ആറന്മുള: ഹീനവും ക്രൂരവുമായ ആക്രമണമാണ് സൈബർ ഇടങ്ങളിൽ നടക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്. ലൈംഗിക ചുവ കലർന്നതും അപമാനിക്കുന്നതുമായ തരത്തിലുള്ള കമന്റുകളാണ് തന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് കീഴെ വരുന്നത്. ഒരു വ്യക്തിക്കെതിരെയും ഇത്തരം അതിക്രമം ഉണ്ടാകാൻ പാടില്ലാത്തതാണ്. പാർട്ടിയുടെ തീരുമാന പ്രകാരം പരാതി നൽകിയിട്ടുണ്ട്. ചീഫ് ഇലക്ട്രൽ ഏജന്റായ ഓമല്ലൂർ ശങ്കരൻ ജില്ലാ കലക്ട്രർക്കും സ്റ്റേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോൾ തന്നെ പോസ്റ്റുകൾക്ക് താഴെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എല്ലാ സീമകളും ലംഘിച്ചാണ് പിന്നീടുള്ള ദിവസങ്ങളിൽ കമന്റുകൾ വന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായാണ് പരാതി നൽകിയതെന്നും വീണാ ജോർജ് പറഞ്ഞു.
വീണാ ജോർജിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ രീതിയിൽ പ്രചരണം നടക്കുന്നുവെന്ന് കാണിച്ചാണ് എൽ.ഡി.എഫ് പരാതി നൽകിയിരിക്കുന്നത്. സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. പൊതുസമൂഹത്തിന് മുന്നിലുള്ള പ്രതിച്ഛായ തകർക്കുക, വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ സംഘടിത ആക്രമണം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും സൈബർ നിയമങ്ങൾ പ്രകാരവും കുറ്റകരമാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.




































