോയ ശരണ്യ നാലുദിവസം അവിടെ കുടുങ്ങിപ്പോയി.

തൊട്ടടുത്ത അരുവിയിൽ നിന്നും ശേഖരിച്ച വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചതെന്നും രക്ഷാപ്രവർത്തനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് അവർ പ്രതികരിച്ചു. എന്നാൽ നാലു ദിവസം വെള്ളം മാത്രം കുടിച്ചു ജീവിച്ചെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും, അതിന്റെ യാതൊരു ക്ഷീണവും ശരണ്യയിൽ കാണുന്നില്ലെന്നും ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു.

സാമൂഹ്യമാധ്യമങ്ങളിലെ വിമർശനങ്ങൾ കണക്കിലെടുക്കണമെന്നും ശരണ്യക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നറിയാൻ അന്വേഷണം വേണമെന്നും ബിജെപി നേതാക്കൾ നൽകിയ പരാതിയിലുണ്ട്. നാലുദിവസം വെള്ളം കുടിച്ചു മാത്രം ജീവിക്കാനാവില്ലെന്നും വന്യജീവികളുള്ള കാട്ടിൽ രാത്രികാലങ്ങളിൽ ഒറ്റക്ക് കഴിയാനാവില്ലെന്നും ശരണ്യക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പറയുന്നു.

എന്നാൽ ശരണ്യയുടെ മടങ്ങിവരവിൽ സംശയിക്കത്തക്കതായ യാതൊന്നും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമാണെന്നും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വിമർശനങ്ങൾ കണക്കിലെടുത്ത് അന്വേഷണമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ശരണ്യ കുടുങ്ങിപ്പോയ സംഭവത്തെത്തുടർന്ന് ഏപ്രിൽ 11 വരെ തടിയന്‍ഡമോളിൽ ട്രക്കിങ് വിലക്കിയിട്ടുണ്ട്. ട്രക്കിങ് പാതകളിൽ അടയാളങ്ങൾ സ്ഥാപിക്കാനും സുരക്ഷാപ്രോട്ടോകോളുകൾ പരിഷ്കരിക്കാനും തീരുമാനിച്ചതായി മടിക്കേരി ഡിസിഎഫ് അഭിഷേക് പറഞ്ഞു. സമീപത്തുള്ള മറ്റു പ്രധാന ട്രാക്കിങ് പാതകളിലും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പാടുചെയ്യുന്നതിനും തീരുമാനമായിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here