തളിപ്പറമ്പ് മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്നും കള്ളവോട്ട് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പിന്തുണങ്ങുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ.. മണ്ഡലത്തിലെ വോട്ടർ പട്ടികയിലുള്ള മരിച്ചവർ, സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ എന്നിവരുടെ പ്രത്യേക പട്ടിക തയ്യാറാക്കി പ്രിസൈഡിംഗ് ഓഫീസർമാർക്കും സ്ഥാനാർത്ഥികൾക്കും നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ആന്തൂർ നഗരസഭയുൾപ്പെടെയുള്ള ഇടത് കേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടെന്നും, ഇത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ എ.ഡി.എസ് പട്ടിക ബൂത്തുകളിൽ ലഭ്യമാക്കണമെന്നുമാണ് പ്രധാന ആവശ്യം. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും






























