Home News Breaking News പോളിങ് സ്റ്റേഷൻ നമ്പർ 171 ഇനിയിത് കുന്നത്തൂരിന്റെ കൗതുകബൂത്ത്‌

പോളിങ് സ്റ്റേഷൻ നമ്പർ 171 ഇനിയിത് കുന്നത്തൂരിന്റെ കൗതുകബൂത്ത്‌

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ അസംബ്ലി മണ്ഡലത്തിൽ ആകെയുള്ളത്‌ 227 പോളിങ് സ്റ്റേഷനുകൾ. ഇതിൽ മൺറോത്തുരുത്ത് പഞ്ചായത്തിൽ പെരുങ്ങാലം ദ്വീപിലെ കുന്നിൻ മുകളിലുള്ള ഗവ. ഹയർ സെക്കൻ ഡറി സ്കൂളിലെ 171ാം നമ്പർ ബൂത്ത്, കുന്നിറങ്ങി കായലും പുഴയും കടന്ന് ആദ്യമായി സ്വന്തം വാർഡിലേക്ക് മാറുകയാണ് .കല്ലടയാറും അഷ്ടമുടി കായലും ചേർന്ന് മൂന്ന് കരകളിലാക്കിയ മൺ റോത്തുരുത്തിലെ കിടപ്രം ഒന്നാം വാർഡിൽ വരികയാണ് ആ പോളിങ് സ്റ്റേഷൻ.പെരുങ്ങാലം വാർഡിനുള്ള 172ാം നമ്പർ ബൂത്ത്‌, സ്കൂളിൽ തന്നെ തുടരും.

മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷന്റെ വടക്കേയറ്റം ചേർന്ന്,കൊച്ചുമാട്ടേൽ, പുളിമൂട്ടിൽ തോടുകൾക്ക് ഇടയിലുള്ള പ്രദേശം, കല്ലടയാറിന് വടക്കേ കരയിൽ പടി. കല്ലടയിലെ കണ്ണങ്കാട് മുതൽ വെട്ടിയതോട് വരെ റെയിൽവേ ലൈനിന് പടിഞ്ഞാറ് വശം ചേർന്നുള്ള മലയിൽപ്പുറം, കല്ലടയാറ് അഷ്ടമുടികായലിൽ ചെന്ന് ചേരുന്ന തേവലക്കരയിലെ അരിനല്ലൂർ കടവിനോട് ചേർന്നുള്ള പള്ളിക്കടവ്, മുട്ടം തീരപ്രദേശങ്ങൾ എന്നിവ ചേർന്നതാണ് ഈ വാർഡ്. വടക്കേകരയിൽ 500 ൽപ്പരവും തെക്കേകരയിൽ 200 ഓളവും ബാക്കി അരിനല്ലൂർ പ്രദേശത്തുമായി മൊത്തം 756 വോട്ട്.

ഇതുവരെയും ഈ വാർഡിലെ മൂന്ന് കരകളിൽ നിന്നുമുള്ള വോട്ടർമാർ നാടൻ വഞ്ചിയിലും എഞ്ചിൻ ബോട്ടിലുമായാണ്, പെരുങ്ങാലം സ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്തിരുന്നത്. കുന്നിൻ മുകളിലെ സ്കൂളിലേയ്ക്കുള്ള കയറ്റം ഭയന്ന് പ്രായമുള്ളവരും രോഗികളും വോട്ട് ചെയ്യാൻ പോകുമായിരുന്നില്ല. മൺറോത്തുരുത്ത്, കുണ്ടറ മണ്ഡലത്തിന്റെ ഭാഗമായിരുന്നപ്പോൾ ഇത് 149ാം നമ്പർ ബൂത്തായിരുന്നു.രാഷ്ട്രീയ
കക്ഷികളും ജനപ്രതിനിധികളും പല പ്രാവശ്യം,വോട്ട് ചെയ്യാനുള്ള ദുഷ്ക്കരയാത്ര അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും, ഇപ്പോൾ മാത്രമാണ് ആ ബുദ്ധിമുട്ടിനു പരിഹാരമായത്.

വാർഡിലെ മൂന്നു കരക്കാരും വോട്ട് ചെയ്യാൻ മറ്റൊരു ദ്വീപിൽ പോകുന്നത് മാറി, ഇനി ഒരു കരയിലുള്ളവർ കല്ലട ആറ് കടന്നും, അടുത്ത കരയിലെ ആളുകൾ അഷ്ടമുടി കായൽ കടന്നും സ്വന്തം വാർഡിൽ വോട്ട് ചെയ്യും.മുമ്പത്തെ അപേക്ഷിച്ച്,ഈ മാറ്റം പ്രായമായ വോട്ടർമാർക്ക് പൊതുവെ ആശ്വാസകരമാണ്.

വാർഡിലെ തന്നെ പ്രധാന കരയായ മലയിൽപ്പുറത്ത്,മതിയായ സൗകര്യത്തോടെ നിർമിച്ച 75ാം നമ്പർ അംഗൻവാടി കെട്ടിട്ടമാണ് പോളിങ് സ്റ്റേഷനായി മാറ്റി നിശ്ചയിച്ചിട്ടുള്ളത്. 500 മീറ്റർ മാത്രം അകലെയുള്ള പടി. കല്ലട കോതപുരം ഗവ. എൽ. പി സ്കൂളും ഇതിനായി പരിഗണിച്ചിരുന്നു. അവിടെ 156ാം നമ്പർ ബൂത്തുള്ളതു കൊണ്ട് കൂടുതൽ തിരക്ക് വേണ്ടെന്നു അധികൃതർ തീരുമാനിക്കുകയായിരുന്നു . മാത്രമല്ല, താലൂക്ക് തലത്തിലാണ് പോളിങ് സ്റ്റേഷൻ ക്രമീകരണമെന്നതിനാൽ, ഒരേ സ്കൂളിൽ തന്നെ രണ്ടു താലൂക്ക് പരിധിയിലുള്ള ബൂത്തുകൾ സജ്ജമാക്കുന്ന സങ്കീർണത ഒഴിവാക്കാനുമായി. ഒരേ മണ്ഡലമാണെങ്കിലും, മൺറോ ത്തുരുത്ത് കൊല്ലം താലൂക്കിലും പടി. കല്ലട കുന്നത്തൂർ താലൂക്കിലുമാണ്.

ഇതു പോലെയുള്ള കൗതുകകാഴ്ചകൾ മണ്ഡലത്തിൽ ഇനിയുമുണ്ട്. മൺറോത്തു രുത്തിന്റെ തെക്കേയറ്റമുള്ള പേഴുംതുരുത്ത് വാർഡിൽ പെരുമൺ പാലത്തിന്റെ പടിഞ്ഞാറ് വശം ചേർന്നുള്ള തീരദേശം, തൃക്കരുവ പഞ്ചായത്ത് പ്രദേശമായതിനാൽ അവി ടെയുള്ളവർ, കായൽ കടന്ന് അഷ്ടമുടി ഗവ. ഹൈസ്കൂളിലെത്തി കൊല്ലം മണ്ഡലത്തിലേയ്ക്കാണ് വോട്ട് ചെയ്യുന്നത്.കിഴക്കേ കല്ലട യിലുമുണ്ട്, സമാനചിത്രം. ഓണമ്പലം മുതൽ മണക്കടവ് വരെ കാഞ്ഞിരകോട് കയലോരം ചേർന്നുള്ള തീരദേശം, പേരയം പഞ്ചായത്തിലായതുകൊണ്ട്, അവിടെയുള്ള വോട്ടർമാർ പട പ്പക്കര സെന്റ് ജോസഫ് ഹൈ സ്കൂളിലെ ബൂത്തിലെത്തി,കുണ്ടറ മണ്ഡലത്തിലേക്ക് വോട്ട് ചെയ്യുന്നു. വളരെ മുമ്പ്, ചെറുവഞ്ചികളിൽ കായൽ കടന്നാണ് പോയതെങ്കിൽ, ഇന്നെല്ലാവരും റോഡ്‌ മാർഗമായി വോട്ട് യാത്ര.

മൺറോത്തുരുത്തിലേക്കുള്ള പ്രവേശനകവാടമായ ഇടിയക്കടവ് പാലം കയറും മുമ്പ്, കിഴക്കേ കല്ലടയോട് ചേർന്നും മൺറോത്തു രുത്തിൽ പെടുന്ന മുതിരപ്പറമ്പ് ചാലപ്പുറം തുടങ്ങിയ പ്രദേശങ്ങളുണ്ട്. അവിടെയുള്ള 200ഓളം വോട്ടർമാർ,പാലം കയറി വില്ലിമംഗലം ബഥേൽ എൽ. പി സ്കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് ചെയ്യുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here